ലക്ഷദ്വീപ് ജനതക്ക് ഐക്യദാര്‍ഢ്യം അര്‍പ്പിച്ച് കേരള നിയമസഭ
ലക്ഷദ്വീപ് ജനതക്ക് ഐക്യദാര്‍ഢ്യം അര്‍പ്പിച്ചുകൊണ്ടുള്ള പ്രമേയം കേരള നിയമസഭ ഐക്യകണ്ഠേന പസാക്കി. അനൂപ് ജേക്കബ്, എന്‍ ഷംസു?ദ്ദീന്‍ പി ടി തോമസ് എന്നിവര്‍ നിര്‍ദേശിച്ച ഭേദഗതികളോടെയാണ് പ്രമേയം പാസാക്കിയത്. മുഖ്യമന്ത്രിയാണ് സഭയില്‍ ഔദ്യോഗിക പ്രമേയം അവതരിപ്പിച്ചത്. ലക്ഷദ്വീപില്‍ കാവി അജണ്ട നടപ്പാക്കുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. ലക്ഷദ്വീപ് ജനതയുടെ തനതായ ജീവിതത്തെ ഇല്ലാതാക്കുന്നുവെന്നും തെങ്ങിലടക്കം കാവി നിറം പൂശുന്നുവെന്നും മുഖ്യമന്ത്രി ആരോപിച്ചു.ചട്ടം 118 പ്രകാരമുള്ള പ്രത്യേക പ്രമേയത്തെ പ്രതിപക്ഷവും പിന്തുണച്ചു.
ലക്ഷദ്വീപില്‍ നടപ്പാക്കുന്നത് സംഘപരിവാര്‍ അജണ്ടയാണെന്നും അത് മുളയിലേ നുള്ളണമെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശന് പറഞ്ഞു. സാംസ്കാരിക – മതേതര മൂല്യങ്ങളുടെ കടക്കല്‍ കാത്തിവെക്കാനുള്ള ശ്രമത്തെ ചെറുത്ത് തോല്‍പ്പിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്നലെ കാശ്മീര്‍ ആയിരുന്നു ബിജെപിയുടെ ലക്ഷ്യമെങ്കില്‍ ഇന്ന് ലക്ഷദ്വീപാണെന്നും നാളെ കേരളമാകുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഇന്ന് പ്രത്യേക ജനവിഭാഗത്തെ ലക്ഷ്യമിട്ടുവെന്നും നാളെ അത് ജാതി പിന്നെ ഉപജാതി അങ്ങനെയായി മാറുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. ദ്വീപ് ജനതയുടെ ആശങ്ക അടിയന്തരമായി പരിഹരിക്കണമെന്നും വിവാദ പരിഷ്കാരങ്ങള്‍ ഉടന്‍ പിന്‍വലിക്കണമെന്നും പ്രമേയം ആവശ്യപ്പെട്ടു.
പൗരത്വ ഭേദഗതി ബില്ലിനെതിരായി ദ്വീപില്‍ നേരത്തെ സ്ഥാപിച്ചിരുന്ന ബാനറുകള്‍ എടുത്തുമാറ്റുകയും എഴുതിയവരെ അറസ്റ്റ് ചെയ്യുന്നതിനുമുള്ള നടപടികളും ലക്ഷദ്വീപിലുണ്ടായി. പൊതുവേ സമാധാനപരമായി ജീവിക്കുകയും അതിഥികളെ സ്നേഹവായ്പുകൊണ്ട് വീര്‍പ്പുമുട്ടിക്കുകയും ചെയ്യുന്ന രീതിയാണ് ലക്ഷദ്വീപിലെ ജനത സാധാരണ നിലയ്ക്ക് സ്വീകരിക്കുന്നത്. കുറ്റകൃത്യങ്ങള്‍ അത്യപൂര്‍വമായി തീര്‍ന്ന ലക്ഷദ്വീപില്‍ ഗുണ്ടാ ആക്ട് കൊണ്ടുവരുന്നതിനുള്ള നടപടിയും സ്വീകരിച്ചു കഴിഞ്ഞു. ഇത്തരത്തില്‍ പ്രതിഷേധങ്ങള്‍ ഉയര്‍ന്നു വരുമ്പോള്‍ അതിനെ നേരിടാന്‍ മുന്‍കൂട്ടിയുള്ള തയ്യാറെടുപ്പും നടത്തിക്കൊണ്ടാണ് ഇത്തരം നടപടികള്‍ സ്വീകരിച്ചിരിക്കുന്നതെന്നും പ്രമേയത്തില്‍ വ്യക്തമാക്കുന്നു.