സി ബി എസ് ഇ പ്ലസ് ടൂ പരീക്ഷ ഒഴിവാക്കും ; ഇന്റേണല്‍ മാര്‍ക്ക് നല്‍കാന്‍ സാധ്യത

കോവിഡ് കാലത്ത് പരീക്ഷ നടത്തരുതെന്ന് ആവശ്യം പരിഗണിച്ചു സി.ബി.എസ്.ഇ 12ാം ക്ലാസ് പരിക്ഷ ഒഴിവാക്കി ഇന്റേണല്‍ മാര്‍ക്ക് നല്‍കുന്ന കാര്യം പരിഗണനയില്‍. കേന്ദ്ര മന്ത്രി രാജ് നാഥ് സിങ്ങിന്റ നേതൃത്വത്തില്‍ ഇതിനായി ഉന്നത തല മീറ്റിങ്ങ് അടക്കം സംഘടിപ്പിച്ചിരുന്നു. വിവിധ സംസ്ഥാനങ്ങളില്‍ നിന്നായി നിരവധി വിദ്യാര്‍ഥികളാണ് സി.ബി.എസ്.ഇ 12ാം ക്ലാസിലെ പരീക്ഷ എഴുതുന്നത്. നിലവില്‍ 9,10,11 ക്ലാസുകളിലെ വിദ്യാര്‍ഥിയുടെ പ്രകടനം വിലയിരുത്തിയാണ് മാര്‍ക്ക് നിശ്ചയിക്കാന്‍ ബോര്‍ഡ് ആലോചിക്കുന്നത്.

പരീക്ഷ നടത്തിപ്പിനോട് പല സംസ്ഥാനങ്ങളും അനുകൂല നിലപാട് എടുത്തെങ്കിലും പിന്നീട് വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും വാക്‌സിന്‍ എടുക്കുന്നതടക്കമുള്ള കാര്യങ്ങള്‍ മുന്നോട്ട് വെച്ചിരുന്നു. എന്നാല്‍ ഇത് നിലവില്‍ പ്രാവര്‍ത്തികമല്ലാത്തതിനാലാണ് പുതിയ വഴി ആലോചിക്കുന്നത്. ഓഗസ്റ്റില്‍ പരീക്ഷ നടത്തുന്നത് സംബന്ധിച്ച് ഒരു നിര്‍ദേശം സി ബി എസ് ഇയും കേന്ദ്രസര്‍ക്കാരും മുന്നോട്ട് വച്ചിരുന്നു. പരീക്ഷയുടെ സമയദൈര്‍ഘ്യം കുറയ്ക്കുന്നതാണ് മറ്റൊരു നിര്‍ദേശം. മൂന്നു മണിക്കൂറിനു പകരം ഒന്നര മണിക്കൂര്‍ അവരവരുടെ സ്‌കൂളുകളില്‍ തന്നെ പരീക്ഷയെഴുതുന്ന രീതിയിലാണ് ഈ ക്രമീകരണം. ഈ നിര്‍ദേശങ്ങളും കേന്ദ്രത്തിന്റെ പരിഗണനയിലുണ്ട്.