ഭാവിക്കുവേണ്ടി വെള്ളിയാഴ്ചകള്‍

 

സി.വി എബ്രഹാം

Fridays for Future എന്ന സംഘടനയെപ്പറ്റി അധികമാരും കേട്ടിട്ടില്ലെങ്കിലും അതിന്റെ സ്ഥാപകയായ ഗ്രെറ്റ തുന്‍ബെര്‍ഗിനെ അറിയാത്തവര്‍ ചുരുക്കമായിരിക്കും. 2018 ഓഗസ്റ്റ് 20നാണ് ഇന്ന് 120 രാജ്യങ്ങളിലധികം ശാഖകളുള്ള Fridays for Future എന്ന സംഘടന സ്ഥാപിതമാവുന്നത്.

അന്ന് വെറും 15 വയസ്സുകാരിയായിരുന്ന വിദ്യാര്‍ത്ഥിനി ഗ്രെറ്റ കാലാവസ്ഥ `സംരക്ഷണത്തിനായി സ്‌കൂള്‍ സമരം` എന്നെഴുതിയ പ്ലാക്കാര്‍ഡുമേന്തി സ്വീഡിഷ് പാര്‍ലമെന്റിനു മുന്‍പില്‍ തുടര്‍ച്ചയായി മൂന്നാഴ്ച്ച സമരം നടത്തിയപ്പോള്‍ ആരും വിചാരിച്ചു കാണില്ല, ഈ കുരുന്നു പെണ്ണിന്റെ നിശ്ച്വയ ദാര്‍ഢ്യത്തിന് ഇത്രമാത്രം വ്യാപ്തിയുണ്ടാവുമെന്ന്.

2018 സെപ്റ്റംബര്‍ 8 ആം തീയതി ഗ്രെറ്റ ഒരു അന്ത്യ ശാസനം പുറപ്പെടുവിച്ചു; `സ്വീഡിഷ് പാര്‍ലമെന്റിലേയ്ക് പിറ്റേന്നു നടക്കുന്ന തിരഞ്ഞെടുപ്പിലെ വിജയികള്‍ ആരായിരുന്നാലും, പാരീസ് കാലാവസ്ഥാ ഉച്ചകോടിയിലെ തീരുമാനങ്ങള്‍ നടപ്പിലാക്കുന്നില്ലെങ്കില്‍ `ഇനിമുതല്‍ വരുന്ന വെള്ളിയാഴ്ചകളെല്ലാം കാലാവസ്ഥാ സംരക്ഷണത്തിനായി മാറ്റിവയ്ക്കുന്നു, വിദ്യാര്‍ഥികള്‍ വെള്ളിയാഴ്ചകളില്‍ ക്‌ളാസുകള്‍ ബഹിഷ്‌കരിച്ചുകൊണ്ട് സമരമുഖത്തായിരിക്കും, Fridays for Future പതാകയുമേന്തി താന്‍ അവര്‍ക്കു മുന്നിലുണ്ടാവും`.

അതൊരു തുടക്കമായിരുന്നു.

യൂറോപ്പില്‍ തുടങ്ങി ലോകമെമ്പാടുമുള്ള സ്‌കൂള്‍, യൂണിവേഴ്‌സിറ്റി പഠിതാക്കള്‍ ഗ്രെറ്റയോടൊപ്പം ചേര്‍ന്നു. വെള്ളിയാഴ്ചകളില്‍ പഠനത്തിന് പകരം പ്രകൃതിക്കു വേണ്ടി അവര്‍ മാറ്റി വച്ചു. രാഷ്ട്രീയ ചായ്വുകളില്ലാത്ത, സ്വതന്ത്രമായ കാഴ്ചപ്പാടുകളുള്ള, അധികാരസ്ഥാനങ്ങളില്ലാത്ത ഒരു അന്താരാഷ്ട്ര സംഘടന അവിടെ ജന്മം കൊണ്ടു. 2019 മാര്‍ച്ച് 15ന് Fritags for Future ന്റെ നേതൃത്വത്തില്‍ അരങ്ങേറിയ ആദ്യ സമരത്തില്‍ ലോകമെമ്പാടുമുള്ള 2000 വേദികളിലായി 1.6 മില്യന്‍ വിദ്യാര്‍ത്ഥികളാണ് സമരത്തിനിറങ്ങിയത്.
ഗ്രെറ്റയും സംഘടനയും ലോകശ്രദ്ധ പിടിച്ചു പറ്റിയെന്നു മാത്രമല്ല കാലാവസ്ഥ സംരക്ഷിക്കാനുള്ള ഉത്തരവാദിത്വം ചുമലിലേറ്റുന്ന ലോകത്തിലെ ഒരേ ഒരു പ്രസ്ഥാനമായി അവര്‍ അറിയപ്പെട്ടു. എന്തിനേറെ മലാല യൂസഫായിക്കു ശേഷം നോബല്‍ സമ്മാനം നേടിയെക്കാവുന്ന സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയായിട്ടാണ് ഗ്രെറ്റയെ ലോകം ശ്രദ്ധിച്ചത്.

