കോവിഡ് പോസിറ്റീവായ അമ്മായി ‘അമ്മ മനപ്പൂര്‍വം മരുമകളെയും ചെറുമക്കളെയും കെട്ടിപ്പിടിച്ച് രോഗം പരത്തി

തെലുങ്കാനയിലാണ് സംഭവം. ശത്രുക്കളോട് പോലും ചെയ്യരുതാത്ത കാര്യമാണ് സ്ത്രീ തന്റെ മകന്റെ ഭാര്യയോടും മക്കളോടും ചെയ്തത്. രോഗം സ്ഥിരീകരിച്ചെന്ന് മനസിലാക്കിയ സ്ത്രീ വീട്ടില്‍ ക്വറന്റീനിലിരിക്കുന്നതിനോ മരുന്നുകള്‍ കഴിക്കുന്നതിനോ നില്‍ക്കാതെ തന്റെ കുടുംബത്തിലുള്ളവര്‍ക്ക് രോഗം പരത്താനാണ് ശ്രമിച്ചത്. വടക്കന്‍ തെലങ്കാനയിലെ രാജണ്ണ സിര്‍സില്ല ജില്ലയിലാണ് ഇവരുടെ വീട്. കോവിഡ് പോസിറ്റീവായെന്ന് മനസ്സിലാക്കിയ സ്ത്രീ വീട്ടിലെത്തി തനിക്ക് വന്നതല്ലേ, ഇനി കുടുംബാംഗങ്ങള്‍ക്കും വരട്ടെ എന്ന് തീരുമാനിക്കുകയായിരുന്നു. തുടര്‍ന്ന് മരുമകളെയും രണ്ട് ചെറുമക്കളെയും മാറി മാറി കെട്ടിപ്പിടിക്കുകയായിരുന്നു. രോഗം അവരിലേക്ക് പകര്‍ത്താനായിരുന്നു ഇത്. രോഗബാധിതരായതിന് പിന്നാലെ മരുമകളെയും ചെറുമക്കളെയും വീട്ടില്‍ നിന്ന് പുറത്താക്കുകയും ചെയ്തു.

ജില്ലയിലെ എല്ലാറെഡ്ഡിപ്പേട്ടയിലെ തിമപൂര്‍ ഗ്രാമത്തിലെതാണു മരുമകള്‍. മൂന്നു വര്‍ഷം മുന്‍പായിരുന്നു വിവാഹം. ഒരാണും പെണ്ണുമാണ് യുവതിക്കുള്ളത്. ഏഴ് മാസം മുന്‍പാണ് ഭര്‍ത്താവ് ഒഡീഷയിലേക്ക് ജോലി തേടി പോയത്. അവിടെ ഒരു ഓട്ടോ ഡ്രൈവറായി ജോലി നോക്കുകയാണ്. അഞ്ചുദിവസം മുന്‍പാണ് യുവതിയുടെ ഭര്‍തൃമാതാവിന്റെ കോവിഡ് പരിശോധനാഫലം പോസ്റ്റീവായത്. ഇതറിഞ്ഞ യുവതി, വീട്ടില്‍ അമ്മായി അമ്മയില്‍ നിന്ന് ശാരീരിക അകലം പാലിക്കാന്‍ ശ്രമിച്ചു. ഇതോടെ പ്രകോപിതയായ സ്ത്രീ മരുമകളെയും കുട്ടികളെയും കടന്നുപിടിച്ച് ചേര്‍ത്തുനിര്‍ത്തി യാതൊരു ദയയുമില്ലാതെ ആലിംഗനം ചെയ്യുകയായിരുന്നു. മരുമകള്‍ക്കും കുട്ടികള്‍ക്കും രോഗം പകര്‍ന്നുവെന്ന് മനസിലാക്കിയതോടെ അവരെ വീട്ടില്‍ നിന്ന് പുറത്താക്കുകയായിരുന്നു.

ഈ വിവരം അറിഞ്ഞ് യുവതിയുടെ സഹോദരി എത്തി കുട്ടികളെയും യുവതിയെയും ഗോല്ലപ്പള്ളിയിലെ വീട്ടിലെത്തിച്ച് ക്വറന്റീനില്‍ കഴിയാന്‍ സൗകര്യം ഒരുക്കി. അമ്മായി അമ്മ മനപൂര്‍വം രോഗം പരത്തിയെന്ന് യുവതി പുറത്ത് പറഞ്ഞതോടെ ബന്ധുക്കളും പ്രദേശവാസികളും കര്‍ശന നടപടി ആവശ്യപ്പെട്ട് രംഗത്തെത്തി. മനപൂര്‍വം രോഗം പരത്തുകയും വീട്ടില്‍ നിന്ന് കുട്ടികളെ ഉള്‍പ്പെടെ ഇറക്കിവിട്ടതിലും കര്‍ശന നടപടി വേണമെന്നാണ് ഇവരുടെ ആവശ്യം.