ബൈക്കില്‍ അമിതവേഗം ; ചെക്ക്‌പോസ്റ്റിലേ ക്രോസ്ബാറില്‍ തലയിടിച്ച് യുവാവിന് ദാരുണാന്ത്യം
ചെക്ക് പോസ്റ്റിലെ ക്രോസ്ബാറില്‍ തലയിടിച്ച് വീണ ബൈക്ക് യാത്രികനായ യുവാവിന് ദാരുണാന്ത്യം. അമിതവേഗത്തിലെത്തിയ ബൈക്കിന്റെ പിന്നില്‍ ഇരുന്ന യുവാവാണ് ക്രോസ്ബാറില്‍ തലയിടിച്ച് മരിച്ചത്. ഇയാള്‍ അപ്പോള്‍ തന്നെ മരിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍. സിസിടിവിയില്‍ പതിഞ്ഞ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെ ഇത് എവിടെ നടന്നുവെന്ന ചോദ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ സജീവമായിരുന്നു. ഒടുവില്‍ തെലങ്കാനയിലാണ് ദാരുണമായ സംഭവം നടന്നതെന്നതാണ് കണ്ടെത്തിയിരിക്കുന്നത്.
തെലങ്കാനയിലെ വനം വകുപ്പിന്റെ ചെക്ക്‌പോസ്റ്റിന് സമീപമായിരുന്നു അപകടം. ഇവിടെ ക്രോസ്ബാര്‍ താഴ്ത്തി വച്ചിരിക്കുകയായിരുന്നു. അമിത വേഗത്തിലെത്തുന്ന ബൈക്ക് കണ്ട് ഉദ്യോഗസ്ഥന്‍ നിര്‍ത്താന്‍ ആവശ്യപ്പെട്ടെങ്കിലും ബൈക്ക് ഓടിച്ച യുവാവ് ഇത് അനുസരിച്ചില്ല. ക്രോസ്ബാറിന് അടിയിലൂടെ പോകാനായിരുന്നു ശ്രമം. ബൈക്ക് ഓടിച്ച യുവാവ് തല കുനിച്ച് കടന്നെങ്കിലും പിന്നിലിരുന്ന യുവാവ് ക്രോസ്ബാറില്‍ തലയിടിച്ച് നിലത്തുവീണു തല്‍ക്ഷണം മരിച്ചു. ബൈക്ക് നിര്‍ത്താതെ പോകുന്നതും വിഡിയോയില്‍ കാണാം.
സിസിടിവി ക്യാമറയില്‍ പതിഞ്ഞ ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നത്. മെയ് മാസം 22ന് ഉച്ചയ്ക്ക് 12.53ന് തെലങ്കാനയിലെ മഞ്ചേരിയാല്‍ ജില്ലയിലെ തപല്‍പൂര്‍ ഗ്രാമത്തിലെ ജന്നാരത്തിലാണ് സംഭവം നടന്നത്. അപകടത്തിന് പിന്നാലെ സിസിടിവി ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.എന്നാല്‍, വനംവകുപ്പ് ജീവനക്കാര്‍ സംഭവത്തില്‍ കുറ്റക്കാരല്ലെന്ന് മഞ്ചേരിയാല്‍ എസിപി അഖില്‍ മഹാജന്‍ പ്രതികരിച്ചു. ഈ ചെക്ക് പോസ്റ്റ് കഴിഞ്ഞ 30 വര്‍ഷമായി അവിടെയുള്ളതാണ്. എന്നാല്‍ മരിച്ച യുവാവിന്റെ രക്ഷിതാക്കള്‍ ജീവനക്കാരെയാണ് കുറ്റപ്പെടുത്തുന്നത്.
”കഴിഞ്ഞ 30 വര്‍ഷമായി ഈ ചെക്ക് പോസ്റ്റ് അവിടെയുല്‌ളതാണ്. അതിവേഗത്തിലും അശ്രദ്ധയോടെയുമാണ് ഇരുചക്രവാഹനം ഓടിച്ചത്. ബൈക്ക് ഓടിച്ചിരുന്ന യുവാവ് കുനിഞ്ഞെങ്കിലും പുറകിലിരുന്ന യുവാവ് ക്രോസ്ബാറില്‍ ഇടിച്ച് തെറിച്ച് വീണ് മരിക്കുകയായിരുന്നു”- എസിപി ട്വീറ്റ് ചെയ്തു.വാഹനം നിര്‍ത്താതെ പോയ യുവാവിനെ ഒരുമണിക്കൂറിന് ശേഷം കണ്ടെത്തി. മദ്യപിച്ച നിലയിലായിരുന്നു യുവാവിനെ കണ്ടെത്തിയിരുന്നതെന്നും എസിപി പറയുന്നു. മദ്യപിച്ചിരുന്നത് കാരണം പോലീസിനെ വെട്ടിച്ചു കടക്കുവാന്‍ ശ്രമിച്ചതാണ് ദുരന്തത്തില്‍ കലാശിച്ചത്.