മലിനീകരണം കുറഞ്ഞു ; ബാംഗ്ലൂര്‍ നഗരത്തില്‍ പക്ഷികള്‍ മടങ്ങിയെത്തുന്നു

കോവിഡും ലോക് ഡൗണും കാരണം കഴിഞ്ഞ ഒന്നര വര്‍ഷത്തിലേറെയായി, ബെംഗളൂരുവിലെ മലിനീകരണം കുറഞ്ഞു എന്ന് റിപ്പോര്‍ട്ട്. ഇതുകാരണം വര്‍ഷങ്ങള്‍ക്ക് മുന്‍പ് നഗരം ഉപേക്ഷിച്ചു പോയ പക്ഷികള്‍ തിരിച്ചെത്തി എന്ന ശുഭ വാര്‍ത്തയും ഇപ്പോള്‍ പുറത്തു വരുന്നുണ്ട്. സംസ്ഥാന തലസ്ഥാനത്തെ ഏറ്റവും വലിയ ഹരിതഗൃഹമായ ലാല്‍ബാഗ് ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ ഉള്‍പ്പെടെ ബെംഗളൂരുവിലെ വിവിധ സ്ഥലങ്ങളില്‍ ആളുകള്‍ക്ക് മയിലുകളെ വരെ കാണാനായി. മയില്‍ ഒരു രാത്രി ലാല്‍ബാഗില്‍ ചെലവഴിച്ചുവെന്നും അത് പറന്നുപോയ ഏറ്റവും അടുത്ത സ്ഥലം 13 കിലോമീറ്റര്‍ അകലെയുള്ള തുരഹള്ളി വനമാണെന്നും ബെംഗളൂരുവിലെ പക്ഷിശാസ്ത്രജ്ഞനായ ഡോ. എം ബി കൃഷ്ണ പറയുന്നു.

കുയിലുകള്‍ അവരുടെ പാട്ടിലൂടെയാണ് മറ്റ് കുയിലുകളുമായി ആശയവിനിമയം നടത്തുന്നത്. വാഹനങ്ങളുടെ ഹോണ്‍ ശബ്ദവും ട്രാഫിക്കിന്റെ വലിയ ശബ്ദങ്ങളും കാരണം പക്ഷിയുടെ ഗാനം അധിക ദൂരത്തില്‍ എത്തുകയില്ല. അതിനാല്‍ അവര്‍ നേരത്തെ പാടാന്‍ തുടങ്ങി. ലോക്ക്ഡൗണിന് മുമ്പ്, പുലര്‍ച്ചെ 2.30 മുതല്‍ മൂന്ന് വരെയാണ് കുയിലുകളുടെ ശബ്ദം കേട്ടിരുന്നതെന്ന് എം ബി കൃഷ്ണ പറയുന്നു. എന്നാല്‍ ലോക്ക്ഡൗണ്‍ ആയതോടെ വാഹനങ്ങളുടെ എണ്ണം ഗണ്യമായി കുറഞ്ഞു. അതിനാല്‍, പക്ഷികള്‍ക്ക് കൂടുതല്‍ ഉറക്കം ലഭിക്കാന്‍ തുടങ്ങി. അവര്‍ ഇപ്പോള്‍ പുലര്‍ച്ചെ നാലുമണിയോടെയാണ് പാടുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

ചെറിയ പക്ഷികള്‍ അവയുടെ വാസസ്ഥലം വ്യാപിപ്പിക്കാന്‍ തുടങ്ങി. അവ ഇപ്പോള്‍ വീടുകള്‍ക്ക് സമീപം വരെ എത്തി തുടങ്ങി. നഗരത്തിലെ മലിനീകരണം വര്‍ദ്ധിച്ചതിനാല്‍ ഇവയുടെ എണ്ണം ഗണ്യമായി കുറഞ്ഞിരുന്നു. മലിനീകരണം പ്രാണികളുടെ എണ്ണവും കുറച്ചിരുന്നു. ആവശ്യത്തിനുള്ള ഭക്ഷണത്തിന്റെ അഭാവം പക്ഷികളെ നഗരങ്ങളില്‍ നിന്ന് അകറ്റി. എന്നാല്‍, ഇപ്പോള്‍ മലിനീകരണം കുറഞ്ഞതോടെ വീടുകള്‍ക്ക് ചുറ്റുമുള്ള മരങ്ങളിലും കുറ്റിക്കാടുകളിലും ബള്‍ബുള്‍ അല്ലെങ്കില്‍ മറ്റ് പലതരം പക്ഷികളെ കണ്ടു തുടങ്ങിയതായാണ് പക്ഷി നിരീക്ഷകരുടെ വിലയിരുത്തല്‍.

അതുപോലെ ലോക്ക്ഡൗണ്‍ കാലത്ത് ഫ്‌ലെമിംഗോസ് കൂട്ടത്തോടെ മുംബൈയില്‍ എത്തിയ വാര്‍ത്ത മുമ്പ് പുറത്തു വന്നിരുന്നു. എല്ലാവര്‍ഷവും മുംബൈയില്‍ ഫ്‌ലെമിംഗോസ് എത്താറുണ്ട്. എന്നാല്‍, കൂട്ടമായി എത്തുന്ന ഈ ദേശാടന പക്ഷികളുടെ സൗന്ദര്യം ഇതുപോലെ ആസ്വദിച്ച കാലം ഇതിനു മുന്‍പുണ്ടായിട്ടില്ലെന്നാണ് വിവരം. ലോകത്ത് പല ഇടങ്ങളിലും ലോക് ഡൌണ്‍ കാരണം പക്ഷികളും മൃഗങ്ങളും തങ്ങളുടെ സ്വാതന്ത്ര്യം പരസ്യമായി ആഘോഷിക്കുന്ന ചിത്രങ്ങളും വീഡിയോകളും നേരെത്തെ പുറത്തു വന്നിരുന്നു.