ആദിവാസി ബാലികയെ പീഡിപ്പിച്ച ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ ഒളിവില്‍

കണ്ണൂര്‍ ഇരിട്ടിയില്‍ ആദിവാസി ബാലികയെ ബലാത്സംഗം ചെയ്ത കേസില്‍ പ്രതിയായ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ ഒളിവില്‍ എന്ന് ഇരിട്ടി പൊലീസ്. പെണ്‍കുട്ടിയുടെ അയല്‍വാസി വി കെ നിധീഷാണ് ആളൊഴിഞ്ഞ കെട്ടിടത്തിലേക്ക് കുട്ടിയെ കൊണ്ടുപോയി പീഡിപ്പിച്ചത്. പരാതി ലഭിച്ചതിനെ തുടര്‍ന്ന് പൊലീസ് നിധീഷിനെതിരെ കേസെടുത്തത്തിന് പിന്നാലെയാണ് ഇയാള്‍ ജില്ല വിട്ടതെന്നാണ് പൊലീസ് പറയുന്നത്. ഈ മാസം 24 നാണ് പെണ്‍കുട്ടിയുടെ അച്ഛന്‍ പൊലീസില്‍ പരാതി നല്‍കിയത്. വീടിന് പിന്നില്‍ നിന്നും തുണി കഴുകി വരികയായിരുന്ന പെണ്‍കുട്ടിയെ നിര്‍ബന്ധിച്ച് ആളൊഴിഞ്ഞ കെട്ടിട്ടത്തിലേക്ക് കൂട്ടിക്കൊണ്ട് പോയി പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പരാതി.

സംഭവത്തിനു ശേഷം നിധീഷിനെ പ്രദേശവാസികളാണ് കണ്ടത്. തുടര്‍ന്ന് ഇവര്‍ പെണ്‍കുട്ടിയുടെ അച്ഛനെ വിവരമറിയിക്കുകയും ഇത് കുട്ടിയോട് ചോദിക്കുകയും ചെയ്തപ്പോഴാണ് ബലമായി പിടിച്ചുകൊണ്ടുപോയി പീഡിപ്പിച്ച വിവരം പുറത്തറിയുന്നത്. പരാതിയിന്മേല്‍ എസ്സി/എസ്ടി വിഭാഗങ്ങള്‍ക്കെതിരായ അതിക്രമങ്ങള്‍ തടയുന്ന നിയമം, പോകസോ നിയമം എന്നിവ ചേര്‍ത്ത് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കൂടാതെ പെണ്‍കുട്ടിയെ മെഡിക്കല്‍ പരിശോധന നടത്തുകയും പീഡനം നടന്നുവെന്ന് തെളിയുകയും ചെയ്തിട്ടുണ്ട്. പെണ്‍കുട്ടിയെ പീഡിപ്പിച്ച ഈ നിധീഷ് ആ പ്രദേശത്തെ സജീവ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനാണ്. ഒളിവില്‍ പോയിരിക്കുന്ന ഇയാള്‍ കൊല്ലം ജില്ലയില്‍ ഉള്ളതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. പൊലീസ് ഇയാളെ തപ്പി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.