സ്വര്‍ണക്കടത്ത് കേസില്‍ യുഎഇ കോണ്‍സുലേറ്റ് ജനറലിനെയും അറ്റാഷയെയും പ്രതികളാക്കും

വിവാദമായ തിരുവനന്തപുരം എയര്‍ പോര്‍ട്ട് സ്വര്‍ണക്കടത്ത് കേസില്‍ യുഎഇ കോണ്‍സുലേറ്റ് ജനറലിനെയും അറ്റാഷയെയും പ്രതികളാക്കാനുള്ള നീക്കവുമായി കസ്റ്റംസ്. ഇതിന്റെ ഭാഗമായി ഗള്‍ഫിലേക്ക് കടന്ന കോണ്‍സുലേറ്റ് ജനറലിനും അറ്റാഷെയ്ക്കും കസ്റ്റംസ് നോട്ടീസ് അയച്ചു. നോട്ടീസിന് മറുപടി ലഭിച്ചാലും ഇല്ലെങ്കിലും ഇരുവരെയും പ്രതികളാക്കുമെന്നാണ് വിവരം. ആറുമാസം മുമ്പാണ് ഇരുവരെയും പ്രതികളാക്കാന്‍ കസ്റ്റംസ് അപേക്ഷ സമര്‍പ്പിച്ചതെങ്കിലും വിദേശകാര്യമന്ത്രാലയം കഴിഞ്ഞ ദിവസമാണ് അനുമതി നല്‍കിയത്. കോണ്‍സുല്‍ ജനറല്‍ ആയിരുന്ന ജമാല്‍ ഹുസൈന്‍ അല്‍ സാബിയെയും അറ്റാഷെ റാഷിദ് ഖമീസ് അലിയെയുമാണ് കേസില്‍ പ്രതികളാക്കുന്നത്.

തിരുവനന്തപുരം വിമാനത്താവളത്തില്‍ സ്വര്‍ണം പിടിച്ചതിന് പിന്നാലെ ഇവരും ഗള്‍ഫിലേക്ക് മടങ്ങിയിരുന്നു. കോണ്‍സുല്‍ ജനറലിന്റെ പേരില്‍ കഴിഞ്ഞ വര്‍ഷം ജൂണ്‍ 30നാണ് ഡിപ്ലോമാറ്റിക് ബാഗേജ് തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയത്. ജൂലൈ അഞ്ചിനാണ് ബാഗേജില്‍ സ്വര്‍ണമാണെന്ന് കസ്റ്റംസ് കണ്ടെത്തിയത്. കസ്റ്റംസിന്റെ പക്കല്‍ നിന്നും ബാഗേജ് വീണ്ടെടുക്കാന്‍ കോണ്‍സുല്‍ ജനറലും അറ്റാഷെയും സമ്മര്‍ദ്ദം ചെലുത്തിയെങ്കിലും അതു നടക്കാത്തതിനെ തുടര്‍ന്ന് ഇരുവരും രാജ്യം വിടുകയായിരുന്നു. കേസുമായി ബന്ധപ്പെട്ട് സ്വപ്നയും സരിത്തും സന്ദീപും റമീസും ഉള്‍പ്പെടെയുള്ളവരെ കസ്റ്റംസ് പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്നു. സ്വര്‍ണക്കടത്തില്‍ കോണ്‍സുല്‍ ജനറലിനും അറ്റാഷെയ്ക്കും പങ്കുണ്ടെന്ന് സ്വപ്ന ഉള്‍പ്പെടെയുള്ള പ്രതികള്‍ കസ്റ്റംസിന് മൊഴിയും നല്‍കിയിട്ടുണ്ട്. എന്നാല്‍ നയതന്ത്ര പരിരക്ഷയുള്ളതിനാലാണ് ഇരുവരെയും പ്രതികളാക്കാന്‍ കസ്റ്റംസ് കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ അനുമതി തേടിയത്.