ജനസംഖ്യയില്‍ കുറവ് ; രണ്ടുകുട്ടി നയം ഉപേക്ഷിച്ച് ചൈന
ജനസംഖ്യയില്‍ കുറവ് വന്നത് കാരണം ജനസംഖ്യാ നിയന്ത്രണത്തില്‍ ഇളവു വരുത്തി ചൈന. വിവാഹിതരായ ദമ്പതികള്‍ക്ക് മൂന്നു കുട്ടികള്‍ വരെ ആകാം എന്നാണ് ചൈന ഇപ്പോള്‍ നയം മാറ്റിയിരിക്കുന്നത്. നവജാത ശിശുക്കളുടെ എണ്ണത്തില്‍ നാടകീയമായ കുറവു വന്നതോടെയാണ് ചൈന നയം മാറ്റത്തിന് തയ്യാറായതെന്ന് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു. തലസ്ഥാനമായ ബീജിങ്ങില്‍ ചേര്‍ന്ന ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പോളിറ്റ് ബ്യൂറോ യോഗത്തിലാണ് തീരുമാനം. ദശാബ്ദങ്ങള്‍ നീണ്ട ഒറ്റക്കുട്ടി നയം ഉപേക്ഷിച്ച് രണ്ടുകുട്ടികള്‍ ആകാമെന്ന് 2016ലാണ് ചൈന പ്രഖ്യാപിച്ചിരുന്നത്. വൃദ്ധജനസംഖ്യ കൂടി വരുന്ന പശ്ചാത്തലത്തിലാണ് ചൈന മാറ്റത്തിന് തയ്യാറായത്. എന്നാല്‍ നഗരങ്ങളില്‍ കുഞ്ഞുങ്ങളെ വളര്‍ത്തുന്നത് ചെലവേറിയതു മൂലം നയം മാറ്റം വേണ്ടത്ര വിജയകരമായിരുന്നില്ല.
ഈ സാഹചര്യത്തിലാണ് കുട്ടികളുടെ എണ്ണം മൂന്നു വരെ ആകാമെന്ന് ലോകത്തെ ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള രാഷ്ട്രം പ്രഖ്യാപിക്കുന്നത്. ‘രാജ്യത്തിന്റെ ജനസംഖ്യാ ഘടനയെ മെച്ചപ്പെടുത്താനുള്ളതാണ്’ പുതിയ നയം മാറ്റമെന്ന് ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ ഷിന്‍ഹ്വ റിപ്പോര്‍ട്ട് ചെയ്യുന്നു. പുതിയ നയം പ്രഖ്യാപിച്ചതിന് പിന്നാലെ, കുടുംബങ്ങളുടെ വിദ്യാഭ്യാസ ചെലവ്, നികുതി, പാര്‍പ്പിട പിന്തുണ തുടങ്ങിയവയില്‍ വന്‍ അഴിച്ചുപണിയാണ് പ്രതീക്ഷിക്കപ്പെടുന്നത്. 2020ലെ കണക്കുകള്‍ പ്രകാരം ചൈനീസ് വനിതകളുടെ ഫെര്‍ട്ടിലിറ്റി നിരക്ക് 1.3 കുട്ടികളാണ്. വൃദ്ധജനസംഖ്യ കൂടുതലുള്ള ജപ്പാന്‍, ഇറ്റലി തുടങ്ങിയ രാഷ്ട്രങ്ങളില്‍ ഇത് 2.1 ആണ്.
അതിനിടെ, മൂന്നു കുട്ടി നയത്തിന് നിങ്ങള്‍ തയ്യാറാണോ എന്ന് ചോദിച്ച് ഷിന്‍ഹ്വയുടെ വൈബോ അക്കൗണ്ട് നടത്തിയ സര്‍വേയില്‍ പങ്കെടുത്ത 31000 പേരില്‍ 29000 പേരും പ്രതികരിച്ചത് തങ്ങള്‍ അതേക്കുറിച്ച് ചിന്തിച്ചിട്ടില്ല എന്നാണ്. സര്‍വേ പിന്നീട് അക്കൗണ്ടില്‍ നിന്ന് നീക്കം ചെയ്തു. നിങ്ങള്‍ അഞ്ചുദശലക്ഷം യുവാന്‍ തരുമെങ്കില്‍ മൂന്നു കുട്ടി നയത്തിന് സന്നദ്ധമാണ് എന്നാണ് ഒരു ഉപഭോക്താവ് പ്രതികരിച്ചത്. 1950ന് ശേഷമുള്ള ഏറ്റവും വേഗം കുറഞ്ഞ ജനസംഖ്യാ വളര്‍ച്ചയാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ജനനങ്ങള്‍ കുറഞ്ഞതിലൂടെ, രാജ്യത്തെ ജനസംഖ്യയില്‍ കൂടുതലും വയോജനങ്ങളാകും എന്നതാണ് ഭരണകൂടത്തെ അലട്ടുന്നത്.
‘പുതിയ തീരുമാനം യഥാര്‍ത്ഥ ദിശയിലേക്കുള്ള ചുവടുവെപ്പാണെന്നും എന്നാല്‍ ഇപ്പോഴും അതിന് വേണ്ടത്ര ധൈര്യം വന്നിട്ടില്ലെന്നും ഹോങ്കോങ് സ്റ്റാന്‍ഡേഡ് ചാര്‍ട്ടേഡിലെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് ഷൗങ് ഡിങ് പറയുന്നു. അഞ്ചു വര്‍ഷം മുമ്പെങ്കിലും നയം കൊണ്ടു വരേണ്ടിയിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞ വര്‍ഷം വരെ പല ചൈനീസ് പ്രവിശ്യകളിലും മൂന്നാമത്തെ കുട്ടിയുണ്ടായാല്‍ 130,000 യുവാന്‍ പിഴയീടാക്കിയിരുന്നു. ജനസംഖ്യാ വിസ്ഫോടനം ഭയന്ന് 1979ലാണ് ചൈന വിവാദമായ ഒറ്റക്കുട്ടി നയം കൊണ്ടുവന്നത്. നിലവില്‍ ലോകത്ത് ഏറ്റവും കൂടുതല്‍ ജനസംഖ്യ ഉള്ള രാജ്യങ്ങളില്‍ ഒന്നാമന്‍ ആണ് ചൈന. ഇന്ത്യയാണ് രണ്ടാമത്.