ചൈനയില്‍ പക്ഷിപ്പനി മനുഷ്യരില്‍ സ്ഥിതീകരിച്ചു

ഒന്നിന് പിറകെ ഒന്നായി പുതിയ പുതിയ ഭീഷണികള്‍ ഉയരുകയാണ് ചൈനയില്‍ നിന്ന്. പക്ഷിപ്പനിയുടെ വകഭേദമായ H10N3 ലോകത്ത് ആദ്യമായി മനുഷ്യനില്‍ സ്ഥിരീകരിച്ച സംഭവമാണ് അവസാനത്തേത്. ചൈനയിലെ കിഴക്കന്‍ പ്രവിശ്യയായ ജിയാങ്സുവില്‍ 41കാരനിലാണ് രോഗം കണ്ടെത്തിയത്. പനിയെ തുടര്‍ന്ന് ഏപ്രില്‍ 28നാണ് ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അന്നു തന്നെ രോഗം സ്ഥിരീകരിക്കുകയും ചെയ്തു. ആശങ്ക വേണ്ടെന്നും H10N3 വൈറസ് പടര്‍ന്നുപിടിക്കാനുള്ള സാധ്യത കുറവാണെന്നും ചൈനീസ് നാഷണല്‍ ഹെല്‍ത്ത് കമ്മിഷന്‍ (എന്‍എച്ച്സി) അറിയിച്ചു.

രോഗിയുമായി സമ്പര്‍ക്കമുള്ളവരെ നിരീക്ഷിച്ചു വരികയാണ് എന്നും ആരിലും രോഗബാധ കണ്ടെത്തിയിട്ടില്ലെന്നും എന്‍എച്ച്സി വൃത്തങ്ങള്‍ വ്യക്തമാക്കി. പക്ഷിപ്പനിയുടെ വിവിധ വകഭേദങ്ങള്‍ ചൈനയില്‍ ഈയിടെ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. പൗള്‍ട്രി ഫാമുകളില്‍ ജോലി ചെയ്യുന്നവര്‍ക്കാണ് രോഗബാധയുണ്ടാകുന്നത്. നേരത്തെ, 2016-17ല്‍ പക്ഷിപ്പനിയുടെ എച്ച്7എന്‍9 വകഭേദം മൂലം മൂന്നൂറിലേറെ പേര്‍ മരണത്തിന് കീഴടങ്ങിയിരുന്നു. അതിനു ശേഷം വലിയ തോതില്‍ വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.