എന്തുകൊണ്ട് ഇതുവരെ കേട്ടിട്ടില്ലാത്ത ഒരു അസംതൃപ്തിയുടെ സ്വരം ലക്ഷദ്വീപില്‍ നിന്നും കേള്‍ക്കണം?


സമാധാനത്തോടെ കഴിയുന്ന ഒരു സമൂഹത്തില്‍ അനാവശ്യ നിയന്ത്രണങ്ങള്‍ അടിച്ചേല്‍പ്പിക്കുക, പ്രതിഷേധിച്ചു തുടങ്ങിയാല്‍ നുണ പ്രചാരണങ്ങളിലൂടെ അവരെ സാമൂഹിക വിരുദ്ധരോ രാജ്യദ്രോഹികളോ തീവ്രവാദികളോ ആയി ചിത്രീകരിക്കുക. സ്വാതന്ത്ര്യം ഹനിക്കപ്പെട്ട്, അനുഭവിച്ചുപോന്ന സൈ്വര ജീവിതം ദുഃസ്സഹമാകുന്ന അവരെ പലായനം ചെയ്യാന്‍ പ്രേരിപ്പിക്കുക. ഇതെല്ലാം എന്തിനുവേണ്ടി? ആര്‍ക്കുവേണ്ടി?

ലോകത്തു നടന്നിട്ടുള്ള കൂട്ട പലായനങ്ങളുടെ എല്ലാം തുടക്കം ഇങ്ങനെ തന്നെയാണ്.

എന്തുകൊണ്ട് ഇതുവരെ കേട്ടിട്ടില്ലാത്ത ഒരു അസംതൃപ്തിയുടെ സ്വരം ലക്ഷദ്വീപില്‍ നിന്നും കേള്‍ക്കണം?

കടല്‍ക്ഷോഭങ്ങളുടെ അശാന്തിയും ദുരിതങ്ങളും ഒഴിച്ചുനിര്‍ത്തിയാല്‍ ശാന്തിയോടും സമാധാനത്തോടും ജീവിച്ചുപോന്നവരാണ് ലക്ഷദ്വീപില്‍ നിവാസികള്‍. നാടിനേക്കാള്‍ സൗന്ദര്യം പ്രദേശവാസികളുടെ ആതിഥേയത്വത്തില്‍ നിന്നും ആസ്വദിച്ച് പോകുന്ന വിനോദസഞ്ചാരികളുടെ അനുഭവകുറിപ്പുകളിലൂടെ ഈ
ദ്വീപു വാസികള്‍ ഏറെ ശ്രദ്ധിക്കപെട്ടവരാണ്.

ഇതില്‍ ഭൂരിഭാഗം പേരും സംസാരിക്കുന്നതും മലയാളഭാഷ, എന്തിനും അവര്‍ ആശ്രയിക്കുന്ന കര കൊച്ചിയും കോഴിക്കോടും, കേരളത്തിലെ മലയാളിക്ക് ലക്ഷദ്വീപില്‍ മറ്റൊരു നാടായി തോന്നിയിട്ടില്ല. സ്വന്തം എന്ന ആ വികാരത്തെ സാധാരണക്കാരനായ കേരളത്തിലെ മലയാളിയിലും ഊട്ടിയുറപ്പിച്ചത് റേഡിയോയില്‍ എന്നും കേട്ടുശീലിച്ച ആ വാചകങ്ങളും കൂടിയാകാം, ‘ആകാശവാണി… തിരുവനന്തപുരം, ആലപ്പുഴ, കവരത്തി…’.
പണ്ട് ഇതുകേട്ടിരുന്ന പലരും ധരിച്ചത് കവരത്തി ആലപ്പുഴപോലെ നമുക്ക് തൊട്ടരികിലുള്ള മറ്റൊരു നാട് എന്നാണ്. ആ ഗൃഹാതുരതയും അടുപ്പവും തന്നെയാണ് ലക്ഷദ്വീപില്‍ ഉയര്‍ന്ന പ്രതിഷേധ സ്വരങ്ങള്‍ കടല്‍കടന്ന് കേരളത്തിലെത്തി ‘സേവ് ലക്ഷ്വദ്വീപ്’ എന്ന വലിയ അലയൊലിയായി മാറിയത്.

