ലോകത്ത് കോവിഡ് വാക്‌സിന്‍ സ്വീകരിച്ച ആദ്യ പുരുഷന്‍ മരണമടഞ്ഞു

കോവിഡ് വാക്‌സിന്‍ സ്വീകരിച്ച ലോകത്തിലെ ആദ്യ പുരുഷനും രണ്ടാമത്തെ വ്യക്തിയുമായ വില്യം ഷേക്സ്പിയര്‍ (81) മരണമടഞ്ഞു. 2020 ഡിസംബറില്‍ യൂണിവേഴ്‌സിറ്റി ഹോസ്പിറ്റല്‍ കവന്റി ആന്‍ഡ് വാര്‍വിക്ഷൈറില്‍ വെച്ചാണ് വില്യം ഷേക്സ്പിയര്‍ ഫൈസര്‍-ബയോഎന്‍ടെക് വാക്‌സിന്‍ സ്വീകരിച്ചത്. ലോകത്ത് ആദ്യമായി കോവിഡ് വാക്‌സിന്‍ സ്വീകരിച്ച വ്യക്തി 91 വയസുകാരിയായ മാര്‍ഗരറ്റ് കീനന്‍ ആയിരുന്നു. കോവിഡുമായി ബന്ധമില്ലാത്ത മറ്റ് ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്നാണ് 81 വയസുകാരനായ ഷേക്സ്പിയര്‍ മരണത്തിന് കീഴടങ്ങിയത് എന്ന് കവന്റി കൗണ്‍സിലര്‍ ആയ ജെയ്ന്‍സ് ഇന്‍സ് മാധ്യമങ്ങളെ അറിയിച്ചു. കോവിഡ് 19 വാക്‌സിന്‍ സ്വീകരിച്ച അതേ ആശുപത്രിയില്‍ വെച്ചാണ് അദ്ദേഹം അന്ത്യശ്വാസം വലിച്ചത്.

കോവിഡ് വാക്‌സിന്‍ സ്വീകരിക്കുന്നത് തന്നെ സംബന്ധിച്ചിടത്തോളം വളരെ നിര്‍ണായകമായ ഒരു സംഭവമാണ് എന്നായിരുന്നു ഫൈസര്‍-ബയോഎന്‍ടെക് വാക്‌സിന്‍ സ്വീകരിച്ചു കൊണ്ട് വില്യം ഷേക്സ്പിയര്‍ പ്രതികരിച്ചത്. ‘ഇനി മുതല്‍ ഈ വാക്‌സിന്‍ നമ്മുടെ ജീവിതത്തില്‍ വലിയ മാറ്റങ്ങള്‍ ഉണ്ടാക്കും, അല്ലേ? ഇത് നമ്മുടെ ജീവിതത്തെയും ജീവിതരീതികളെയും മാറ്റിമറിക്കാന്‍ ആരംഭിച്ചിരിക്കുന്നു’ – കഴിഞ്ഞവര്‍ഷം അദ്ദേഹം പറഞ്ഞു. തന്റെ അവസാന കാലത്തും ആളുകളെ വാക്‌സിന്‍ സ്വീകരിക്കുന്നതിനായി പ്രോത്സാഹിപ്പിക്കാന്‍ വില്യം ഷേക്സ്പിയര്‍ എപ്പോഴും മുന്‍നിരയില്‍ തന്നെ ഉണ്ടായിരുന്നു. ഒരു ഫോട്ടോഗ്രാഫര്‍ കൂടിയായിരുന്ന വില്യം ജാസ് മ്യൂസിക്കും ഇഷ്ടപ്പെട്ടിരുന്നു. സുഹൃത്തുക്കളും കുടുംബാംഗങ്ങളുമായി സമയം ചെലവഴിക്കാന്‍ എപ്പോഴും താത്പര്യം കാണിച്ചിരുന്ന വ്യക്തിയായിരുന്നു അദ്ദേഹം എന്നും ജെയ്ന്‍സ് ഓര്‍ക്കുന്നു.

ഷേക്സ്പിയറിന്റെ ഭാര്യ ജോയ് അദ്ദേഹത്തിന്റെ മരണത്തിനു ശേഷം ഒരു അനുസ്മരണക്കുറിപ്പ് എഴുതിയിരുന്നു. കോവിഡിന് എതിരെയുള്ള വാക്‌സിന്‍ പുരുഷന്മാര്‍ക്കിടയില്‍ ആദ്യമായി സ്വീകരിക്കാനുള്ള ഭാഗ്യം ലഭിച്ചതില്‍ അദ്ദേഹം എന്നും സന്തുഷ്ടനായിരുന്നു എന്നും അതില്‍ അദ്ദേഹത്തിന് വലിയ കടപ്പാടുണ്ടെന്നും ജോയ് പറഞ്ഞു.