സാമ്പത്തിക ബുദ്ധിമുട്ട് ; തിരുവനന്തപുരത്ത് ഡബ്ബിങ് കലാകാരി ആത്മഹത്യ ചെയ്തു
തിരുവന്തപുരത്ത് ഡബിങ് കലാകാരി റൂബി ആത്മഹത്യ ചെയ്തു. എറണാകുളം സ്വദേശിയായ റൂബിയെയും ഭര്‍ത്താവിനെയും തിരുവനന്തപുരം ശ്രീകാര്യത്തെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. തിരുവനന്തപുരം ശ്രീകാര്യം പാങ്ങപ്പാറയിലാണ് ഇവര്‍ താമസിച്ചിരുന്നത്. ഇന്നലെ വാടക വീട്ടിലാണ് സംഭവം. ഇന്നലെ രാത്രി 7 മണിയോടെ സുനില്‍ സുഹൃത്തിനെ വിളിച്ച് റൂബി തൂങ്ങിമരിച്ചെന്നും താന്‍ ഉടന്‍ മരിക്കുമെന്നും അറിയിക്കുകയുണ്ടായി. സുഹൃത്ത് ശ്രീകാര്യം പൊലീസിന്റെ സഹായത്തോടെ ഇരുവരെയും തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. ഫെബ്രുവരിയിലാണ് ഇരുവരും ശ്രീകാര്യത്ത് വീട് വാടകയ്ക്ക് എടുത്തത്. സംഭവത്തില്‍ എന്തെങ്കിലും ദുരൂഹതയുണ്ടോയെന്ന് അന്വേഷിക്കുമെന്ന് ശ്രീകാര്യം പൊലീസ് അറിയിച്ചു.
അതേസമയം സിനിമാ മേഖലയിലെ ദിവസവേതനക്കാര്‍ കോവിഡ് മഹാമാരിയില്‍ അനുഭവിക്കുന്ന സാമ്പത്തിക പ്രയാസങ്ങള്‍ ചര്‍ച്ചയായി. സംവിധായകന്‍ ജൂഡ് ആന്റണി ജോസഫ് ഇത്തരത്തിലൊരു കുറിപ്പുമായി രംഗത്ത് വന്നിട്ടുള്ളത്. കോവിഡ് മഹാമാരി ഏറ്റവും കൂടുതല്‍ ബാധിച്ചത് എല്ലാമേഖലയിലും ദിവസവേതനക്കാരെയാണെന്ന് ജൂഡ് ചൂണ്ടിക്കാട്ടി. സിനിമാ മേഖലയിലെ സാങ്കേതിക പ്രവര്‍ത്തകരെയും ദിവസവേതനക്കാരെയും വളരെ പ്രതികൂലമായാണ് ബാധിച്ചത്.
നമ്മള്‍ കൂടുതല്‍ ജാഗരൂകരാകണമെന്നും വല്ലപ്പോഴും സുഹ്യത്തുക്കളെ വിളിച്ച് കുഴപ്പമൊന്നുമില്ലല്ലോ എന്ന് ചോദിക്കാന്‍ നമ്മള്‍ ശീലിക്കണമെന്നും ജൂഡ് ഓര്‍മിപ്പിച്ചു. ഒരു നേരത്തെ വിശപ്പ് മാറ്റാനെങ്കിലും നമ്മള്‍ ശ്രമിക്കണമെന്നും, ഈ കാലവും കടന്നു പോകുമെന്ന പ്രത്യാശയും ജൂഡ് ഫേസ്ബുക്ക്ില്‍ പങ്കുവച്ചു. കോവിഡ് ആദ്യ തരംഗം മുതല്‍ പ്രതിസന്ധിയിലായ സിനിമാ മേഖല ഒന്ന് ഉണര്‍ന്നു വരുമ്പോഴാണ് കോവിഡ് രണ്ടാം തരംഗം ഉണ്ടായത്. അതോട് കൂടി സിനിമകളുടെ റിലീസും ഷൂട്ടിങും മുടങ്ങിയതോടെ മേഖല കൂടുതല്‍ പ്രതിസന്ധിയിലായിരുന്നു.