കെപിസിസി അധ്യക്ഷ പദവി ; കോണ്‍ഗ്രസ് എംഎല്‍എമാരുടെ അഭിപ്രായം തേടും

INDIA/

കെപിസിസി അധ്യക്ഷന്റെ കാര്യത്തില്‍ എംഎല്‍എമാരുടെ അഭിപ്രായം തേടും. കോണ്‍ഗ്രസ് എംഎല്‍എമാരുമായി അശോക് ചവാന്‍ സമിതിയുടെ കൂടിക്കാഴ്ച ഇന്ന് മുതല്‍ നടക്കും . രാത്രിയില്‍ ഓണ്‍ലൈന്‍ ചര്‍ച്ചയ്ക്ക് തയാറാകണമെന്നാണ് നിര്‍ദേശം. ചവാന്‍ സമിതി റിപ്പോര്‍ട്ട് ലഭിച്ച ശേഷം കെപിസിസി അധ്യക്ഷനെ നിയമിച്ചേക്കും. തെരഞ്ഞെടുപ്പ് തോല്‍വി സംബന്ധിച്ച റിപ്പോര്‍ട്ട് ജൂണ്‍ ഒന്നിന് ഹൈക്കമാന്‍ഡിന് സമര്‍പ്പിക്കും. തുടര്‍ന്നുള്ള ദിവസങ്ങളില്‍ രാഷ്ട്രീയകാര്യ സമിതി അംഗങ്ങളുമായുള്ള കൂടിക്കാഴ്ചയുണ്ടാകും.

അതേസമയം മുതിര്‍ന്ന നേതാക്കളാണ് ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും കെപിസിസി അധ്യക്ഷ സ്ഥാനത്തേക്കുള്ള പേര് നിര്‍ദേശിക്കില്ല. ഇരുവരും ഹൈക്കമാന്‍ഡ് തീരുമാനിക്കട്ടെയന്ന നിലപാടിലാണ്. അതിനിടെ ഹൈക്കമാന്‍ഡ് തീരുമാനം വൈകരുതെന്ന് നിലവിലെ കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. നിലവിലെ അവസ്ഥയില്‍ താന്‍ പാര്‍ട്ടിയെ നയിക്കുന്നത് ഉചിതമല്ല. യുക്തമായ തീരുമാനം ഉടനെ വേണം എന്നും മുല്ലപ്പള്ളി പറഞ്ഞു.

കെ സുധാകരന്റെ പേരില്‍ വലിയ തടസങ്ങള്‍ മുതിര്‍ന്ന നേതാക്കള്‍ ഉന്നയിച്ചാല്‍ ബദല്‍ നിര്‍ദേശങ്ങളും പരിഗണിക്കും. കൊടിക്കുന്നില്‍ സുരേഷ്, പി ടി തോമസ് തുടങ്ങിയ പേരുകളാണ് പരിഗണനയില്‍. പാര്‍ട്ടിയെ അടിത്തട്ടില്‍ ശക്തിപ്പെടുത്തുക എന്നതാണ് കേരളത്തിലെ പ്രധാന സംഘടനാ ദൗത്യം എന്ന് ദേശീയ നേതൃത്വം കരുതുന്നു. ഇതിനായി പുതിയ അധ്യക്ഷനൊപ്പം പ്രധാന ചുമതലകളില്‍ യുവാക്കളുടെ ശക്തമായ സാന്നിധ്യമാകും ഉണ്ടാകുക. കെ.സുധാകരന്‍ കെ.പി.സി.സി അധ്യക്ഷനായാല്‍ പി.ടി തോമസിനെയോ കെ.മുരളീധരനെയോ യു.ഡി.എഫ് കണ്‍ വീനറായി നിയമിക്കും.