പിന്തുണച്ചിട്ടും മന്ത്രിക്ക് പുല്ലുവിലയെന്ന് കുഞ്ഞാലിക്കുട്ടി ; ആരോഗ്യമന്ത്രി ഈഗോ വെടിയണം എന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍
കോവിഡ് പ്രതിരോധ വിഷയത്തില്‍ നിയമസഭയില്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജും പ്രതിപക്ഷവും നേര്‍ക്കുനേര്‍. കോവിഡ് രണ്ടാം തരംഗം നിയമസഭയില്‍ ചര്‍ച്ച ചെയ്യണമെന്ന എം കെ മുനീറിന്റെ അടിയന്തര പ്രമേയ നോട്ടീസിന് മന്ത്രി മറുപടി നല്‍കവേയായിരുന്നു ബഹളം. കോവിഡ് മരണം കുറച്ച് കാണിക്കുന്നുവെന്ന് പറയുന്നത് വാസ്തവ വിരുദ്ധമാണെന്ന് വീണാ ജോര്‍ജ് പറഞ്ഞു. ലോകാരോഗ്യ സംഘടനയുടെ മാനദണ്ഡ പ്രകാരമാണ് കോവിഡ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. കോവിഡ് രണ്ടാം തരംഗം ഏപ്രില്‍ മാസം പകുതിയോടെയാണ് ആരംഭിച്ചത്. മരണ നിരക്ക് കുറയ്ക്കാനാണ് പരമാവധി ശ്രമിച്ചത്. ആരോഗ്യ സംവിധാനങ്ങള്‍ കൂട്ടാനാണ് ശ്രമിച്ചത്.
ആരോഗ്യ പ്രവര്‍ത്തകരുടെ ശ്രമങ്ങള്‍ ഇകഴ്ത്തി കാണിക്കാന്‍ പ്രതിപക്ഷം ശ്രമിക്കരുതെന്ന് മന്ത്രി ആവശ്യപ്പെട്ടു. ഇതോടെയാണ് പ്രതിപക്ഷം ബഹളം തുടങ്ങിയത്. ആരോഗ്യ പ്രവര്‍ത്തകരെ പ്രതിപക്ഷം ഇകഴ്ത്തി എന്ന വാക്ക് മന്ത്രി പിന്‍വലിക്കണമെന്നും അങ്ങനെ പറഞ്ഞിട്ടില്ലെന്നും പ്രതിപക്ഷ നേതാക്കള്‍ പ്രതികരിച്ചു. കോവിഡ് പ്രതിരോധത്തിന് പ്രതിപക്ഷ പിന്തുണ ഉണ്ടാകുമെന്നും ചില പോരായ്മകള്‍ ചൂണ്ടിക്കാണിക്കുമ്പോള്‍ മറ്റൊരു തരത്തില്‍ കാണരുതെന്നും എം കെ മുനീര്‍ പറഞ്ഞു. കോവിഡ് പ്രവര്‍ത്തനത്തെ തുരങ്കം വെയ്ക്കാനാണെന്ന് പറയരുതെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. എം കെ മുനീര്‍ ഡോക്ടര്‍ എന്ന നിലയില്‍ കൂടിയാണ് സംസാരിച്ചതെന്ന് പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. സര്‍ക്കാരിന് പിന്തുണ നല്‍കിയിട്ടും മന്ത്രിക്ക് പുല്ലുവില. ജനങ്ങളെ കരുതി പ്രതിപക്ഷം സഹകരിക്കുമെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.
ഇത് വളരെ ഖേദകരമാണ്. ബഹുമാനപ്പെട്ട മുനീര്‍ ഒരു ഡോക്ടര്‍ എന്ന നിലയില്‍ ലോകത്തുള്ള വിവിധ കോവിഡ് വകഭേദങ്ങളെ കുറിച്ചും ഓക്‌സിജന്‍ കിട്ടിതിരിക്കുമ്പോഴുള്ള ബുദ്ധിമുട്ടിനെ കുറിച്ചും വളരെ ഹൃദയസ്പൃക്കായി പ്രൊഫഷണലായി അവതരിപ്പിക്കുകയാണ് ചെയ്തത്. ബാക്കി മുഴുവന്‍ അദ്ദേഹം പറഞ്ഞത് സഹകരണത്തെ കുറിച്ചാണ്. ഒരു വാക്കൌട്ട് പോലുമില്ലാതെ സര്‍ക്കാരിന് പൂര്‍ണ പിന്തുണ കൊടുത്തു. ആ സ്പിരിറ്റിലാണ് അവതരിപ്പിച്ചത്. പക്ഷേ മന്ത്രിക്ക് പുല്ലുവില. ഒരു സഹകരണവും വേണ്ട. ഇങ്ങനെയുണ്ടോ ഇടപാട്? അടിയന്തര പ്രമേയം അവതരിപ്പിച്ചത് മന്ത്രിയും മറുപടി പറഞ്ഞത് മുനീറുമാണ് എന്ന് തോന്നും കേട്ടാല്‍. ജനങ്ങളെ കരുതിയാണ് നിങ്ങളെ കരുതിയല്ല സഹകരിക്കുന്നത്’.
അതേസമയം പ്രതിപക്ഷം ചൂണ്ടിക്കാട്ടുന്ന വിമര്‍ശനങ്ങളോട് ആരോഗ്യമന്ത്രി വീണ ജോര്‍ജ് സഹിഷ്ണുതയും പക്വതയും കാണിക്കണമെന്ന് യൂത്ത് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തില്‍. ഈഗോ വെടിഞ്ഞാല്‍ പ്രതിപക്ഷം ഒപ്പം നില്‍ക്കുമെന്നും ഒന്നിച്ച് കോവിഡ് മഹാമാരിയെ നേരിടാമെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. ‘ഈ സര്‍ക്കാരിന് കോവിഡ് പ്രതിരോധങ്ങള്‍ക്ക് ഉപാധികളില്ലാത്ത പിന്തുണ പ്രഖ്യാപിച്ച പ്രതിപക്ഷത്തെ പിന്നെയും വെല്ലുവിളിക്കരുത്. കേരളത്തിന്റെ നിയമസഭയ്ക്ക് ക്രിയാത്മകമായ ചര്‍ച്ചകളുടെ ഒരു വലിയ പാരമ്പര്യവും, പൈതൃകവുമുണ്ട്. ആ ചര്‍ച്ചകളെ ഉള്‍ക്കൊള്ളുവാന്‍ തയ്യാറാകാത്ത മനസ്സ് നല്ലതല്ല’ രാഹുല്‍ പറഞ്ഞു.