സിപിഎം എംപിമാര്‍ക്ക് ലക്ഷദ്വീപ് സന്ദര്‍ശിക്കാന്‍ അനുമതിയില്ല

ലക്ഷദ്വീപ് സന്ദര്‍ശനത്തിനു സിപിഎം സംഘത്തിന് അനുമതി നിഷേധിച്ചു. സിപിഎം എംപിമാരുടെ സംഘം നല്‍കിയ അപേക്ഷയാണ് അഡ്മിനിസ്‌ട്രേഷന്‍ തള്ളിയത്. കോവിഡ് സാഹചര്യത്തില്‍ അനുമതി നല്‍കാനാകില്ലെന്ന് അധികൃതര്‍ അറിയിച്ചു. ഇതിനെതിരെ പ്രതിഷേധം നടത്താനാണ് സിപിഎമ്മിന്റെ തീരുമാനം. വി ശിവദാസന്‍, എ എം ആരിഫ് എന്നീ എംപിമാരാണ് ദ്വീപ് സന്ദര്‍ശിക്കാന്‍ അപേക്ഷ നല്‍കിയത്. യാത്ര മുടക്കാന്‍ അഡ്മിനിസ്‌ടേഷന്‍ ശ്രമിക്കുന്നുവെന്ന് എളമരം കരിം പറഞ്ഞു. ദ്വീപിലെ യഥാര്‍ത്ഥ വസ്തുത ജനം അറിയുമെന്ന് ഭരണകൂടത്തിന് ആശങ്കയാണെന്നും അദ്ദേഹം വിമര്‍ശിച്ചു. നേരത്തെ എഐസിസി സംഘത്തിനും ലക്ഷദ്വീപ് സന്ദര്‍ശിക്കാന്‍ അധികൃതര്‍ അനുമതി നല്‍കിയില്ല. സമാനമായ കാരണങ്ങള്‍ പറഞ്ഞാണ് അനുമതി നിഷേധിച്ചത്.

ലക്ഷദ്വീപില്‍ അഡ്മിനിസ്‌ട്രേറ്ററുടെ കിരാത നടപടികള്‍ക്കെതിരെയുള്ള പ്രതിഷേധം തുടരുകയാണ്. അഡ്മിനിസ്‌ട്രേറ്റര്‍ക്കും കലക്ടര്‍ക്കുമെതിരെ പ്രതിഷേധിച്ചതിന് ഇന്നലെ 11 പേരെ കൂടി അറസ്റ്റ് ചെയ്തു. കില്‍ത്താനില്‍ കലക്ടറുടെ കോലം കത്തിച്ച 12 പേരെ നേരത്തെ റിമാന്റ് ചെയ്തിരുന്നു. ഈ 23 പേരെയും കമ്യൂണിറ്റി ഹാളിലാണ് കസ്റ്റഡിയില്‍ സൂക്ഷിച്ചിരിക്കുന്നത്. അതേസമയം ലക്ഷദ്വീപിലെ ബിജെപി നേതാക്കളെ കേന്ദ്രനേതൃത്വം ഡല്‍ഹിയിലേക്ക് വിളിപ്പിച്ചു. സംസ്ഥാന പ്രസിഡന്റ് അബ്ദുല്‍ ഖാദര്‍, വൈസ് പ്രസിഡന്റ് കെ.പി മുത്തുകോയ എന്നിവരാണ് ഡല്‍ഹിയിലെത്തിയത്. നാളെ നേതൃത്വവുമായി കൂടിക്കാഴ്ച നടത്തും. അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ പട്ടേലിന്റെ നടപടികളില്‍ നേതാക്കള്‍ അതൃപ്തി അറിയിച്ചിരുന്നു. നിലവിലെ നിയമങ്ങള്‍ മാറ്റണമെന്നാണ് ദ്വീപിലെ ബിജെപിയുടെ നിലപാട്.