ഓണ്‍ലൈന്‍ ക്ലാസിന്റെ മറവില്‍ ലൈംഗിക ചൂഷണം ; ചെന്നൈയില്‍ അധ്യാപകര്‍ക്കെതിരെ പരാതികളുടെ കുത്തൊഴുക്ക്
ഓണ്‍ലൈന്‍ ക്ലാസില്‍ തോര്‍ത്ത് മാത്രം ഉടുത്ത് സ്‌ക്രീനില്‍ വരികയും കുട്ടികള്‍ക്ക് അശ്ലീല സന്ദേശമയക്കുകയും ചെയ്ത കേസുകളില്‍ കഴിഞ്ഞ ദിവസം ചെന്നൈയില്‍ അധ്യാപകന്‍ അറസ്റ്റിലായതിന് പിന്നാലെ ചെന്നൈയില്‍ അധ്യാപകര്‍ക്കെതിരെ പരാതികളുടെ കുത്തൊഴുക്ക്. കെകെ നഗര്‍ പത്മശേശാദ്രി ബാല ഭവന്‍ വിദ്യാലയത്തിലെ അധ്യാപകനായ ജി. രാജഗോപാലനെയാണ് പോക്‌സോ കേസ് പ്രകാരം കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്. എന്നാല്‍ അധ്യാപകരുടെ ലൈംഗിക ചൂഷണം തമിഴ്നാട്ടില്‍ ഒറ്റപ്പെട്ട സംഭാവമല്ലെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്.
വിദ്യാര്‍ഥികളോട് അശ്ലീല പെരുമാറ്റം നടത്തിയതിന് രാജഗോപാലനെ അറസ്റ്റ് ചെയ്തതോടെ കൂടുതല്‍ പരാതികളുമായി മറ്റു സ്‌കൂളുകളില്‍നിന്നടക്കമുള്ള വിദ്യാര്‍ഥികളും പൂര്‍വവിദ്യാര്‍ഥികളും രംഗത്തെത്തുകയായിരുന്നു. ഇന്‍സ്റ്റഗ്രാമിലൂടെയും മറ്റു സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയും മീ ടൂ വെളിപ്പെടുത്തലുകളുമായി കുട്ടികള്‍ രംഗത്തെത്തിയത്. നിരവധി വിദ്യാര്‍ഥിനികളാണ് തങ്ങളുടെ അനുഭവങ്ങള്‍ വെളിപ്പെടുത്തി മുന്‍പോട്ട് വരുന്നത്. ഇത്തരം സംഭവങ്ങളുടെ സ്‌ക്രീന്‍ ഷോട്ടുകളും വ്യാപകമായി പ്രചരിക്കുന്നുണ്ട്. പോക്‌സോ കേസില്‍ അറസ്റ്റിലായ അധ്യാപകന്‍ പഠിപ്പിക്കുന്ന ഇതേ സ്‌കൂളിലെ മറ്റു ചില അധ്യാപകര്‍ക്കെതിരേയും സമാനമായ പരാതികളുണ്ടായിട്ടുണ്ട്.
ഇതിനുപിന്നാലെ അധ്യാപകനെ അറസ്റ്റു ചെയ്ത സംഭവത്തില്‍ ലൈംഗികാരോപണ പരാതിയുള്ള മറ്റ് കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും അറിയിക്കാനായി പൊലീസ് വാട്‌സാപ് നമ്പര്‍ പ്രസിദ്ധീകരിച്ചിരുന്നു. ഈ നമ്പറിലേക്ക് ഒറ്റ ദിവസം കൊണ്ട് 40ഓളം പരാതികളാണ് ലഭിച്ചതെന്ന് പൊലീസ് വ്യക്തമാക്കുന്നു. ഇതില്‍ 25ഓളം പരാതികള്‍ അതേ സ്‌കൂളിലുള്ള അധ്യാപകര്‍ക്കെതിരെയാണെന്നും ബാക്കി വരുന്ന15ഓളം പരാതികള്‍ മറ്റു സ്‌കൂളുകളിലെ അധ്യാപകര്‍ക്കെതിരെയുള്ളതാണെന്നും പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു. ലഭിച്ച എല്ലാ പരാതികളിലും വിശദമായ അന്വേഷണം നടത്തുമെന്നു പൊലീസ് അധികൃതര്‍ വ്യക്തമാക്കി.