സംസ്ഥാനത്ത് ലോക്ക് ഡൗണ്‍ ജൂണ്‍ 9 വരെ ; മദ്യശാലകള്‍ തുറക്കില്ല
സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയിരിക്കുന്ന ലോക്ക് ഡൗണ്‍ നീട്ടി. ജൂണ്‍ 9 വരെ ലോക്ക് ഡൗണ്‍ നീട്ടണമെന്നാണ് വിദഗ്ധ സമിതിയുടെ ശുപാര്‍ശ. ലോക്ക് ഡൗണ്‍ നീട്ടുമെങ്കിലും അവശ്യ സേവന മേഖലകളില്‍ കൂടുതല്‍ ഇളവുകള്‍ അനുവദിച്ചേക്കുമെന്നാണ് വിവരം. സ്വര്‍ണക്കടകള്‍, ടെക്സ്റ്റൈലുകള്‍, ചെരിപ്പുകടകള്‍, സ്‌കൂള്‍ കുട്ടികള്‍ക്ക് ആവശ്യമായ വസ്തുക്കള്‍ വില്‍ക്കുന്ന കടകള്‍ എന്നിവ തുറന്നു പ്രവര്‍ത്തിക്കാനുള്ള അനുമതി നല്‍കും. വ്യവസായ സ്ഥാപനങ്ങള്‍ക്കും പ്രവര്‍ത്തന അനുമതി നല്‍കും. അന്‍പത് ശതമാനം ജീവനക്കാരെവെച്ച് വ്യവസായ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിപ്പിക്കാനുള്ള തീരുമാനമാണ് ഇപ്പോള്‍ കൈക്കൊണ്ടിരിക്കുന്നത്.
ഈ വ്യവസായ സ്ഥാനപനങ്ങള്‍ക്ക് ആവശ്യമായ അസംസ്‌കൃത വസ്തുക്കള്‍ നല്‍കുന്ന സ്ഥാപനങ്ങള്‍ക്കും പ്രവര്‍ത്തിക്കാവുന്നതാണ്. സ്പെയര്‍ പാര്‍ട്ടുകള്‍ വില്‍ക്കുന്ന കടകള്‍ക്കും പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കും. കള്ളുഷാപ്പുകള്‍ക്ക് ഭാഗികമായി പ്രവര്‍ത്തിക്കാനുള്ള അനുവാദം നല്‍കാനും തീരുമാനം എടുത്തിട്ടുണ്ട്. ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍ വൈകുന്നേരം അഞ്ച് മണിവരെ തുറക്കാം. ജൂണ്‍ 1, 3, 5, 8 തീയതികള്‍ ബാങ്കുകള്‍ക്കും ധനകാര്യ സ്ഥാപനങ്ങള്‍ക്കും അവധി അയിരിക്കും. കള്ളുഷാപ്പുകളില്‍ പാഴ്‌സല്‍ നല്‍കാം. തുണിക്കടകള്‍, ചെരുപ്പുകടകള്‍, പഠനസാമഗ്രികള്‍ വില്‍ക്കുന്ന കടകള്‍ എന്നിവകള്‍ക്ക് ആഴ്ചയില്‍ മൂന്ന് ദിവസം തുറക്കാം. തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍ തുണി, ചെരുപ്പുകടകള്‍ക്ക് തുറന്നുപ്രവര്‍ത്തിക്കാം. ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിലാണ് പഠനസാമഗ്രികള്‍ വില്‍ക്കുന്ന കടകള്‍ തുറക്കാന്‍ അനുമതിയുള്ളത്. രാവിലെ 9 മുതല്‍ വൈകുന്‍ണേരം അഞ്ച് വരെയാണ് പ്രവര്‍ത്തനസമയം. വ്യവസായ മേഖലകളില്‍ മിനിമം ബസുകള്‍ വച്ച് കെഎസ്ആര്‍ടിസിയ്ക്ക് സര്‍വീസ് നടത്താം.