ഓസ്ട്രിയയില്‍ ഇസ്ലാം പള്ളികളുടെ മാപ്പ് പ്രസിദ്ധീകരിച്ചതില്‍ പ്രതിഷേധം

വിയന്ന: രാജ്യത്തെ എല്ലാ മസ്ജിദുകളുടെയും, ഇസ്ലാമിക സംഘടനകളുടെയും വിവരങ്ങള്‍ ഉള്‍ക്കൊള്ളിച്ച് സര്‍ക്കാര്‍ തയ്യാറാക്കിയ ഇസ്ലാം മാപ്പ് എന്ന വെബ്‌സൈറ്റിനെതിരെ പ്രതിഷേധവുമായി ഇസ്ലാമിക സംഘടനകള്‍. രാജ്യത്തൊട്ടാകെയുള്ള 600 ലധികം പള്ളികളുടെയും മുസ്ലിം സംഘടനകളുടെയും സ്ഥലങ്ങള്‍ കാണിക്കുന്ന ഒരു ”ഇസ്ലാം മാപ്പ്” വെബ്സൈറ്റ് ആരംഭിച്ചതിനാണു ഓസ്ട്രിയ സര്‍ക്കാര്‍ നിയമ നടപടി നേരിടേണ്ടിവരുന്നത്.

മാപ്പിനെതിരെ കോടതിയില്‍ ഹര്‍ജി നല്‍കുമെന്ന് മുസ്ലിം യൂത്ത് ഓസ്ട്രിയ (MJO) അറിയിച്ചു. കഴിഞ്ഞ വ്യാഴാഴ്ചയാണ് ഇസ്ലാം മാപ്പ് വെബ്‌സൈറ്റ് രൂപീകരിച്ചത്. രാജ്യത്തെ എല്ലാ മസ്ജിദുകളുടെയും, ഇസ്ലാമിക സംഘടനകളുടെയും വിവരങ്ങള്‍ (പേര്, സ്ഥലം, മേല്‍വിലാസം) എന്നിവ ഉള്‍ക്കൊള്ളിച്ചാണ് വെബ്‌സൈറ്റ് പുറത്ത് വന്നത്. 620 മസ്ജിദുകളാണ് രാജ്യത്ത് ഉള്ളത്. ഇസ്ലാമിക സംഘടനകളുടെ വിദേശ ബന്ധം സംബന്ധിച്ച വിവരങ്ങളും സൈറ്റില്‍ ലഭ്യമാണ്.

രാഷ്ട്രീയ ലക്ഷ്യമാണ് ഇസ്ലാം മാപ്പ് രൂപീകരിച്ചതിന് പിന്നിലെന്നു സംഘടനയായ മുസ്ലീം യൂത്ത് ഓസ്ട്രിയ ആരോപിച്ചു. ഓസ്ട്രിയയില്‍ താമസിക്കുന്ന മുസ്ലീം വിഭാഗത്തെ ചൂഷണം ചെയ്യുന്നതിന് വേണ്ടിയുള്ളതാണ് സര്‍ക്കാര്‍ നടപടിയെന്ന് ഇസ്ലാമിക് റിലീജിയസ് കമ്യൂണിറ്റി ഇന്‍ ഓസ്ട്രിയയും (ഐജിജിഒഇ) ആരോപിച്ചു. പുതിയ നടപടി മുസ്ലീം വിഭാഗത്തെ അപകടപ്പെടുത്തും. മുസ്ലീങ്ങളെ രാജ്യത്തിന് ഭീഷണി ഉയര്‍ത്തുന്നവരായി ചിത്രീകരിക്കാനുള്ള നീക്കം കൂടിയാണ് ഇതെന്നും സംഘടന അഭിപ്രായപ്പെട്ടു.

അതേസമയം ഇസ്ലാം മാപ്പിന് പിന്നില്‍ രാഷ്ട്രീയ ഗൂഢാലോചനയാണെന്നത് തീര്‍ത്തും അടിസ്ഥാന രഹിതമാണെന്ന് ഫെഡറല്‍ മന്ത്രി സൂസന്നെ റാബ് വ്യക്താമാക്കി. മുസ്ലീം ജനതയെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തുന്നതല്ല പുതിയ നടപടി. മതത്തിനെതിരെ പോരാടുകയല്ല ലക്ഷ്യം. കഴിഞ്ഞ നവംബര്‍ മുതല്‍ രാജ്യത്ത് ഇസ്ലാമിക വിരുദ്ധ ആക്രമണങ്ങള്‍ വര്‍ദ്ധിച്ചിട്ടുണ്ടെന്നും അവര്‍ പറഞ്ഞു.