ദുരിതാശ്വാസനിധിയിലേക്ക് എല്ലാ മാസവും മന്ത്രിമാര്‍ പതിനായിരം രൂപ നല്‍കുമെന്നു മുഖ്യമന്ത്രി
അടുത്ത ഒരു വര്‍ഷക്കാലം സംസ്ഥാനത്തെ മന്ത്രിമാരുടെ ശമ്പളത്തില്‍ നിന്നും എല്ലാമാസവും പതിനായിരം രൂപവീതം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്യും. ഇന്ന് നടന്ന വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്. ഒന്നാം പിണറായി മന്ത്രിസഭയിലെ അംഗങ്ങളും വാകസിന്‍ ചലഞ്ചില്‍ പങ്കെടുത്തിരുന്നു. അതേസമയം ദുരിതാശ്വാസനിധിയില്‍ നിന്നുള്ള സഹായം എത്രയും വേഗം ജനങ്ങളിലേക്കെത്തിക്കാന്‍ ഫയലുകള്‍ തീര്‍പ്പാക്കുന്നതില്‍ കാലതാമസം ഇപ്പോഴും നിലനില്‍ക്കുന്നുണ്ടെന്നും അത് ഒഴിവാക്കണമെന്നും വകുപ്പു സെക്രട്ടറിമാരുടെ യോഗത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. ഒരാളുടെ കൈയില്‍ എത്രസമയം വെക്കാമെന്നതിന് പരിധി നിശ്ചയിക്കണം. ഒരു ഫയല്‍ വളരെയധികം പേര്‍ കാണേണ്ടതുണ്ടോ എന്നതും പരിശോധിക്കണം.
ഫയല്‍ നീക്കം, ഫയല്‍ തീരുമാനം എന്നീ കാര്യങ്ങളില്‍ പുതിയ സമീപനം സ്വീകരിക്കേണ്ടതുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചിരുന്നു. പ്രകടനപത്രികയില്‍ ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ നടപ്പാക്കുകയും പുരോഗതി എല്ലാ വര്‍ഷവും ജനങ്ങള്‍ക്കു മുന്നില്‍ വയ്ക്കുകയും ചെയ്യുന്ന രീതിയാണ് കഴിഞ്ഞ സര്‍ക്കാര്‍ അവലംബിച്ചത്. ഈ സര്‍ക്കാരും ഇതേ രീതി തുടരുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. അതീവ ദാരിദ്ര്യനിര്‍മാര്‍ജനം, സര്‍ക്കാര്‍ സേവനങ്ങള്‍ ജനങ്ങള്‍ക്ക് സര്‍ക്കാര്‍ ഓഫീസില്‍ വരാതെ തന്നെ ലഭ്യമാക്കല്‍, ഗാര്‍ഹിക ജോലിയില്‍ ഏര്‍പ്പെടുന്ന സ്ത്രീകളുടെ അവകാശങ്ങള്‍ സംരക്ഷിക്കല്‍, ഭിന്നശേഷിക്കാര്‍ക്കും മുതിര്‍ന്ന പൗരന്മാര്‍ക്കും സേവനങ്ങളും മറ്റാവശ്യങ്ങളും അവരുടെ വീട്ടുപടിക്കല്‍ എത്തിക്കുന്നത് എന്നിവയടക്കം സര്‍ക്കാര്‍ തയ്യാറാക്കിയിട്ടുള്ള കര്‍മ്മപരിപാടികള്‍ എല്ലാം തന്നെ സമയബന്ധിതമായും ഫലപ്രദമായും നടപ്പാക്കാന്‍ സെക്രട്ടറിമാര്‍ മുന്‍കൈയെടുക്കണമെന്നും വകുപ്പു സെക്രട്ടറിമാരോട് ആവശ്യപ്പെട്ടെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.