ഹര്‍ജിക്കിടെ സിനിമാപാട്ടു പാടി ; കോടതിയലക്ഷ്യക്കുറ്റം ചുമത്തി കോടതി
ബോളിവുഡ് നടി ജൂഹി ചൗള 5ജി സാങ്കേതിക വിദ്യ ഇന്ത്യയില്‍ ഉടന്‍ നടപ്പാക്കരുത് എന്നാവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി പരിഗണിക്കുന്നതിനിടെ നാടകീയ രംഗങ്ങള്‍. കേസിന്റെ വിര്‍ച്വല്‍ ഹിയറിങ്ങിനിടെ ഒരു ആരാധകന്‍ തുടര്‍ച്ചയായി നടിയുടെ സിനിമയിലെ പാട്ടു പാടിയതാണ് പ്രശ്നങ്ങള്‍ക്ക് തുടക്കമിട്ടത്. ഹിയറിങ്ങിന്റെ തുടക്കത്തില്‍ തന്നെ ഏതോ സന്ദര്‍ശകന്‍ ‘ജൂഹി മാഡം എവിടെ എനിക്ക് കാണാന്‍ ആകുന്നില്ലല്ലോ’ എന്ന് ചോദിച്ചു കൊണ്ടിരുന്നു. പിന്നീട് ഇവര്‍ അഭിനയിച്ച സിനിമയിലെ ഗാനങ്ങള്‍ ഹിയറിങ്ങിനിടെ കേള്‍ക്കുകയായിരുന്നു. കേസ് പരിഗണിച്ച ജെആര്‍ മിധ തുടക്കത്തില്‍ ഇദ്ദേഹത്തെ മ്യൂട്ട് ചെയ്യാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ പിന്നീടും അണ്‍മ്യൂട്ട് ചെയ്ത് ഇയാള്‍ പാട്ടുപാടി. ഇതോടെ കോടതി ഇയാള്‍ക്കെതിരെ കോടതിയലക്ഷ്യക്കുറ്റം ചുമത്തി കേസെടുക്കാന്‍ ആവശ്യപ്പെടുകയായിരുന്നു.
ഇയാള്‍ ആരാണെന്ന് കണ്ടെത്തി കോടതിയലക്ഷ്യ നോട്ടീസ് നല്‍കണം. ഡല്‍ഹി പൊലീസിന്റെ ഐടി സെല്ലുമായി ബന്ധപ്പെടൂ. ഞങ്ങള്‍ നോട്ടീസ് ഇഷ്യൂ ചെയ്യാം’ – ജസ്റ്റിസ് മിധ പറഞ്ഞു. നേരത്തെ, തന്റെ കേസ് കോടതി പരിഗണിക്കുന്നുണ്ട് എന്നും ഹിയറിങ്ങില്‍ വിര്‍ച്വലായി പങ്കെടുക്കണമെന്നും ആവശ്യപ്പെട്ട് ജൂഹി ചൗള സാമൂഹിക മാധ്യമങ്ങളില്‍ കുറിപ്പിട്ടിരുന്നു. ഇന്‍സ്റ്റഗ്രാമില്‍ ഹിയറിങ്ങിന്റെ ലിങ്കും നല്‍കിയിരുന്നു. സാങ്കേതിക വിദ്യയ്ക്ക് എതിരല്ലെന്നും എന്നാല്‍ പരിസ്ഥിതിക്ക് 5ജി സാങ്കേതിക വിദ്യ ഉണ്ടാക്കുന്ന പ്രശ്നങ്ങള്‍ പരിഹരിക്കേണ്ടത് പ്രധാനമാണ് എന്നും ഹര്‍ജിയില്‍ അവര്‍ പറയുന്നു.
സാങ്കേതിക വിദ്യ അപകടകരവും ജനങ്ങളുടെ ആരോഗ്യത്തിനും സുരക്ഷയ്ക്കും ഹാനികരമാണ് എന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു. മൊബൈല്‍ ബ്രോഡ്ബാന്‍ഡ് നെറ്റ്വര്‍ക്കുകളിലെ ഏറ്റവും നൂതനമായ സേവനമാണ് 5 ജി. പ്രധാനമായും ലോ, മിഡ്, ഹൈ-ഫ്രീക്വന്‍സി എന്നിങ്ങനെ മൂന്ന് ബാന്‍ഡുകളിലാണ് 5 ജി പ്രവര്‍ത്തിക്കുന്നത്. മികച്ച നെറ്റ് വര്‍ക്ക് വേഗതയും കരുത്തും പ്രയോജനപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ 2018-ല്‍ തന്നെ ഇന്ത്യ 5 ജി സേവനങ്ങള്‍ എത്രയും വേഗം ആരംഭിക്കാന്‍ പദ്ധതിയിട്ടിരുന്നു. എന്നാല്‍ ഇതുവരെ സേവനങ്ങള്‍ ലഭ്യമായിത്തുടങ്ങിയിട്ടില്ല.