ലോറികള്‍ ഏര്‍പ്പെടുത്തിയത് മുന്‍കരുതലായി ; ആറ്റുകാല്‍ പൊങ്കാല വിവാദത്തില്‍ വിശദീകരണവുമായി മേയര്‍ ആര്യാ രാജേന്ദ്രന്‍

ആറ്റുകാല്‍ പൊങ്കാല വിവാദത്തില്‍ വിശദീകരണവുമായി തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രന്‍. ശുചീകരണത്തിന് ടിപ്പര്‍ ലോറികള്‍ വാടകയ്ക്കെടുത്ത സംഭവത്തിലാണ് മേയര്‍ വിശദീകരണം നല്‍കിയത്. പൊങ്കാലക്കുശേഷം 28 ലോഡ് മാലിന്യം കോര്‍പറേഷന്‍ നീക്കം ചെയ്തു. ഇതിനാണ് 3,57,800 രൂപ ചെലവഴിച്ചത്. പൊങ്കാലയുടെതിനൊപ്പം പൊതുമാലിന്യങ്ങളും ഉള്‍പ്പെട്ട കണക്കാണിതെന്നും മേയര്‍ പറഞ്ഞു. കോവിഡ് നിയന്ത്രണങ്ങളുള്ളതിനാല്‍ ക്ഷേത്രവളപ്പില്‍ 5000 പേരെ പങ്കെടുപ്പിച്ച് പൊങ്കാല നടത്താനായിരുന്നു ആദ്യ തീരുമാനം. അതിനനുസരിച്ചുള്ള മുന്‍കരുതലെന്ന നിലയിലാണ് 21 ലോറികള്‍ ഏര്‍പ്പെടുത്തിയതും അതിന് വാടക മുന്‍കൂര്‍ അനുവദിച്ചതും. ഏറ്റവും ഒടുവിലാണ് വീടുകളില്‍ പൊങ്കാല മതിയെന്ന് തീരുമാനിച്ചത്. അതോടെയാണ് പൊങ്കാല മാലിന്യങ്ങള്‍ക്കൊപ്പം പൊതുമാലിന്യങ്ങളും ഈ ലോറി ഉപയോഗിച്ച് നീക്കാന്‍ തീരുമാനിച്ചതെന്നും ആര്യാ വിശദീകരിക്കുന്നു.

മണക്കാട്, ഫോര്‍ട്ട്, ശ്രീകണ്‌ഠേശ്വരം, ചാല, ചെന്തിട്ട, കരമന സര്‍ക്കിളുകളില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ പൊങ്കാല മാലിന്യം ശേഖരിച്ചത്. മുന്‍കാലങ്ങളില്‍ നിന്ന് വ്യത്യസ്തമായി കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിച്ചാണ് പൊങ്കാല നടന്നതെങ്കിലും ആചാരാനുഷ്ഠാനങ്ങളില്‍ ഒരു മാറ്റവും വരുത്തിയിരുന്നില്ല. അതുകൊണ്ടുതന്നെ ഉത്സവത്തിന്റെ ഫലമായി സാധാരണഗതിയില്‍ ഉണ്ടാകുന്ന മാലിന്യം നീക്കം ചെയ്തു. പൊങ്കാലദിവസത്തിന്റെ തലേന്ന് ശുചീകരണത്തിന്റെ സൗകര്യാര്‍ഥം ഫോര്‍ട്ട്, ശ്രീകണ്‌ഠേശ്വരം, ചാല, സെക്രട്ടേറിയറ്റ്, ചെന്തിട്ട, ജഗതി, പാളയം, കരമന, ബീച്ച്, പൂന്തുറ, നന്തന്‍കോട്, ശാസ്തമംഗലം, മെഡിക്കല്‍ കോളജ് എന്നീ 13 ഹെല്‍ത്ത് സര്‍ക്കിളുകളിലായി 20 വാഹനങ്ങള്‍ വിന്യസിച്ചു. പൊങ്കാലദിവസം വാഹനഗതാഗതം സാധാരണഗതിയില്‍ സാധ്യമാകാത്തതിനാലാണ് തലേദിവസം സര്‍ക്കിളുകളില്‍ വാഹനങ്ങള്‍ എത്തിച്ചത്.

മണക്കാട് സര്‍ക്കിളില്‍ പൂര്‍ണമായും നഗരസഭയുടെ വാഹനവും ഉള്ളൂര്‍ സോണലിനുകീഴിലുള്ള മണ്ണന്തല ആനന്ദവല്ലീശ്വരം ക്ഷേത്രം, ഉള്ളൂര്‍ ഗ്രാമം, ആക്കുളം ഇടിയക്കോട് ക്ഷേത്രം, ചെറുവയ്ക്കല്‍ പുലിയൂര്‍ക്കോട് ക്ഷേത്രം എന്നിവിടങ്ങളില്‍ ആറ്റുകാല്‍ പൊങ്കാലയോടനുബന്ധിച്ച് എല്ലാകാലത്തും പൊങ്കാല ഇടുന്ന പതിവ് ഉള്ളതിനാല്‍ അവിടങ്ങളിലെ മാലിന്യം നീക്കുന്നതിന് ഒരു ടിപ്പര്‍ കൂടി വാടകക്ക് എടുക്കാന്‍ അനുമതി നല്‍കിയെന്നും മേയര്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. കോവിഡിന്റെ പശ്ചാത്തലത്തില്‍ പൊങ്കാല വീടുകളിലേക്ക് ചുരുങ്ങിയിട്ടും ശുചീകരണത്തിന് ലക്ഷക്കണക്കിന് രൂപയുടെ വാഹനങ്ങള്‍ വാടകക്ക് എടുത്ത മേയര്‍ക്കും ഉദ്യോഗസ്ഥര്‍ക്കുമെതിരെ അഴിമതി നിരോധന നിയമപ്രകാരം കേസ് എടുക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി വീണ എസ് നായര്‍ മുഖ്യമന്ത്രിക്കും വിജിലന്‍സ് ഡയറക്ടര്‍ക്കും പരാതിനല്‍കി. പരാതി സംബന്ധിച്ച് പരിശോധിക്കാന്‍ എല്‍ എസ് ജി ഓംബുഡ്‌സ്മാനെ മുഖ്യമന്ത്രി ചുമതലപ്പെടുത്തിയതായാണ് വിവരം. പൊങ്കാലക്ക്? ശേഷം മാലിന്യം നീക്കം ചെയ്യാനെന്ന പേരില്‍ 21 ടിപ്പര്‍ ലോറികളാണ് നഗരസഭ വാടകക്ക് എടുത്തത്. ലോറികള്‍ക്കായി 3,57,800 രൂപയാണ് ചെലവഴിച്ചതെന്നാണ് കണക്കുകള്‍.