മോദിയുടെയും അമിത് ഷായുടെയും രാഷ്ട്രീയ അജണ്ട വ്യക്തമാണ്. ദേശീയതയുടെയും ഹിന്ദിത്വത്തിന്റെയും മുഖമൂടിയണിഞ്ഞ് ഈ രാജ്യമാകെ തങ്ങളുടെ കാല്‍ക്കീഴില്‍ നിര്‍ത്തുക.അവരുടെ ആ അജണ്ട നടപ്പിലാക്കാന്‍ തന്നെയാണ് ഗുജറാത്തിലെ തങ്ങളുടെ വലംകൈ ആയിരുന്ന പ്രഭുല്‍ ഖോദ പട്ടേലിനെ അഡ്മിനിസ്‌ട്രേറ്റര്‍ ആയി അവര്‍ ലക്ഷദ്വീപില്‍ എത്തിച്ചത്.

2016ല്‍ ദാദ്ര നഗര്‍ ഹവേലി, ദാമന്‍ ദിയു എന്ന കേന്ദ്ര ഭരണ പ്രദേശങ്ങളുടെ അഡ്മിനിസ്‌ട്രേറ്റര്‍ ആയി നിയമിക്കപ്പെട്ടു പ്രഫുല്‍ പട്ടേല്‍. 2019ല്‍ അധികാര ദുര്‍വിനിയോഗം നടത്തി പൊതുതിരഞ്ഞെടുപ്പില്‍ ഇടപെടാന്‍ ശ്രമിച്ചതിന്റെ പേരില്‍ അന്ന് അവിടെ കളക്ടര്‍ ആയിരുന്ന കണ്ണന്‍ ഗോപിനാഥന്‍ ഇലക്ഷന്‍ കമ്മീഷന് പരാതി നല്‍കിയിരുന്നു. ഇതിനെ തുടര്‍ന്ന് ജനപ്രാതിനിധ്യ നിയമത്തിന്റെ ലംഘനം നടത്തിയെന്ന് ചൂണ്ടിക്കാട്ടി പട്ടേലിന് നോട്ടീസ് നല്‍കിയിരുന്നു ഇലക്ഷന്‍ കമ്മീഷന്‍.

2019 ല്‍ ദാമന്‍ ദിയുവില്‍ ഇയാളുടെ നേതൃത്വത്തില്‍ നൂറിലധികം ആദിവാസി മല്‍സ്യബന്ധന കുടുംബങ്ങളെ അവരുടെ വീടുകള്‍ തകര്‍ത്തുകൊണ്ട് കുടിയൊഴിപ്പിച്ച വഴിയാധാരമാക്കിയിരുന്നു.
ഒരു കിലോമീറ്ററോളം നീളത്തിലുള്ള ഈ തീരദേശത് തലമുറകളായി കഴിഞ്ഞുപോന്നവരാണ് ഈ ആദിവാസി മല്യബന്ധന കുടുംബങ്ങള്‍. തികഞ്ഞ അവകാശലംഘനമാണ് അവിടെ നടന്നത് എന്ന് പല മനുഷ്യാവകാശ സംഘടനകളും അഭിപ്രായപ്പെട്ടു. ഇന്ന് 2021ല്‍ എത്തിനില്‍ക്കുമ്പോള്‍ ആ പ്രദേശം ചൗധരി ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള ദി ഫേര്‍ണ്‍ എന്ന ആഡംബര ബീച്ച്‌സൈഡ് റിസോര്‍ട്ടാണ്.

