ഒഡീഷയില്‍ യാസ് ചുഴലിക്കാറ്റിന്റെ സമയത്തു നടന്നത് 300ലേറെ പ്രസവങ്ങള്‍; കുഞ്ഞുങ്ങള്‍ക്ക് ചുഴലിക്കാറ്റിന്റെ പേരുനല്‍കി അമ്മമാര്‍

ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട യാസ് ചുഴലിക്കാറ്റ് ബംഗാളിലും ഒഡിഷയിലും വന്‍നാശനഷ്ടങ്ങളാണ് വിതച്ചത്. കോടിക്കണക്കിനു ആളുകളെ ദുരിതത്തില്‍ ആഴ്ത്തിയ ആ കാറ്റിന്റെ ദുരിതവാര്‍ത്തകള്‍ക്കിടയില്‍ കൗതുകമുണര്‍ത്തുന്ന ഒരു കണക്കാണ് ഇന്ന് ഒഡിഷ അധികൃതര്‍ പുറത്തുവിട്ടത്. ചുഴലിക്കാറ്റ് ഭീതി നിറഞ്ഞുനിന്ന കഴിഞ്ഞ ദിവസം 300 പ്രസവങ്ങളാണ് സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തത്. ചുഴലിക്കാറ്റ് താണ്ഡവമാടിയ ചൊവ്വാഴ്ച രാത്രിയായിരുന്നു കൂടുതല്‍ പ്രസവവും നടന്നത്. എന്നാല്‍, ഇതിലേറെ കൗതുകമുണര്‍ത്തുന്ന വാര്‍ത്ത മറ്റൊന്നാണ്. ദുരന്തദിവസം ഭൂമിയിലേക്കു പിറന്നുവീണ തങ്ങളുടെ പ്രിയ സന്തതികള്‍ക്ക് ‘യാസ് ‘ എന്നു തന്നെ പേരു നല്‍കിയിരിക്കുകയാണ് മിക്ക മാതാപിതാക്കളും.

കുഞ്ഞിനിടേണ്ട പേരിനെക്കുറിച്ച് ആലോചിച്ചപ്പോള്‍ ആദ്യം തന്നെ മനസില്‍ വന്നത് ചുഴലിക്കാറ്റിന്റെ പേരായിരുന്നുവെന്ന് ബലാശോറിലെ സോണാലി മൈതി പറയുന്നു. ചുഴലിക്കാറ്റും കുഞ്ഞിന്റെ ജനനവും നടന്നത് ഒരേസമയമായതിനാല്‍ ഇതിലും നല്ല പേര്‍ എവിടെനിന്നു ലഭിക്കാനാണെന്നാണ് അവര്‍ ചോദിക്കുന്നത്. കേന്ദ്രപാര ജില്ലയില്‍നിന്നുള്ള സരസ്വതി പറയുന്നത് കുറച്ചുകൂടി ന്യായമാണ്. ഇങ്ങനെയൊരു പേരിട്ടതുകൊണ്ട് മകളുടെ ജന്മദിനം എല്ലാവരും ഓര്‍ത്തുവയ്ക്കുമെന്നായിരുന്നു സരസ്വതിയുടെ ന്യായം. ചുഴലിക്കാറ്റ് ഭീഷണിയെത്തുടര്‍ന്ന് സുരക്ഷിതകേന്ദ്രങ്ങളിലേക്ക് മാറ്റിയവരില്‍ 6,500 ഗര്‍ഭിണികളുണ്ടായിരുന്നുവെന്ന് ഒഡിഷ സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നു.

തിയതി അടുത്തവരെയെല്ലാം ‘മാ ഗൃഹ’ എന്ന പേരിലുള്ള പ്രസവകേന്ദ്രങ്ങളിലേക്കും വിവിധ ആശുപത്രികളിലേക്കും മാറ്റുകയും ചെയ്തിരുന്നു. ഇവിടെവച്ചാണ് ഭൂരിഭാഗം പേരുടെയും പ്രസവം നടന്നത്. ഒമാനാണ് ചുഴലിക്കാറ്റിന് യാസ് എന്ന നാമകരണം നടത്തിയത്. പേര്‍ഷ്യന്‍ ഭാഷയില്‍നിന്നാണ് ഇങ്ങനെയൊരു വാക്കിന്റെ ഉത്ഭവം. മുല്ലപ്പൂ എന്നാണ് ഈ വാക്കിന്റെ അര്‍ത്ഥം.ചുഴലിക്കാറ്റില്‍ മൂന്നു ലക്ഷം വീടുകള്‍ പൂര്‍ണമായി തകര്‍ന്നു. ഒരു കോടിയിലേറെ പേരെ ദുരന്തം നേരിട്ട് ബാധിച്ചു.