യൂട്യൂബ് നോക്കി ചാരായം വാറ്റി വിറ്റ മൂന്നു യുവാക്കള്‍ പിടിയില്‍
യൂട്യൂബ് നോക്കി ചാരായം വാറ്റി വിറ്റ മൂന്നു യുവാക്കള്‍ പിടിയില്‍. ഈരാറ്റുപേട്ട കളത്തുക്കാവ് സ്വദേശികളായ ദീപു (30), ശ്യാം (27), തലപ്പലം സ്വദേശി മാത്യൂ (27) എന്നിവരെയാണ് ഇരാറ്റുപേട്ട പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതികളില്‍ നിന്നു 15 ലിറ്റര്‍ ചാരായവും 80 ലിറ്റര്‍ കോടയും 2 കാറുകളും മൂന്ന് മൊബൈല്‍ ഫോണും പിടിച്ചെടുത്തു. യൂട്യൂബ് നോക്കിയാണ് ഇവര്‍ വാറ്റ് നിര്‍മാണം പഠിച്ചത്. ചാരായ വില്‍പന വ്യാപകമാണെന്ന വിവരങ്ങളെത്തുടര്‍ന്ന് ഈരാറ്റുപേട്ട ഇന്‍സ്‌പെക്ടര്‍ എസ് എം പ്രദീപ് കുമാറിന്റെ നേതൃത്വത്തില്‍ അന്വേഷണത്തിന് പ്രത്യേക സംഘം രൂപവത്കരിച്ചിരുന്നു. ഇതിനിടെയാണ് പനയ്ക്കപ്പാലം – പ്ലാശനാല്‍ റോഡിലൂടെ ചാരായവുമായി പ്രതികള്‍ കാറില്‍ സഞ്ചരിക്കുന്നതായി പാലാ ഡിവൈ എസ് പി പ്രഭുല്ല ചന്ദ്രകുമാറിന് രഹസ്യവിവരം ലഭിച്ചത്.
തുടര്‍ന്ന്, ഈരാറ്റുപേട്ട പൊലീസ് പനയ്ക്കപ്പാലത്തും പരിസര പ്രദേശങ്ങളിലും നിലയുറപ്പിക്കുകയും കാറിലെത്തിയ സംഘത്തെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. തുടര്‍ന്ന് കളത്തുക്കടവിലുള്ള ദീപുവിന്റെ വീട്ടില്‍ നടത്തിയ റെയ്ഡില്‍ വീട്ടിനുള്ളില്‍നിന്ന് ചാരായ വാറ്റ് ക്രമീകരണങ്ങളും കോടയും കണ്ടെത്തി. കിടപ്പുമുറിയിലാണ് വാറ്റുപകരണങ്ങളും കോടയും സൂക്ഷിച്ചിരുന്നത്. ലോക്ഡൗണിനെ തുടര്‍ന്ന് ദീപു വീട്ടില്‍തന്നെ യു ട്യൂബ് നോക്കിയും മറ്റും ചാരായം വാറ്റി ഏജന്റുമാരായ ശ്യാമും മാത്യൂസും വഴി ലിറ്ററിന് 2000 രൂപ നിരക്കില്‍ വില്‍പന നടത്തിവരുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ദിവസവും 30 ലിറ്റര്‍ ചാരായം വില്‍പന നടത്തിയിരുന്നു. ആവശ്യക്കാര്‍ കൂടിയതോടെ വലിയ രീതിയില്‍ വാറ്റ് തുടങ്ങാനിരിക്കെയാണ് പിടിയിലായത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.
സമാനമായ മറ്റൊരു കേസില്‍ വീടിനുള്ളില്‍ ചാരായം വാറ്റിയ ആളിനെ എക്‌സൈസ് പിടികൂടി. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ പാലാ എക്‌സൈസ് നടത്തിയ റെയ്ഡില്‍ മൂന്ന് ലിറ്റര്‍ ചാരായവും 200 ലിറ്റര്‍ വാഷുംവാറ്റുപകരണങ്ങളും കണ്ടെത്തി.ഇതുമായി ബന്ധപ്പെട്ട് പാലാ കിഴപറയാര്‍ അഞ്ചാനിക്കല്‍ സിനോ ജോസഫ് (37) നെതിരെ കേസെടുത്തു. വീടിന്റെ കുളിമുറിയില്‍ സൂക്ഷിച്ചിരുന്ന 200 ലിറ്ററിന്റെ ബാരലില്‍ നിറയെ വാഷും സംഘം കണ്ടെത്തി. എക്‌സൈസ് സംഘം സിനോയുടെ വീട്ടില്‍ റെയ്ഡിന് ചെല്ലുമ്പോള്‍ വീടിന്റെ അടുക്കളയില്‍ ലൈവായി വാറ്റുന്ന തിരക്കിലായിരുന്നു സിനോ. വീടിന്റെ കുളിമുറിയില്‍ സൂക്ഷിച്ചിരുന്ന 200 ലിറ്ററിന്റെ ബാരലില്‍ നിറയെ വാഷും സംഘം കണ്ടെത്തി.
പാലാ എക്‌സൈസ് റെയ്ഞ്ച് ഓഫീസിലെ ഷാഡോ സംഘം ദിവസങ്ങളായി സിനോയെ നിരീക്ഷിച്ചു വരികയായിരുന്നു ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തില്‍ കള്ളവാറ്റ് നടക്കാന്‍ സാധ്യത കണക്കിലെടുത്ത് എക്‌സൈസ് സംഘം റേഞ്ച് പരിധിയില്‍ നീരീക്ഷണം വ്യാപകമാക്കിയിരുന്നു.