മുഖ്യമന്ത്രിയുടെ സന്ദേശം വിദ്യാര്‍ഥികളുടെ വീടുകളില്‍ നേരിട്ട് എത്തിക്കണമെന്ന ഉത്തരവിനെതിരെ അധ്യാപക സംഘടന

മുഖ്യമന്ത്രി പിണറായി വിജയന്റെ ഒന്നാം ക്ലാസ് വിദ്യാര്‍ഥികള്‍ക്കുള്ള സന്ദേശം വീടുകളില്‍ നേരിട്ടെത്തിക്കണമെന്ന വിദ്യാഭ്യാസ വകുപ്പിന്റെ നിര്‍ദ്ദേശത്തിനെതിരെ പ്രതിപക്ഷ അധ്യാപക സംഘടനകള്‍ രംഗത്ത്. സര്‍ക്കാര്‍ നിര്‍ദ്ദേശം അപ്രായോഗികമെന്നാണ് കെ.പി.എസ്.ടി.എ നേതാക്കള്‍ വ്യക്തമാക്കുന്നത്. മുഖ്യമന്ത്രിയുടെ സന്ദേശം ജൂണ്‍ ഒന്നിനു മുന്‍പായി എല്ലാ വീടുകളിലും നേരിട്ടെത്തിക്കണമെന്നാണ് പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ അധ്യാപകരേട് ആവശ്യപ്പെട്ടിരിക്കുന്നത്. കോവിഡ് വ്യാപന പശ്ചാത്തലത്തില്‍ സംസ്ഥാനത്താകെ ലോക്ഡൗണും ചില ജില്ലകളില്‍ ട്രിപ്പിള്‍ ലോക്ഡൗണും നിലനില്‍ക്കുന്ന സാഹചര്യത്തില്‍ സ്‌കൂള്‍ അഡ്മിഷനും പ്രവേശനോത്സവവും ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ ഓണ്‍ലൈനായി നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്. മുഖ്യമന്ത്രിയുടെ സന്ദേശം കെബിപിഎസ് വഴി ലക്ഷക്കണക്കിന് കോപ്പികള്‍ അച്ചടിച്ച് അധ്യാപകര്‍ മുഖേന ഓരോ കുട്ടിയുടെ വീട്ടിലും നേരിട്ടെത്തിക്കാന്‍ തീരുമാനിച്ചത് കാലഘട്ടത്തിന് യോജിച്ചതല്ലെന്ന് കെ.എസ്.ടി.എ ചൂണ്ടിക്കാട്ടുന്നു.

ഓണ്‍ലൈനായിതന്നെ സന്ദേശം എത്തിക്കുന്നതിനുള്ള സംവിധാനങ്ങള്‍ ഉണ്ടെന്നിരിക്കെ, തീരുമാനം അയുക്തികമാണെന്ന് കെപിഎസ്ടിഎ സംസ്ഥാന കമ്മിറ്റി അഭിപ്രായപ്പെട്ടു. ക്യുഐപിയിലുള്ള അധ്യാപക സംഘടനകളോട് ആലോചിക്കാതെയാണ് തീരുമാനമെടുത്തത്. പ്രവേശനോത്സവം സംബന്ധിച്ച തയാറെടുപ്പുകള്‍ക്ക് ഞായറും തിങ്കളും മാത്രമേയുള്ളൂ. അതിനിടയില്‍ അധ്യാപകര്‍ വഴിയുള്ള നോട്ടിസ് വിതരണം അസാധ്യമാണ്. അതിനാല്‍ ഇക്കാര്യത്തില്‍ അധ്യാപകരെ നിര്‍ബന്ധിക്കുന്ന നിലപാടുകള്‍ വിദ്യാഭ്യാസ ഓഫിസര്‍മാരുടെ പക്കല്‍ നിന്നുണ്ടാകരുതെന്നും വീടുകളില്‍ നോട്ടിസെത്തിക്കുന്നതില്‍നിന്നും അധ്യാപകരെ ഒഴിവാക്കണമെന്നും കെപിഎസ്ടിഎ സംസ്ഥാന പ്രസിഡന്റ് എം.സലാഹുദ്ദീനും ജനറല്‍ സെക്രട്ടറി സി.പ്രദീപും ആവശ്യപ്പെട്ടു.