ഇവിടം കൊണ്ടും തീരുന്നില്ല പ്രഫുല്‍ പട്ടേലിന്റെ ക്രൂരതകള്‍, 1989 മുതല്‍ ദാദ്ര-നാഗര്‍ ഹവേലി എന്ന സംവരണ മണ്ഡലത്തില്‍ ആദിവാസികള്‍ക്കിടയില്‍ വലിയ സ്വാധീനമുണ്ടായിയുന്ന, അവിടുത്തെ ഏക ലോക്‌സഭ എംപി ആയിരുന്ന മോഹന്‍ ദെല്‍കര്‍, 2021 ഫെബ്രുവരിയില്‍ ആത്മഹത്യ ചെയ്തു. പതിനഞ്ച് പേജുള്ള അദ്ധേഹത്തിന്റെ ആത്മഹത്യ കുറിപ്പിലെ ആദ്യ പേരുകാരന്‍ പ്രഫുല്‍ പട്ടേലാണ്. 2020 ജൂലൈ മുതല്‍ പുറം ലോകത്തോട് പറയുന്നുണ്ടായിരുന്നു അദ്ധേഹവും അദ്ധേഹത്തിന്റെ ജനതയും പ്രഫുല്‍ പട്ടേലിനെക്കൊണ്ട് നേരിടുന്ന പ്രശ്‌നങ്ങള്‍, പല വട്ടം ലോക്‌സഭയിലും വിഷയം ഉയര്‍ത്തി. കള്ളപ്രചാരണങ്ങളും കള്ളക്കേസുകളും, ജോലിയില്‍ നിന്ന് പിരിച്ചുവിടലും സ്ഥാപനങ്ങള്‍ പൂട്ടിക്കുകയും ചെയ്ത് കൊണ്ട് അവിടുത്തെ ആദിവാസി സമൂഹത്തെയും ദെല്‍കറിനെയും നിരന്തരം വേട്ടയാടി പ്രഫുല്‍ പട്ടേല്‍. ഈ സമ്മര്‍ദ്ദത്തില്‍ മനം മടുത്താണ് മോഹന്‍ ദെല്‍കര്‍ അത്മഹത്യ ചെയ്യുന്നത്. മരണപ്പെടുന്നതിന് പത്ത് ദിവസം മുന്‍പ് ലോക്‌സഭ പ്രിവിലേജ് കമ്മിറ്റിക്ക് മുന്‍പാകെ ഹാജരായി താനും തന്റെ ജനതയും പ്രഫുല്‍ പട്ടേലിനാല്‍ വേട്ടയാടപ്പെടുകയാണെന്നും ഈ സമ്മര്‍ദ്ദം താങ്ങാനാകില്ലെന്നും തനിക്ക് ആത്മഹത്യ അല്ലാതെ വേറെ വഴിയില്ലെന്നും പറഞ്ഞിരുന്നു. മൂന്നു പതിറ്റാണ്ടിലധികം ലോകസഭയില്‍ തന്റെ നാടിനെ പ്രതിനിധീകരിച്ച വ്യക്തിയുടേതാണ് ഈ അവസ്ഥ.

ഈ പശ്ചാത്തലമുള്ള പ്രഫുല്‍ പട്ടേലിന് ലക്ഷ്വദ്വീപില്‍ എന്തൊക്കെ ചെയ്യാന്‍ കഴിയും എന്ന് ഊഹിക്കാന്‍ കഴിയുന്നതേ ഉള്ളു, അത് തന്നെയാണ് ലക്ഷ്വദീപുകാരുടെയും അവരെ സ്‌നേഹിക്കുന്നവരുടെയും ഭീതി കൂട്ടുന്നതും.

വെറും 65,000 ത്തില്‍ താഴെയാണ് 2011 സെന്‍സസ് പ്രകാരം ലക്ഷദ്വീപിന്റെ ജനസംഖ്യ. സമുദ്രചാത്താല്‍ ചുറ്റപ്പെട്ടു കിടക്കുന്ന ചെറുതും വലുതുമായ 36 ദ്വീപുകള്‍ അടങ്ങിയതാണ് ഈ കേന്ദ്രഭരണ പ്രദേശം. ഇതില്‍ വാസയോഗ്യമായ 10 ദ്വീപുകളിലും കൂടി 32 ചതുരശ്ര കിലോമീറ്റര്‍. 92% സാക്ഷരതയും, സീറോ ക്രൈം റേറ്റും. ഒന്നാം സ്ഥാനത് കേരളവും 21ആം സ്ഥാനത് ഗുജറാത്തും 35ആം സ്ഥാനത് യുപിയും ഉള്ള രാജ്യത്തെ മാനവ വികസന സൂചികയില്‍ നാലാം സ്ഥാനത്തുള്ള ഒരു പ്രദേശംകൂടിയാണ് ഈ ദ്വീപസമൂഹം. ഇവിടെ സമാധാനത്തോടെ ജീവിച്ചു പോകുന്ന ഒരു സമൂഹത്തിന്റെ ഇടയില്‍ പ്രഫുല്‍ പട്ടേലിന്റെ ഭരണ പരിഷ്‌കാരങ്ങള്‍ ദുരിതവര്‍ഷമായി പെയ്യുകയാണ്.

