ലോകത്ത് മാസ്‌ക് വെക്കാതെ ജനങ്ങള്‍ ജീവിക്കുന്ന രാജ്യങ്ങള്‍
കൊറോണയെ ഭയന്ന് ലോകം മുഴുവന്‍ മുഖവും മൂടി കെട്ടി നടക്കുവാന്‍ തുടങ്ങിയിട്ട് വര്‍ഷം ഒന്ന് കഴിഞ്ഞു. നിത്യ ജീവിതത്തില്‍ ഒഴിച്ചു കൂടാന്‍ പറ്റാത്ത ഒന്നായി മാറിക്കഴിഞ്ഞു മാസ്‌ക്. ഇപ്പോള്‍ ഡബിള്‍ മാസ്‌ക് ആണ് പുറത്തു ഇറങ്ങുമ്പോള്‍ വെക്കേണ്ടത്. എന്നാല്‍ ഇപ്പോഴും ഫേസ് മാസ്‌ക് പോലും നിര്‍ബന്ധമല്ലാത്ത ചില രാജ്യങ്ങള്‍ ലോകത്തുണ്ട്.ലോകത്ത് ആദ്യമായി കോവിഡ് മുക്ത രാഷ്ട്രമായെന്ന് പ്രഖ്യാപിച്ചത് ഇസ്രയേലാണ്. ഏപ്രിലില്‍ ഈ പ്രഖ്യാപനത്തിന് പിന്നാലെ തന്നെ നിര്‍ബന്ധിത ഫേസ് മാസ്‌ക് നിയമവും സര്‍ക്കാര്‍ നീക്കം ചെയ്തു. 8,39,000 കോവിഡ് കേസുകളും 6,392 മരണങ്ങളുമാണ് ഇസ്രയേലില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഇപ്പോള്‍ അവിടെ ഫേസ് മാസ്‌ക് ഇല്ലാതെ ജനങ്ങള്‍ക്ക് പുറത്തിറങ്ങാം.
കോവിഡ് മഹാമാരിയുടെ ഉദ്ഭവ കേന്ദ്രമായ ചൈനയും ഇപ്പോള്‍ മാസ്‌ക് രഹിതമാണ്. രാജ്യത്ത് ആകെ 90,908 കോവിഡ് -19 കേസുകളും 4,636 മരണങ്ങളുമാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ജനജീവിതം സാധാരണ ഗതിയിലായ ചൈനയും ഇപ്പോള്‍ മുഖം മറയ്ക്കുന്നില്ല. ലോകം മുഴുവന്‍ മഹാമാരി പടര്‍ന്നിട്ടും കോവിഡ് നിയന്ത്രണത്തില്‍ മാതൃകാപരമായ പ്രവര്‍ത്തനങ്ങള്‍ നടത്തിയ രാജ്യങ്ങളിലൊന്നാണ് ന്യൂൂസിലാന്‍ഡ്. ഇവിടെയും നിലവില്‍ മാസ്‌ക് നിര്‍ബന്ധമല്ല. എന്നാല്‍ പൊതുഗതാഗത സംവിധാനങ്ങളിലും വിമാനത്തിലും മാസ്‌ക് ഉപയോഗിക്കണം. ആകെ 2658 കോവിഡ് കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. 26 മരണങ്ങളും.
ഒരു സമയത്തു ലോകത്തിലെ തന്നെ ഏറ്റവും കോവിഡ് രോഗികള്‍ ഉണ്ടായിരുന്ന അമേരിക്കയില്‍ നിര്‍ബന്ധിത മാസ്‌ക് നിയമത്തില്‍ ഇളവ് നല്‍കിയിട്ടുണ്ട്. പൂര്‍ണ്ണമായും വാക്‌സിനേറ്റഡ് ആയ ആളുകള്‍ മാസ്‌ക് ധരിക്കേണ്ടതില്ല. ലോകത്തില്‍ ഏറ്റവും കൂടുതല്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട രാജ്യങ്ങളിലൊന്നാണ് യുഎസ്എ. മൂന്നര കോടി പോസിറ്റീവ് കേസുകളും 5.87 ലക്ഷം മരണങ്ങളുമാണ് ഇവിടെ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. പോരാട്ടങ്ങള്‍ ഇപ്പോഴും തുടരുന്നുണ്ടെങ്കിലും മാസ്‌ക് വിഷയത്തില്‍ ഇളവ് നല്‍കിയിട്ടുണ്ട്. രാജ്യത്തെ 90% ആളുകളും വാക്‌സിന്‍ സ്വീകരിച്ചതിന് പിന്നാലെയാണ് ഭൂട്ടാനില്‍ മാസ്‌ക് നിയമത്തിന് ഇളവ് നല്‍കിയത്. ലോകാരോഗ്യ സംഘടനയുടെ കണക്കുള്‍ അനുസരിച്ച് ജനുവരി 3 2020 നും 28 മെയ് 2021 നും ഇടയ്ക്ക് ആകെ 1491 കേസുകളും ഒരു മരണവും മാത്രമാണ് ഇവിടെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്.
മേല്‍പ്പറഞ്ഞ അഞ്ച് രാജ്യങ്ങള്‍ക്ക് പുറമെ യുഎസ് സ്റ്റേറ്റായ ഹവായിയും മാസ്‌ക് രഹിതമായി പ്രഖ്യാപിച്ചിട്ടുണ്ട്. രാജ്യത്തെ പകുതി ആളുകളും വാക്‌സിനേറ്റഡ് ആണ്. ബാക്കിയുള്ള ഭൂരിഭാഗവും ഒരു ഡോസ് സ്വീകരിച്ച് കഴിഞ്ഞിട്ടുണ്ട്. ഇതോടെയാണ് നിര്‍ബന്ധിത മാസ്‌ക് നിയമം നീക്കിയത്. കണക്കുകള്‍ പ്രകാരം 34,844 കേസുകളും 495 മരണങ്ങളുമാണ് ഇവിടെ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. അതേസമയം രണ്ടാം തരംഗത്തില്‍ ഇന്ത്യയില്‍ രോഗികളുടെ എണ്ണത്തില്‍ കുറവ് വരുന്നുണ്ട്. വാക്‌സിനേഷന്‍ പൂര്‍ത്തിയാകാത്തതു ആണ് ഇന്ത്യക്കാര്‍ ഇപ്പോഴും മാസ്‌ക് ഉപയോഗിക്കാന്‍ നിര്ബന്ധിതരാകുന്നത്.