കോവിഡ് രണ്ടാം തരംഗം ; രാജ്യത്ത് തൊഴില്‍ രഹിതരായത് ഒരു കോടി ജനങ്ങള്‍
കോവിഡ് രണ്ടാം തരംഗം കാരണം രാജ്യത്ത് ഒരു കോടി ആളുകള്‍ തൊഴില്‍ രഹിതരായെന്ന് റിപ്പോര്‍ട്ട്. 97 ശതമാനം കുടുംബങ്ങളുടെയും വരുമാനത്തില്‍ കുറവുണ്ടായെന്നും റിപ്പോര്‍ട്ട് ഉണ്ട്. സെന്റര്‍ ഫോര്‍ മോണിറ്ററിംഗ് ഇന്ത്യന്‍ ഇക്കണോമി നടത്തിയ സര്‍വേയില്‍ ആണ് ഇക്കാര്യങ്ങള്‍ വ്യക്തമായത്. ഏപ്രിലില്‍ എട്ട് ശതമാനമായിരുന്ന തൊഴിലില്ലായ്മ നിരക്ക് മെയ് മാസം അവസാനിക്കുമ്പോള്‍ 12 ശതമാനമായി ഉയര്‍ന്നു. ജോലി നഷ്ടപ്പെട്ടവരില്‍ സംഘടിത, അസംഘടിത മേഖലകളില്‍ ഉള്ളവരും ഉള്‍പ്പെടും. 97 ശതമാനം കുടുംബങ്ങളുടെ വരുമാനം കുറഞ്ഞു.
വരുമാനത്തില്‍ കുറവുണ്ടായില്ലെന്ന അഭിപ്രായം രേഖപ്പെടുത്തിയത് 3 ശതമാനം പേര്‍ മാത്രമാണ്. കോവിഡ് നിയന്ത്രണങ്ങള്‍ പിന്‍വലിക്കുന്നതോടെ സമ്പദ് വ്യവസ്ഥ പൂര്‍വസ്ഥിതിയിലെത്തുമെന്നും സിഎംഐഇ വിലയിരുത്തുന്നു. അതിനിടെ രാജ്യത്തെ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം ഒന്നര ലക്ഷത്തിന് താഴെയായി. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 6.62 ശതമാനമായി കുറഞ്ഞു. 92 ശതമാനത്തിന് മുകളിലാണ് രാജ്യത്തെ രോഗമുക്തി നിരക്ക്. തമിഴ്‌നാട്, കര്‍ണാടക, ഒഡീഷ എന്നിവിടങ്ങളില്‍ രോഗവ്യാപനം രൂക്ഷമാണ്. ലോക്ഡൗണ്‍ ഉള്‍പ്പെടെയുള്ള കോവിഡ് നിയന്ത്രണങ്ങള്‍ ഫലം കണ്ടെന്നാണ് കേന്ദ്രത്തിന്റെ വിലയിരുത്തല്‍. ഘട്ടം ഘട്ടമായി നിയന്ത്രണങ്ങള്‍ പിന്‍വലിക്കാനാണ് സംസ്ഥാന സര്‍ക്കാറുകളുടെ തീരുമാനം.