രാജ്യത്ത് രണ്ടാം കോവിഡ് തരംഗം തുടങ്ങിയപ്പോഴും ഒരു രോഗിപോലും ഇല്ലാതിരുന്ന പ്രദേശമാണ് ലക്ഷദ്വീപ്. കോവിഡ് മാനദണ്ഡങ്ങളില്‍ അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ പട്ടേല്‍ മാറ്റങ്ങള്‍ വരുത്തി ക്വറന്റൈന്‍ കൂടാതെ സഞ്ചാരികളെയും ഉദ്യോഗസ്ഥരെയും ദ്വീപില്‍ എത്തിച്ചത് മൂലം ദ്വീപില്‍ ആദ്യമായി രോഗം സ്ഥിരീകരിച്ചു, തുടര്‍ന്ന് കൂടുതല്‍ രോഗികള്‍ ഉണ്ടായി. ഇപ്പോള്‍ പ്രതിദിന രോഗികളുടെ എണ്ണം 200 അടുക്കുന്നു.

വിനോദസഞ്ചാരത്തിന്റെ പേരില്‍ ജനവാസമില്ലാത്ത ബംഗാരം എന്ന ഒരു ദ്വീപില്‍ മാത്രമുണ്ടായിരുന്ന മദ്യലഭ്യത എല്ലാ ദ്വീപുകളിലേക്കും കൊണ്ടുവരുന്നു. ജനവാസ പ്രദേശങ്ങളില്‍ മദ്യശാലകള്‍ കൊണ്ടുവരുന്നതിനെയാണ് ദ്വീപുവാസികള്‍ എതിര്‍ക്കുന്നത്.

ഡയറി ഫാമുകള്‍ അടച്ചുപൂട്ടി, ഗുജറാത്തില്‍ നിന്നുമുള്ള പാലും പല്‍ ഉല്‍പ്പന്നങ്ങളും മാത്രം അവിടെ ലഭ്യമാക്കുന്നു. ബീഫ് നിരോധനം നടപ്പാക്കുന്നു, പച്ചക്കറി സസ്യ വിഭവങ്ങള്‍ കുറവുള്ള ഇവിടെ കാലങ്ങളായി ദ്വീപുവാസികളുടെ ഭക്ഷണക്രമത്തില്‍ ഭാഗമായ ഊര്‍ജ്ജ സ്രോതസ്സാണ് ആട്, കോഴി, ബീഫ് ഉള്‍പ്പടെയുള്ള മാംസാഹാരം. സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ ഭക്ഷണത്തില്‍ നിന്നും മാംസാഹാരം പൂര്‍ണ്ണമായും ഒഴിവാക്കി.

CAA/NRC പോസ്റ്ററുകള്‍ പതിച്ച് പ്രതിഷേധിച്ചവരെ ജയിലില്‍ അടക്കുകയും, കേന്ദ്രഭരണത്തിനെതിരെ അഭിപ്രായം രേഖപ്പെടുത്തുന്നവരുടെ സമൂഹമാധ്യമ അല്‍കൗണ്ടുകള്‍ മരവിപ്പിച്ചു. ഇതിനൊക്കെ ബലം നല്‍കാന്‍ ഒരു കുറ്റവാളി പോലുമില്ലാത്ത സീറോ ക്രൈം റേറ്റുള്ള നാട്ടില്‍ ഗുണ്ടാ നിയമം നടപ്പാക്കുന്നു.

രണ്ട് കുട്ടികളില്‍ കൂടുതല്‍ ഉള്ളവര്‍ക്ക് പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ വിലക്കേര്‍പ്പെടുത്തുന്നു.

