കതിര്‍മണ്ഡപമായി കേരള-തമിഴ്നാട് അതിര്‍ത്തിയിലെ ഒരു പാലം ; നടന്നത് 11 ല്‍ പരം കല്യാണങ്ങള്‍

വിവാഹം സ്വര്‍ഗ്ഗത്തില്‍ വെച്ച് നടക്കുന്നു എന്നാണ് പഴമൊഴി. വിവാഹം നമുക്കിടയില്‍ ഇപ്പോഴും ഒരു മുഖ്യ ഘടകമായി നിലനില്‍ക്കുന്നതിന്റെ കാരണവും വിവാഹത്തിനുള്ള ദൈവികമായ ഒരു കാഴ്ചപ്പാടാണ്. അതുകൊണ്ടു തന്നെ വിവാഹങ്ങള്‍ ആഘോഷങ്ങളായി മാറുന്നതും.ആയിരങ്ങള്‍ ആണ് പലപ്പോഴും ഒരു വിവാഹത്തിന് എത്തിക്കൊണ്ടിരുന്നത്. എന്നാല്‍ കൊറോണയും ലോക് ഡൗണും വിവാഹത്തിന്റെ ആ മോഡി അങ്ങ് കളഞ്ഞു എങ്കിലും ഈ കാലത്തും ധാരാളമായി വിവാഹങ്ങള്‍ നടന്നു വരികയാണ്. പഴയ കാലഘട്ടത്തിലെ പോലെ വീട് വീണ്ടും വിവാഹ വേദിയായി മാറിക്കഴിഞ്ഞു. ഭൂമിയില്‍ ആളുകളെ കൂട്ടാന്‍ അനുവാദം ഇല്ലാത്തത് കാരണം കഴിഞ്ഞദിവസം ഒരു തമിഴ് നാട് സ്വദേശി വിമാനത്തില്‍ വെച്ച് താലി കെട്ടിയത് വാര്‍ത്തയായിരുന്നു. എന്നാല്‍ ഒരു പാലം വിവാഹ മണ്ഡപം ആയ വാര്‍ത്തയാണ് ഇവിടെ.

കേരള-തമിഴ്നാട് അതിര്‍ത്തിയിലുള്ള ചിന്നാര്‍ ആണ് ഇപ്പോള്‍ വാര്‍ത്തകളില്‍ നിറയുന്നത്. എന്നും സഞ്ചാരികളുടെ ഇഷ്ടകേന്ദ്രമാണ് ചിന്നാര്‍ . കാടിന്റെ മനോഹാരിതയില്‍ ലയിച്ചു യാത്ര ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ എപ്പോഴും തിരഞ്ഞെടുക്കാറുള്ള ഒരു റൂട്ടാണ് മൂന്നാറില്‍നിന്ന് മറയൂര്‍ വഴി തമിഴ്നാട്ടിലെത്തുന്ന ഈ കാനനപാത. കോവിഡ് വന്നതോടെ ഇതുവഴിയുള്ള യാത്രയ്ക്ക് കടുത്ത നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. അതോടെ സഞ്ചാരികളും ഈ പാതയെ ഉപേക്ഷിച്ച മട്ടാണ്. എന്നാല്‍, സഞ്ചാരികളെല്ലാം ഒഴിഞ്ഞപ്പോള്‍ നിരവധിപേരെ ജീവിതത്തില്‍ ഒന്നിപ്പിച്ച ‘കതിര്‍മണ്ഡപ’മായിരിക്കുകയാണ് ഇപ്പോള്‍ രണ്ടു സംസ്ഥാനങ്ങളെയും ബന്ധിപ്പിക്കുന്ന ചിന്നാര്‍ പാലം. ഈ ലോക്ക്ഡൗണ്‍ കാലത്തുമാത്രം ഈ പാലത്തില്‍ വച്ച് 11 വിവാഹങ്ങളാണ് നടന്നത്. ഇതില്‍ ഒന്‍പതും നടന്നത് അതിര്‍ത്തിക്കപ്പുറമിപ്പുറമുള്ള വധൂവരന്മാര്‍ തമ്മിലായിരുന്നു.

മറയൂര്‍, മൂന്നാര്‍ പ്രദേശങ്ങളില്‍ തമിഴ് വേരുള്ളവര്‍ നിരവധിയാണ്. ഇതിനാല്‍ തന്നെ തമിഴ്നാട്ടില്‍നിന്നു വിവാഹം കഴിക്കുന്നത് ഇവിടെ പതിവാണ്. എന്നാല്‍, കോവിഡായതോടെ അതിര്‍ത്തി കടക്കാന്‍ കടുത്ത നിയന്ത്രണങ്ങളായി. കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റും പ്രത്യേക പാസുമെല്ലാം വേണം. തമിഴ്നാട്ടില്‍ ടെസ്റ്റിന് ഫീസും കൂടുതലുമാണ്. ഇതെല്ലാമായതോടെയാണ് ‘പാലംകല്യാണം’ ഇപ്പോള്‍ പുതിയൊരു ആചാരമായി മാറിയിരിക്കുന്നത്. വധുവും വരനും മാത്രം ടെസ്റ്റ് ചെയ്ത് നെഗറ്റീവാണെന്ന് ഉറപ്പായാല്‍ വിവാഹതിയതി നിശ്ചയിക്കും. എന്നിട്ട് വിവാഹദിവസം ഇരുകുടുംബങ്ങളും പാലത്തിന്റെ അപ്പുറമിപ്പുറമെത്തും.

തുടര്‍ന്ന് വധുവും വരനും മാത്രം പാലത്തിലെത്തി താലികെട്ട് നടക്കും. ഇരുകരയിലും നിന്ന് കുടുംബങ്ങള്‍ നവദമ്പതികളെ ആശീര്‍വദിക്കും. തുടര്‍ന്ന് വധു വരന്റെ ബന്ധുക്കള്‍ക്കൊപ്പം ഭര്‍തൃവീട്ടിലേക്ക് പോകും. ഇതാണ് പുതിയ ‘ചടങ്ങ്’. പൂജാരിക്കും ചടങ്ങിനു കാര്‍മികത്വം വഹിക്കുന്ന മറ്റു പ്രമുഖരുമൊന്നും ഉണ്ടാകില്ല. പകരം ആരോഗ്യ, വനം, എക്സൈസ്, പൊലീസ് വകുപ്പുകളുടെ മേല്‍നോട്ടത്തിലായിരിക്കും വിവാഹം നടക്കുക. മറയൂര്‍ ബാബുനഗര്‍ സ്വദേശി ഉണ്ണികൃഷ്ണനും തമിഴ്നാട് വത്തലഗുണ്ട് സ്വദേശി തങ്കമയിലും തമ്മിലാണ് പാലത്തില്‍ ഏറ്റവും അവസാനം വിവാഹം നടന്നത്. കഴിഞ്ഞ ലോക്ക്ഡൗണ്‍ കാലത്ത് ഇവിടെ നടന്ന വിവാഹം വാര്‍ത്തകളില്‍ നിറഞ്ഞതോടെയാണ് പുതിയ ആശയം നാട്ടുകാര്‍ക്കിടയില്‍ പ്രചരിച്ചത്. വരും ദിവസങ്ങളില്‍ കൂടുതല്‍ കല്യാണങ്ങള്‍ നടക്കുമെന്നാണ് അധികൃതര്‍ കരുതുന്നത്.