നെടുങ്കണ്ടം കസ്റ്റഡിമരണം ; പൊലീസുകാരെ പിരിച്ചു വിടും
നെടുങ്കണ്ടം കസ്റ്റഡി മരണക്കേസില്‍ കുറ്റക്കാരായ ആറ് പോലീസുകാരെ പിരിച്ചുവിടാന്‍ തീരുമാനം. ആറ് പേരെയും പ്രോസിക്യൂട്ട് ചെയ്യാനും സര്‍ക്കാര്‍ നിര്‍ദേശം നല്‍കി.പ്രതികളായ എസ്‌ഐ സാബു, എഎസ്‌ഐ റോയ്, ഡ്രൈവര്‍ നിയാസ്, സി.പി.ഒ ജിതിന്‍, റെജിമോന്‍, ഹോംഗാര്‍ഡ് ജെയിംസ് എന്നിവരെയാണ് പിരിച്ചുവിടുക. ഇവരെ സര്‍വീസില്‍ നിന്നു പിരിച്ചുവിടാന്‍ ഡിജിപിക്ക് നിര്‍ദേശം നല്‍കിയതായും സര്‍ക്കാര്‍ നിയമസഭയില്‍ അറിയിച്ചു. ജസ്റ്റിസ് നാരായണകുറുപ്പ് കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.
കേസില്‍ ഉള്‍പ്പെട്ട അഞ്ച് പോലീസുകാര്‍ക്കെതിരേ വകുപ്പുതല നടപടിയും സ്വീകരിക്കും. കുറ്റക്കാരെന്ന് കണ്ടെത്തിയ മൂന്ന് ഡോക്ടര്‍മാര്‍ക്കെതിരേ അച്ചടക്ക നടപടിയെടുക്കുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. കൊല്ലപ്പെട്ട രാജ്കുമാറിന്റെ ബന്ധുക്കള്‍ക്കും ഇരകള്‍ക്കുമായി 45 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാനും തീരുമാനമായി. 2019ലാണ് രാജ്കുമാര്‍ പോലീസ് കസ്റ്റഡിയില്‍ ക്രൂരമര്‍ദനമേറ്റ് കൊല്ലപ്പെട്ടത്.