200 ലേറെ ദ്വീപുവാസികളായ താല്‍ക്കാലിക ജീവനക്കാരെ പിരിച്ചുവിട്ടു. ഇവിടെ സ്വേച്ഛ പ്രകാരം മറ്റു സംസ്ഥാനങ്ങളില്‍ നിന്നുമുള്ള കേന്ദ്ര ഉദ്യോഗസ്ഥരെ നിയമിക്കാനൊരുങ്ങുന്നു.

തീരദേശ സംരക്ഷണ നിയമത്തിന്റെ മറവില്‍ മത്സ്യത്തൊഴിലാളികള്‍ അവരുടെ ചിലവില്‍ കെട്ടിയ ഷെഡുകള്‍ പൊളിച്ചുമാറ്റി, ഈ ദുരിതകാലത്ത് ഇതുമൂലം ലക്ഷങ്ങളുടെ നഷ്ടമാണ് അവര്‍ക്കുണ്ടായത്.

ബേപ്പൂരിനെ ഒഴിവാക്കി ലക്ഷദ്വീപില്‍ നിന്നും ചരക്കുനീക്കം ബിജെപി ഭരിക്കുന്ന കര്‍ണാടകയിലെ മംഗലാപുരത്തേക്ക് വിടുന്നു.

പരിഷ്‌കാരങ്ങളുടെ പേരില്‍ ഇങ്ങനെ ഒട്ടനവധിയായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ജനങ്ങളുടെ സൈ്വരജീവിതം ഇല്ലാതാക്കിയാല്‍ പിന്നെ ഇവര്‍ക്ക് സ്വമേധയാ ദ്വീപ് വിട്ട് കരയിലേക്ക് അഭയം പ്രാപിക്കേണ്ടിവരും. ക്രമേണ ലക്ഷ്വദ്വീപിലെ സ്വദേശവാസികളുടെ എണ്ണം കുറയും. ദാമന്‍ ഡിയുവില്‍ സംഭവിച്ച പോലെ വിനോദ സഞ്ചാരത്തിന്റെ പേരില്‍ തുറമുഖ-വിമാനത്താവള നിര്‍മ്മാണത്തിന്റെ പേരില്‍ ഇഷ്ടക്കാരായ വന്‍കിട മുതലാളിമാര്‍ക്ക് തീറെഴുതാനും, സിവിലിയന്‍സിന്റെ ശല്യമില്ലാതെ അവിടെ സൈനിക താവളമാക്കി മാറ്റാം. ഇനി ഭാവിയില്‍ വേണ്ടിവന്നാല്‍ അമേരിക്കയ്ക്ക് സൈനിക താവളങ്ങള്‍ പണിയാനും ഈ വലിയ ദ്വീപസമൂഹം നല്‍കാം, വികൃതമായ പല നയങ്ങളും സ്വീകരിച്ചിട്ടുള്ള ഭരണകൂടത്തില്‍ നിന്നും അതും നമ്മള്‍ പ്രതീക്ഷിക്കുന്നതില്‍ തെറ്റില്ല. രാജ്യത്തിന്റെ പൊതുമുതലുകള്‍ വിറ്റുതുലയ്ക്കുന്ന ബിജെപി സര്‍ക്കാര്‍ ഭരിക്കുമ്പോള്‍ ഇതല്ലാതെ മറ്റൊന്നുമാകില്ല ലക്ഷ്വദ്വീപിന്റെ ഭാവി എന്നുതന്നെ കരുതണം.

രണ്ടു മാസങ്ങള്‍ക്കു മുന്‍പ് മിനിക്കോയ് ദ്വീപിന് സമീപം ഉള്‍കടലില്‍ ശ്രീലങ്കന്‍ മല്‍സ്യബന്ധന കപ്പലില്‍ നിന്നും അഞ്ചു AK47 തോക്കുകളും 200 കിലോ മയക്കുമരുന്നും ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ് പിടിച്ചെടുത്തിരുന്നു. അതിലുണ്ടായിരുന്ന 25 ശ്രീലങ്കന്‍ മല്‍സ്യ തൊഴിലാളികളെയും അറസ്റ്റ് ചെയ്തു. പാകിസ്താനി ബോട്ടില്‍ നിന്നും കൈമാറിയ സാധനങ്ങള്‍ ലങ്കയിലേക്ക് കടത്തുന്നതിനിടയില്‍ ആണ് പിടിക്കപ്പെട്ടത്. ബോട്ടിലുണ്ടായിരുന്ന തൊഴിലാളികള്‍ പരസ്പര വിരുദ്ധമായ മൊഴികള്‍ നല്‍കിയതിനാല്‍ ഇത് ഇന്ത്യയിലേക്ക് കടത്തിയതാകാം എന്ന് കോസ്റ്റ് ഗാര്‍ഡ് സംശയിക്കുന്നുണ്ട്.

