ജനരോഷം ഭയം ; കെ.കെ. രമയ്‌ക്കെതിരേ നടപടിയില്ല

നിയമസഭയില്‍ ബാഡ്ജ് ധരിച്ചു സത്യപ്രതിജ്ഞ ചെയ്ത സംഭവത്തില്‍ കെ.കെ. രമക്കെതിരായ സി പി എമ്മിന്റെ പരാതിയില്‍ നടപടിയുണ്ടാവില്ല. ചട്ടലംഘനമുണ്ടായെങ്കിലും പുതിയ അംഗമായതിനാല്‍ മറ്റ് നടപടിക്ക് ആലോചനയില്ലെന്നാണ് പുറത്തു വരുന്ന സൂചന. എന്നാല്‍ ഇപ്പോള്‍ നടപടി എടുത്താല്‍ സര്‍ക്കാരിനെതിരെ ജനരോഷം ഉണ്ടാകും എന്ന ഭയവും ഇതിനു പിന്നില്‍ ഉണ്ട് എന്ന് വാര്‍ത്തകള്‍ ഉണ്ട്. സത്യപ്രതിജ്ഞ ദിനത്തില്‍ ടി.പി. ചന്ദ്രശേഖരന്റെ ചിത്രമുള്ള ബാഡ്ജ് ധരിച്ച് സത്യപ്രതിജ്ഞ ചെയ്ത കെ.കെ. രമയ്ക്കെതിരെ നടപടി സ്വീകരിക്കണമെന്നായിരുന്നു സ്പീക്കര്‍ക്ക് ലഭിച്ച പരാതി. വടകരയില്‍ നിന്ന് യുഡിഎഫ് പിന്തുണയോടെ ആര്‍എംപി സ്ഥാനാര്‍ഥിയായി വിജയിച്ച കെ.കെ. രമ നിയമസഭയില്‍ പ്രത്യേക ബ്ലോക്കായാണ് ഇരിക്കാനാണ് അപേക്ഷ നല്‍കിയിട്ടുള്ളത്.

തെരഞ്ഞെടുപ്പില്‍ വിജയിച്ച ശേഷം, സഭയില്‍ ടി പിയുടെ ശബ്ദം മുഴങ്ങുമെന്ന് കെ കെ രമ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് സത്യപ്രതിജ്ഞയ്ക്ക് പാര്‍ട്ടി സ്ഥാപകനും ഭര്‍ത്താവുമായ ടിപി ചന്ദ്രശേഖരന്റെ ചിത്രമുള്ള ബാഡ്ജ് അണിഞ്ഞ് കെ.കെ രമ എത്തിയത്. ജയിച്ചത് സഖാവ് ടിപിയാണ്, അദ്ദേഹമാണ് നിയമസഭയിലുള്ളത്. അദ്ദേഹം മുന്നോട്ട് വെച്ച രാഷ്ട്രീയം ഇല്ലാതാക്കാനാണ് അദ്ദേഹത്തെ അവസാനിപ്പിച്ചത്. അങ്ങനെയുള്ള കൊലപാതക രാഷ്ട്രീയത്തിനെതിരെയുള്ള സന്ദേശം നല്‍കാനാണ് ഈ ബാഡ്ജ് ധരിച്ചു വന്നതെന്നും സത്യപ്രതിജ്ഞാ ദിവസം കെ.കെ രമ പറഞ്ഞിരുന്നു. ഇതിനെതിരെയാണ് പാര്‍ട്ടി രംഗത് വന്നത്.