നേതാക്കള്‍ക്കെതിരെ ഒരു കോടി രൂപയുടെ മാനനഷ്ട കേസ് നല്‍കി സി.കെ ജാനു

കൈക്കൂലി വിവാദത്തില്‍ ജെ. ആര്‍.പി നേതാക്കള്‍ക്കെതിരെ ഒരു കോടി രൂപയുടെ നഷ്ടപരിഹാര കേസ് നല്‍കി സി.കെ ജാനു. സുല്‍ത്താന്‍ ബത്തേരിയിലെ എന്‍.ഡി.എ സീറ്റുമായി ബന്ധപ്പെട്ട് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്റെ കൈയില്‍ നിന്നും 10 ലക്ഷം രൂപ വാങ്ങി എന്ന ആരോപണത്തെ തുടര്‍ന്നാണ് മാനനഷ്ടകേസ് നല്‍കിയത്. ജെ.ആര്‍.പി സംസ്ഥാന സെക്രട്ടറി പ്രകാശന്‍ മൊറാഴ, ട്രഷറര്‍ പ്രസീത എന്നിവര്‍ക്കെതിരെയാണ് കേസ്.തനിക്ക് വര്‍ധിച്ചു വരുന്ന ജന പിന്തുണയിലും, രാഷ്ട്രീയ പിന്തുണയിലും വിറളി പൂണ്ടവരാണ് കഴിഞ്ഞ മൂന്ന് ആഴ്ചയായി സമൂഹ, ദൃശ്യ, അച്ചടി മാധ്യമങ്ങള്‍ വഴി ആരോപണങ്ങള്‍ ഉന്നയിക്കുന്നത്. പ്രകാശന്‍ മൊറാഴ ജെ.ആര്‍.പിയുടെ സംസ്ഥാന സെക്രട്ടറി അല്ല, ലെറ്റര്‍ പാഡും, സീലും വ്യാജമായി നിര്‍മിച്ചുണ്ടാക്കി തനിക്കെതിരെ ഉപയോഗിക്കുകയിരുന്നു തുടങ്ങിയവയാണ് പ്രസീതയ്ക്കും, പ്രകാശന്‍ മൊറാഴയ്ക്കുമയച്ച വക്കീല്‍ നോട്ടിസില്‍ ആരോപിക്കുന്നത്.

കെ. സുരേന്ദ്രനില്‍ നിന്ന് പണം കൈപറ്റിയെന്ന ആരോപണം നിഷേധിച്ച് സി.കെ. ജാനു നേരത്തെ രംഗത്ത് എത്തിയിരുന്നു. എന്‍.ഡി.എ, സ്ഥാനാര്‍ഥിയായി മത്സരിക്കാന്‍ തിരുവനന്തപുരത്തുവെച്ച് ജാനു സുരേന്ദ്രനില്‍നിന്ന് 10ലക്ഷം രൂപ വാങ്ങിയെന്നാണ് ആരോപണം. സി.കെ. ജാനുവിന്റെ പാര്‍ട്ടിയായ ജനാധിപത്യ രാഷ്ട്രീയ പാര്‍ട്ടിയുടെ സംസ്ഥാന ട്രഷററായ പ്രസീതയാണ് ആരോപണവുമായി രംഗത്തെത്തിയത്. മാര്‍ച്ച് ഏഴിന് തിരുവനന്തപുരത്തെ ഹോട്ടലില്‍വെച്ചാണ് പണം കൈമാറ്റം നടത്തിയതെന്നും പ്രസീത ആരോപിച്ചിരുന്നു. തെളിവിനായി പ്രസീതയും സുരേന്ദ്രനും പണമിടപാടിനെക്കുറിച്ച് സൂചിപ്പിക്കുന്ന ഫോണ്‍ സംഭാഷണവും പുറത്തുവിട്ടിരുന്നു.