കെ.കെ രമയ്ക്ക് എതിരെ കരുക്കള്‍ നീക്കി സി പി എം ; സത്യപ്രതിഞ്ജ ചട്ട ലംഘനമാണോയെന്ന് പരിശോധിക്കുമെന്ന് സ്പീക്കര്‍

വടകര എം.എല്‍.എ കെ.കെ രമക്ക് എതിരെ കരുക്കള്‍ നീക്കി സി പി എം. ഭര്‍ത്താവ് ടി.പി ചന്ദ്രശേഖരന്റെ ബാഡ്ജ് ധരിച്ചെത്തി സത്യപ്രതിഞ്ജ ചെയ്ത രമയുടെ നടപടിക്കെതിരെ സി പി എം സ്പീക്കറിന് പരാതി നല്‍കി. പരാതിയുടെ അടിസ്ഥാനത്തില്‍ സംഭവത്തില്‍ എം.എല്‍.എയുടേത് സത്യപ്രതിഞ്ജ ലംഘനമാണോ എന്ന് പരിശോധിക്കുമെന്ന് സ്പീക്കര്‍ എം.ബി രാജേഷ് വ്യക്തമാക്കി. നിയമസഭയുടെ പെരുമാറ്റച്ചട്ടങ്ങളില്‍ ഇത്തരത്തിലുള്ള നടപടികള്‍ പാടില്ലെന്ന് വ്യക്തമാക്കിയിട്ടുള്ളതാണ്. അത് പൊതുവില്‍ എല്ലാ അംഗങ്ങളും പാലിക്കേണ്ടതാണെന്നും സ്പീക്കര്‍ മാധ്യമങ്ങളോട് പറഞ്ഞു.

എംഎല്‍എമാരുടെ സത്യപ്രതിജ്ഞാ വേളയിലാണ് കെ.കെ. രമ ടി.പി. ചന്ദ്രശേഖരന്റെ ചിത്രം പതിച്ച ബാഡ്ജുമായി നിയമസഭയില്‍ എത്തിയത്. ഇതിനെതിരേയാണ് സ്പീക്കര്‍ക്ക് പരാതി ലഭിച്ചത്. അതേസമയം വടകരയില്‍ നിന്നും യു.ഡി.എഫ് പിന്തുണയോടെ മികച്ച വിജയം നേടിയ രമ പ്രത്യേക ബ്ലോക്കായി നിയമസഭയില്‍ ഇരിക്കുമെന്ന് നേരത്തെ തന്നെ പറഞ്ഞിരുന്നു. രമയോടുള്ള പരസ്യമായ എതിര്‍പ്പ് സി.പി.എമ്മില്‍ പലരും പരസ്യമായി പ്രകടിപ്പിച്ചിരുന്നു. സി.പി.എമ്മിനുള്ള പരസ്യമായ പ്രതിരോധം എന്ന നിലയിലായിരിക്കും നിയമസഭയില്‍ രമയുടെ പ്രവര്‍ത്തനം.