മകന്റെ മരുന്ന് വാങ്ങാന്‍ പിതാവ് സൈക്കിള്‍ ചവിട്ടിയത് മുന്നൂറു കിലോമീറ്റര്‍
മൈസൂരു ജില്ലയിലെ ടി. നരസിപുര താലൂക്കിലെ ഗനിഗന കൊപ്പാലു ഗ്രാമമത്തിലെ ആനന്ദ് എന്ന 45കാരനാണ് മകന്റെ മരുന്ന് മുടങ്ങാതിരിക്കാന്‍ ബംഗുളുരുവിലേക്കും തിരിച്ചും സൈക്കിളില്‍ യാത്ര ചെയ്തത്. ലോക്ക് ഡൗണിനെതുടര്‍ന്ന് ബസ് സര്‍വീസുണ്ടായിരുന്നില്ല. വാഹനം വിളിച്ചു വരാന്‍ ആനന്ദിന്റെ കൈയില്‍ പണവും ഉണ്ടായിരുന്നില്ല. എന്നാല്‍, രണ്ടു ദിവസത്തിനുള്ളില്‍ ഭിന്നശേഷിക്കാരനായ പത്തു വയസുള്ള മകന്‍ ബൈരേഷിന്റെ മരുന്ന് തീരും. ബംഗളൂരുവിലെ നിംഹാന്‍സില്‍ നിന്നു ഈ മരുന്ന് സൗജന്യമായിട്ടാണ് ലഭിക്കുന്നത്.
പണം കൊടുത്തു വാങ്ങാന്‍ ഉള്ള സാഹചര്യം ഇല്ലാത്തതിനാല്‍ മറ്റൊന്നും ആലോചിക്കാതെ ഞായറാഴ്ച രാവിലെ ആനന്ദ് സൈക്കിളില്‍ ബംഗളൂരുവിലേക്ക് പുറപ്പെട്ടു. രാത്രി ബംഗളൂരുവിലെത്തിയ ആനന്ദ് ക്ഷേത്ര പരിസരത്ത് ഉറങ്ങി. തിങ്കളാഴ്ച നിംഹാന്‍സില്‍ നിന്ന് മരുന്ന് വാങ്ങി ചൊവ്വാഴ്ചയോടെ തിരിച്ച് ഗ്രാമത്തിലെത്തി. രണ്ടു ഭാഗത്തേക്കുമായി മഴയത്തും വെയിലത്തുമായി 300 കിലോമീറ്ററാണ് ആനന്ദ് സൈക്കിള്‍ ചവിട്ടിയത്. ‘മകന്‍ 18 വയസ്സ് തികയുന്നത് വരെ മരുന്ന് കൃത്യമായി കഴിച്ചാല്‍ മറ്റേതൊരു വ്യക്തിയെപ്പോലെയും ഒരു സാധാരണ ജീവിതം നയിക്കാന്‍ കഴിയുമെന്ന് ഡോക്ടര്‍മാര്‍ ഉറപ്പ് നല്‍കിയിരുന്നു. അതിനാല്‍ രണ്ടാമതൊന്ന് ആലോചിക്കാതെ ഈ ദൗത്യം ഏറ്റെടുക്കാന്‍ ഞാന്‍ തീരുമാനിച്ചു എന്നാണ് വിവരം അറിഞ്ഞു എത്തിയ മാധ്യമ പ്രവര്‍ത്തകരോട് ‘, ആനന്ദ് പറഞ്ഞത്.
കടുത്ത വെയിലേറ്റായിരുന്നു സൈക്കിള്‍ യാത്ര മാത്രമല്ല, കനത്തമഴയെത്തുടര്‍ന്ന് പൂര്‍ണ്ണമായും നനഞ്ഞു. ജില്ലാ അതിര്‍ത്തി കടക്കുമ്പോഴെല്ലാം പോലീസിനെ അഭിമുഖീകരിക്കേണ്ടിവന്നു, ഭക്ഷണം വാങ്ങാന്‍ കയ്യില്‍ പണമില്ലാതെ പട്ടിണി കിടക്കേണ്ടി വന്നു. ആശാരിപണിയും ഫാമിലെ കൃഷിപണിയും എടുത്താണ് ആനന്ദ് കുടുംബം പുലര്‍ത്തിയിരുന്നത്. ലോക്ക് ഡൗണിനെതുടര്‍ന്ന് പണിയില്ലാതായി. വാഹനത്തില്‍ പോയി മരുന്ന് വാങ്ങാന്‍ പലരെയും സമീപിച്ചെങ്കിലും ആരും സഹായിച്ചില്ല എന്നും ആനന്ദ് പറയുന്നു.