ഇപ്പോള്‍ ലക്ഷ്വദ്വീപില്‍ നടക്കുന്ന സംഭവങ്ങളുമായി ഇതിന് യാതൊരു ബന്ധവുമില്ലാത്ത ഈ വാര്‍ത്ത ബിജെപി സംഘപരിവാര്‍ ഗ്രൂപ്പുകള്‍ വഴി കുത്തിപ്പൊക്കി ചര്‍ച്ചയാക്കുന്നുണ്ട്. ലക്ഷ്വദ്വീപുകാര്‍ക്ക് ഇതില്‍ പങ്കുണ്ടെന്നും അവര്‍ തീവ്രവാദ കള്ളക്കടത്തു ബന്ധമുള്ളവര്‍ ആണെന്നും ഒരു ചര്‍ച്ച തുടങ്ങി വയ്ക്കലാണ് അവരുടെ ഉദ്ദേശം. പരിഷ്‌കാരങ്ങള്‍ രാജ്യസുരക്ഷയ്ക്ക് വേണ്ടി കൂടിയാണ് എന്നാണ് പറയുന്നത്. ഇതിനെ ഏറ്റുപിടിച്ചുകൊണ്ട് ബിജെപി അധ്യക്ഷന്‍ കെ സുരേന്ദ്രനും സമാന പ്രതികരണങ്ങള്‍ നടത്തിയയുണ്ട്. കൊടകര ഹവാല കേസില്‍ ബിജെപി ആര്‍എസ്എസ് നേതാക്കള്‍ പിടിക്കപെട്ടതും കൂടുതല്‍ ഉന്നത നേതാക്കളിലേക്ക് പോലീസ് ഏതാണ് സാധ്യതയുള്ളതുമായ ഈ സന്ദര്‍ഭം കൂടി കൂട്ടിവായിക്കേണ്ടതുണ്ട്.

സഹിഷ്ണുതയുള്ള ഒരു സമൂഹത്തിന്റെ അസ്ഥിത്വവും വ്യക്തിത്വവും സ്വാതന്ത്ര്യവും ചോദ്യം ചെയ്യപ്പെടുന്ന അവസ്ഥയില്‍ അവര്‍ നിസ്സഹായരായി നില്‍ക്കും. വിഷയങ്ങളെ ആസ്പദമാക്കിയുള്ള സംവാദങ്ങള്‍ക്കപ്പുറം വാദങ്ങളെ ന്യായീകരിക്കാന്‍ നുണപ്രചാരണങ്ങള്‍ തൊടുത്തു വിടും, പിന്നെ അത് തെറ്റാണെന്നു സമര്‍ത്ഥിക്കേണ്ട ഉത്തരവാദിത്വവും ഈ സമൂഹത്തിന്റെ ചുമലില്‍ പതിക്കും. സമ്മര്‍ദ്ദങ്ങള്‍ക്കൊടുവില്‍ സഹനത്തിന്റെ നെല്ലിപ്പലക ചവിട്ടി അവരില്‍ നിന്നു വരുന്ന പ്രതികരണങ്ങള്‍ അതിരുകടന്നാല്‍, പിന്നെ അതിന്റെ പേരില്‍ അടിച്ചമര്‍ത്തപ്പെടുകയോ തുടച്ചുമാറ്റപ്പെടുകയോ ചെയ്യും.