2019 ലെ ആംനെസ്റ്റി ഇന്റര്‍നാഷനലിന്റെ മനുഷ്യാവകാശങ്ങള്‍ സംരക്ഷിക്കുന്നതിനുവേണ്ടി മുന്‍കൈ എടുത്തതിനുള്ള Human Rights Award ഗ്രെറ്റയ്ക്കാണു ലഭിച്ചത്. തന്റെ വിമാന യാത്ര കൊണ്ട് കാലാവസ്ഥയ്ക്കുണ്ടായേക്കാവുന്ന ചെറിയ പോറല്‍ പോലും ഒഴിവാക്കാനായി 3 ആഴ്ച നീണ്ട ദുര്‍ഘടം പിടിച്ച പായ്ക്കപ്പല്‍ യാത്രയാണ് സമ്മാനം സ്വീകരിക്കാന്‍ പോയ ഗ്രെറ്റ തിരഞ്ഞെടുത്തത്. Alternative Nobel ഉള്‍പ്പെടെ 9 അവാര്‍ഡുകളാണ് ആ വര്‍ഷം ഗ്രെറ്റയെ തേടിയെത്തിത്. ഒരു 16 വയസ്സുകാരി സ്‌കൂള്‍ വിദ്യാര്‍ത്ഥിനിക്ക് സ്വപ്നം കാണാന്‍ വയ്യാത്തത്ര ഉയരത്തിലെത്തിയിരുന്നു ഗ്രെറ്റ. സാമൂഹ്യമാധ്യമങ്ങളില്‍ 11.3 മില്യണിലധികം ആരാധകര്‍, അവള്‍ എന്തെങ്കിലും ഒന്ന് കോറിയിടുന്നതും കാത്ത് ലൈക്കും ഷെയറും ചെയ്യാന്‍ നോക്കിയിരുന്നു.

പഠനത്തില്‍ ശ്രദ്ധിക്കേണ്ട സ്‌കൂള്‍ കുട്ടികളെ സമരവേദിയിലെത്തിച്ച സാഹചര്യത്തോട് ഒത്തു പോകാന്‍ മാതാപിതാക്കള്‍ക്കും അധ്യാപകര്‍ക്കും വിമുഖതയുണ്ടായിരുന്നു. അവര്‍ കുട്ടികളെ പറഞ്ഞു മനസ്സിലാക്കാന്‍ ശ്രമിച്ചു; ക്ലാസ് മുറികളിലെ ബോറടിപ്പിക്കുന്ന അന്തരീക്ഷത്തില്‍ നിന്നും ഒരു മോചനമായിട്ടായിരുന്നു ഒരു വിഭാഗം കുട്ടികളെങ്കിലും വെള്ളിയാഴ്ച സമരങ്ങളെ കണ്ടത്.

അങ്ങനെ സമരം കത്തിജ്വലിച്ചു നില്‍ക്കുന്ന കാലത്താണ് കൊറോണയുടെ കടന്നു വരവ്. അതോടെ സമരം തുടര്‍ന്നു കൊണ്ടു പോവുക സാധിക്കാതായി. എന്നാല്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെയുണ്ടായിരുന്ന അവസരങ്ങള്‍ പ്രയോജനപ്പെടുത്തി, ഗ്രെറ്റ തന്റെ അനുയായികളുമായി സമ്പര്‍ക്കം പുലര്‍ത്തി പൊന്നു. വിവിധ രാജ്യങ്ങളില്‍ പ്രവര്‍ത്തിച്ചു വന്നിരുന്ന സഹോദര സംഘടനയകളിലെ പ്രവര്‍ത്തകര്‍ അവരവരുടെ രാജ്യങ്ങളിലെ പ്രശ്‌നങ്ങള്‍ ഗ്രെറ്റയുമായി പങ്കു വയ്ക്കാന്‍ തുടങ്ങി. പ്രശ്‌നങ്ങളെപ്പറ്റി കാര്യമായ പഠനങ്ങളൊന്നും നടത്താതെ അതിനെല്ലാം ഗ്രെറ്റ തന്റെ അഭിപ്രായങ്ങലും, പ്രതികരിക്കേണ്ട വഴികളും സാമൂഹ്യ മാധ്യമങ്ങളിലൂടെ പങ്കു വച്ചു. ഗ്രെറ്റയുടെ അപക്വമായ ഈ ചുവടുവയ്പ്പ് അവരുടെ കൂടെ നിന്നവരില്‍ പലരുടെയും കാഴ്ചപ്പാടിനു യോജിച്ചതായിരുന്നില്ല.

