ലക്ഷദ്വീപിന് ഐക്യദാര്‍ഢ്യം ; കേരള നിയമസഭ പ്രമേയം പാസാക്കും

ലക്ഷദ്വീപിന് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ച് സംസ്ഥാനം. ദ്വീപിലെ അഡ്മിനിസ്ട്രേറ്ററുടെ ജനവിരുദ്ധ നടപടികള്‍ക്കെതിരെ സംയുക്ത പ്രമേയം പാസാക്കാന്‍ തീരുമാനമായി. അഡ്മിനിസ്‌ട്രേറ്ററുടെ നടപടികള്‍ക്കെതിരെ പ്രമേയം പാസാക്കണമെന്ന് ഷാഫി പറമ്പില്‍ എംഎല്‍എ അടക്കം ആവശ്യമുന്നയിച്ച പശ്ചാത്തലത്തിലാണ് കേരള നിയമസഭ പ്രമേയം പാസാക്കാന്‍ തീരുമാനിച്ചത്. അടുത്തയാഴ്ച പ്രമേയം അവതരിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ട്. ഇരുമുന്നണികളും പ്രമേയത്തെ അനുകൂലിക്കും. ഇതിനുള്ള നടപടിക്രമങ്ങള്‍ പരിശോധിക്കുകയാണെന്ന് സ്പീക്കര്‍ എം. ബി രാജേഷ് മാധ്യമങ്ങളോട് പറഞ്ഞു. കേരളത്തില്‍ ബി ജെ പി ഒഴികെ മറ്റു പ്രധാന പാര്‍ട്ടികളെല്ലാംതന്നെ ലക്ഷദ്വീപിനെ പിന്തുണച്ച് ഇതിനോടകം രംഗത്തെത്തിയിട്ടുണ്ട്.

ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തിനായി അടുത്ത ദിവസം കേരള നിയമസഭ വീണ്ടും ചേരുന്നുണ്ട്. അതിന് അടുത്ത ദിവസം നയപ്രഖ്യാപന പ്രസംഗത്തിന്‍മേല്‍ ചര്‍ച്ച നടക്കും. ഇതിന് ശേഷം ലക്ഷദ്വീപുകാര്‍ക്ക് പിന്തുണ പ്രഖ്യാപിച്ചു കൊണ്ടുള്ള പ്രമേയം പാസാക്കാനുള്ള സാധ്യതയാണ് സ്പീക്കര്‍ പരിശോധിക്കുന്നത്. അതേസമയം, ജനവിരുദ്ധ നടപടികളുമായി മുന്നോട്ട് പോവുകയാണ് ദ്വീപ് അഡ്മിനിസ്ട്രേറ്റര്‍. ലക്ഷദ്വീപ് സന്ദര്‍ശിക്കാന്‍ എഐസിസി സംഘത്തിന് അഡ്മിനിസ്‌ട്രേഷന്‍ വിലക്കേര്‍പ്പെടുത്തി. 144 പ്രഖ്യാപിച്ചതും കോവിഡ് വ്യാപനവും ചൂണ്ടികാട്ടിയാണ് എഐസിസി സംഘത്തിന് ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേഷന്‍ അനുമതി നിഷേധിച്ചത്. അഡ്മിനിസ്ട്രേറ്ററുടെ നടപടി ഫാസിസമെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പളി രാമചന്ദ്രന്‍ പ്രതികരിച്ചു.