വലതുപക്ഷ നിരീക്ഷകരും മാധ്യമങ്ങളും എണ്ണിയെണ്ണി ന്യായീകരണങ്ങള്‍ നിരത്തുന്നുണ്ട്:
ദ്വീപുവാസികളുടെ മേല്‍ അടിച്ചേല്‍പ്പിക്കുന്ന അല്ലെങ്കില്‍ അവരുടെ സ്വതന്ത്ര പരമാധികാരത്തെ ചോദ്യം ചെയ്യുന്ന അനാവശ്യ പരിഷ്‌കാരങ്ങളായല്ല ഈ നിരീക്ഷകര്‍ കാണുന്നത്, മറിച്ച്
അധികാരികള്‍ക്കെതിരെ ദ്വീപുവാസികള്‍ ഉയര്‍ത്തുന്ന 10 ആരോപണങ്ങളായാണ് (ചിലര്‍ക്ക് 14 വരെ). ന്യായീകരിക്കുമ്പോള്‍ മൂന്നില്‍ രണ്ടു കാര്യങ്ങളോടും ഇവര്‍ ദ്വീപുവാസികളോട് യോജിക്കുകയോ, ‘അത് വാസ്തവമെങ്കില്‍ തെറ്റാണ്’ എന്ന് പറയുകയോ ചെയുന്നുണ്ട്. ചുരുക്കത്തില്‍ മൂന്നിലൊന്നിനോട് മാത്രമേ ഇവരും അധികാരികളോട് യോജിക്കുന്നുള്ളു.

സമാധാനമായി മേയുന്ന ഒരു പശുവിനുനേരെ ഒരു വികൃതിചെക്കന്‍ 10 കല്ലുകള്‍ എറിയുന്നു. കൊള്ളുന്നത് 7 എണ്ണമായായാലും ഒരെണ്ണമായാലും പശുവിനുണ്ടാകുന്ന വേദനയ്ക്ക് മാറ്റമില്ല. ന്യായാന്യായങ്ങള്‍ ചികഞ്ഞ് ചെക്കനെ ന്യായീകരിക്കുന്നവര്‍, എറിഞ്ഞതില്‍ കൊണ്ടത് 4 ചെറുതും കൊള്ളാത്തത് 5 വലുതുമാണെന്ന് ന്യായീകരിക്കും. പശുവിന് കൊള്ളുന്ന ഒരെണ്ണം മര്‍മ്മത്താണെങ്കില്‍ പിന്നെ ഈ ന്യായീകരണത്തിനോക്കെ പ്രസക്തിയുണ്ടോ.

എല്ലാത്തിനുമൊടുവില്‍, ഇത് ദ്വീപിന്റെ വികസനത്തിന് വേണ്ടിയുള്ള പ്രവര്‍ത്തനങ്ങളാണ് എന്ന് അടിവരയിടുന്നു. ജനങ്ങളെ ബോധ്യപെടുത്താതെ സമവായമില്ലാതെയുള്ള ഒരു പരിഷ്‌കാരവും ജനാധിപത്യസമൂഹം അംഗീകരിക്കേണ്ടതില്ല. ഇവിടെ ജനാധിപത്യ വ്യവസ്ഥയില്‍ ജനങ്ങള്‍ ആണ് അധിപന്മാര്‍ എന്നത് പാഴ്വാക്കാണ്. കാരണം അഡ്മിനിസ്‌ട്രേറ്ററോട് ചോദ്യങ്ങള്‍ ഉയര്‍ത്തുന്ന ലക്ഷ്വദ്വീപിലെ ജനപ്രതിനിധികളെ പോലും കള്ളക്കേസുകളില്‍ കുടുക്കി ജയിലില്‍ അടച്ച് നിശ്ശബ്ദരാക്കുന്ന സ്വേച്ഛാധിപത്യ നടപടിയാണ് നടക്കുന്നത്. നോട്ട് നിരോധനത്തിലും, സാമ്പത്തിക നയങ്ങളിലും, പൊതുമുതല്‍ വില്‍ക്കുന്നതിലും, പെട്രോള്‍ വിലവര്‍ദ്ധനയിലും, കര്‍ഷകബില്ലിലും ഈ സ്വേച്ഛാധിപത്യം നമ്മള്‍ അനുഭവിച്ചറിഞ്ഞതാണ്.