കാലാവസ്ഥയുമായി യാതൊരു ബന്ധവുമില്ലാതെ അന്താരാഷ്ട്ര പ്രശ്‌നങ്ങളില്‍ വരെ ഗ്രെറ്റ അപക്വമായ അഭിപ്രായപ്രകടനങ്ങള്‍ നടത്തിയതിന് പലപ്പോളും വിമരര്‍ശനമേല്‍ക്കേണ്ടി വന്നു. സ്ത്രീ സമത്വത്തിനും, ഇന്ത്യയില്‍ നടക്കുന്ന കര്‍ഷക സമരത്തിനും ഏറ്റവുമൊടുവില്‍ ഇസ്രായേല്‍ പലസ്തീന്‍ പ്രശ്‌നത്തില്‍ പലസ്തീനെ അനുകൂലിച്ചും നടത്തിയ ട്വീറ്റുകളില്‍ അവര്‍ക്കു തെറ്റുപറ്റിയെന്ന് വിലയിരുത്തപ്പെടുന്നു. അവരുടെ സംഘടനയിലൂടെ ആന്റി സെമിസ്റ്റിസം പ്രചരിപ്പിക്കുവാന്‍ ശ്രമിക്കുന്നെന്നുവരെ ആരോപണങ്ങളുയര്‍ന്നു.
`Fritags or Future` പ്രിന്റ് ചെയ്ത ടി ഷര്‍ട്ടുകള്‍ വിപണിയിലെത്തിച്ച് അതില്‍ നിന്നും ലാഭം കൊയ്യാന്‍ വരെ കമ്പനികള്‍ മുന്നിട്ടിറങ്ങിയെന്നത് സംഘടനയുടെ കെട്ടുറപ്പില്ലായ്മയിലേയ്ക്കായിരുന്നു വിരല്‍ ചൂണ്ടിയത്.

അങ്ങനെ വളരെ നല്ല ലക്ഷ്യത്തോടെ തുടങ്ങിയ ഒരു പ്രസ്ഥാനം ഇപ്പോള്‍ വലിയ ഒരു പ്രതിസന്ധിഘട്ടത്തിലൂടെയാണ് കടന്നു പോയിക്കൊണ്ടിരിക്കുന്നത്.

ചരിത്രം ആരംഭിക്കുന്നത് തന്റെ ജനനം മുതലാണെന്നു ധരിക്കുമ്പോഴുണ്ടാവുന്ന അപക്വമായ കാഴ്ചപ്പാടാണ് പലപ്പോഴും തലമുറകള്‍ തമ്മിലുള്ള സംഘര്‍ഷത്തിനു പോലും കാരണമായി മാറുന്നത്. പെട്രോളും കല്‍ക്കരിയുമൊക്കെ ദിനോസറിയകള്‍ പോലുള്ള ഭീമാകാരന്മാരായ ജന്തുക്കളും വടവൃക്ഷങ്ങളും മില്യണ്‍ നൂറ്റാണ്ടുകള്‍ ഭൂമിക്കടിയില്‍ കിടന്ന് അഴുകിച്ചേര്‍ന്നിട്ടുണ്ടായതാണെന്നത് അറിയാത്തവരാവും ഇന്നും ഭൂരിപക്ഷം.

മണ്മറഞ്ഞു പോയ പൂര്‍വികര്‍ ഈ ധാതുസമ്പത്തുകള്‍ കണ്ടെത്തി അവയുടെ ഉപയോഗത്തിലൂടെയാണ് പിന്‍തലമുറ ഇന്നനുഭവിയ്ക്കുന്ന സുഖസൗകര്യങ്ങള്‍ ലഭ്യമാക്കിയതെന്നു പലരും മറന്നു പോകുന്നു. ഇന്നത്തെ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് സൗരോര്‍ജവും ഭൂമിക്കടിയില്‍ നിന്നും ലഭിക്കുന്ന ഊര്‍ജവും ഉപയോഗിക്കാത്ത പഴഞ്ചന്മാരെ പരമ പുച്ഛമാണ്; അവര്‍ തങ്ങളുടെ ആവാസ വ്യവസ്ഥിതിയെ താറുമാറാക്കുന്നവരാണ്. അവര്‍ക്കെതിരെ സമരം പ്രഖ്യാപികയല്ലാതെ മറ്റു പോംവഴികളില്ല! പുരോഗമനം എന്നത് പരിണാമക്രിയയുടെ ഇടവേളകളില്‍ ഇച്ഛാശക്തിയുള്ള മനുഷ്യരിലൂടെ സംഭവിച്ചുകൊണ്ടേയിരിക്കും .

ഇന്നിന്റെ അറിവുകള്‍ സ്വായത്തമാക്കിയവര്‍, പൂര്‍വികര്‍ നശിപ്പിച്ചവയെ പറ്റി പരിതപിച്ചിട്ടു കാര്യമില്ല. നാളത്തെ തലമുറയ്ക്ക് നിങ്ങളും പഴഞ്ചന്‍ന്മാരായിരിക്കും, ചുരുക്കം ചിലരൊഴിച്ച്.