മതഭ്രാന്തർ ലക്ഷദ്വീപിനെ തകർക്കുന്നു എന്ന് രാഹുല്‍ ഗാന്ധി
അധികാരത്തിലിരിക്കുന്ന മതഭ്രാന്തർ ലക്ഷദ്വീപിനെ തക4ക്കുന്നുവെന്നു ലക്ഷദ്വീപിന് ഐക്യദാര്‍ഢ്യവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. മഹാസമുദ്രത്തിലെ ഇന്ത്യന്‍ രത്‌നമാണ് ലക്ഷദ്വീപ്. ലക്ഷദ്വീപ് ജനതയ്‌ക്കൊപ്പം താന്‍ എക്കാലവും അടിയുറച്ചുനില്‍ക്കുമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. ലക്ഷദ്വീപിലെ ജനങ്ങളോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയും നേരത്തെ രംഗത്ത് വന്നിരുന്നു. അഡ്മിനിസ്‌ട്രേറ്റര്‍ പദവിയില്‍നിന്ന് പ്രഫുല്‍ പട്ടേലിനെ തിരിച്ചുവിളിക്കണമെന്ന ആവശ്യമാണ് പ്രിയങ്ക ഉന്നയിച്ചത്.
ലക്ഷദ്വീപിന്റെ സമാധാനവും സംസ്‌കാരവും നശിപ്പിക്കുക മാത്രമല്ല, അന്യായമായ നിയന്ത്രണങ്ങള്‍ ഏര്‍പെടുത്തി ദ്വീപിലെ ജനസമൂഹത്തെ പീഡിപ്പിക്കുകയാണ് പട്ടേല്‍ ചെയ്യുന്നതെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി അജയ് മാക്കന്‍ വാര്‍ത്തസമ്മേളനത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍ നടപടികളുമായി മുന്നോട്ട് പോകാന്‍ അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ പട്ടേലിന്റെ നിര്‍ദേശം. ഇന്നലെ നടന്ന ഓണ്‍ലൈന്‍ മീറ്റിങ്ങിലാണ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയത്.
പ്രതിഷേധം വൈകാതെ കെട്ടടങ്ങുമെന്നാണ് അഡ്മിനിസ്‌ട്രേറ്റര്‍ യോഗത്തില്‍ പറഞ്ഞത്. ലക്ഷദ്വീപിലെ ഭരണ പരിഷ്‌കാരങ്ങള്‍ക്ക് എതിരെയുള്ള വിവാദങ്ങള്‍ ദേശീയ തലത്തില്‍ തന്നെ ചര്‍ച്ചയാകുമ്പോഴും തുടങ്ങിവെച്ച നടപടികള്‍ പൂര്‍ത്തീകരിക്കുമെന്നു തന്നെയാണ് അഡ്മിനിസ്‌ട്രേറ്ററുടെ നിലപാട്. നടപടികള്‍ക്കെതിരായ പ്രതിഷേധങ്ങളെ പരിഗണിക്കേണ്ടതില്ലെന്നാണ് അദ്ദേഹം ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയത്. മറ്റു സംസ്ഥാനങ്ങളിലുയരുന്ന പ്രതിഷേധങ്ങളും വൈകാതെ കെട്ടടങ്ങുമെന്ന് പ്രഫുല്‍ പട്ടേല്‍ ഉദ്യോഗസ്ഥരോട് പറഞ്ഞു.