ആത്മഹത്യ ചെയ്ത ആണ്‍കുട്ടിയുടെ മൃതദേഹം കൊണ്ട് പെണ്‍കുട്ടിയെ വിവാഹം കഴിപ്പിച്ചു
വിവാഹം നടക്കാത്തതിന്റെ പേരില്‍ ആത്മഹത്യ ചെയ്ത ആണ്‍കുട്ടിയുടെ മൃതദേഹം കൊണ്ട് പെണ്‍കുട്ടിയുടെ നെറ്റിയില്‍ സിന്ദൂരം ചാര്‍ത്തി വിവാഹം നടത്തി. പശ്ചിമബംഗാളിലെ ബര്‍ദമാനിലാണ് സംഭവം. ആണ്‍കുട്ടിയുടെ വീട്ടുകാര്‍ ആണ് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ നെറ്റിയില്‍ നിര്‍ബന്ധപൂര്‍വം സിന്ദൂരം ചാര്‍ത്തിയത്. വ്യത്യസ്ത ജാതിയിലുള്ള ആണ്‍കുട്ടിയും പെണ്‍കുട്ടിയും പ്രണയത്തിലായിരുന്നു. ഇരുവരും വിവാഹം കഴിക്കാന്‍ ആഗ്രഹിച്ചിരുന്നു. എന്നാല്‍ പെണ്‍കുട്ടിയുടെ അമ്മ പ്രായപൂര്‍ത്തിയായില്ലെന്ന് ചൂണ്ടിക്കാട്ടി വിവാഹത്തിന് എതിര്‍ത്തിരുന്നു. ഇതിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തിനൊടുവിലാണ് ആണ്‍കുട്ടി ആത്മഹത്യ ചെയ്തത്.
ആണ്‍കുട്ടി ആത്മഹത്യ ചെയ്തതറിഞ്ഞെത്തിയ പൊലീസ് മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് അയച്ചു. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതേദഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കിയതിന് പിന്നാലെയാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. മൃതദേഹവുമായി ബന്ധുക്കളും അയല്‍വാസികളും പെണ്‍കുട്ടിയുടെ വീട്ടിലെത്തി. ആണ്‍കുട്ടി ആത്മഹത്യ ചെയ്യുമെന്ന കാര്യം പെണ്‍കുട്ടിക്ക് നേരത്തേ അറിയാമായിരുന്നുവെന്നും എന്നാല്‍ രക്ഷിക്കാന്‍ ഒന്നും ചെയ്തില്ലെന്നുമായിരുന്നു ബന്ധുക്കളുടെ ആരോപണം. മരിക്കുന്നതിന് മുമ്പ് താന്‍ മറിക്കാന്‍ പോകുന്നു എന്ന് കാട്ടി കാമുകിക്ക് ആണ്‍കുട്ടി ഫോട്ടോ അയച്ചുകൊടുത്തിരുന്നതായും ബന്ധുക്കള്‍ പറയുന്നു.
പെണ്‍കുട്ടിയേയും അമ്മയേയും ബന്ധുക്കളും അയല്‍വാസികളും ചേര്‍ന്നുള്ള ആള്‍ക്കൂട്ടം ശാരീരികമായി ആക്രമിക്കുകയായിരുന്നു. പെണ്‍കുട്ടിക്ക് കാമുകന്റെ അമ്മയുടെ നമ്പര്‍ അറിയാമായിരുന്നിട്ടും വിവരം അറിയിച്ച് ആത്മഹത്യ തടയാന്‍ ശ്രമിച്ചില്ലെന്നാരോപിച്ചായിരുന്നു മര്‍ദനം. ഇതിനുപിന്നാലെ മൃതദേഹത്തിനരികിലേക്ക് പെണ്‍കുട്ടിയെ വലിച്ചിഴച്ച് മൃതദേഹത്തിന്റെ കൈകൊണ്ട് നെറ്റിയില്‍ സിന്ദൂരം ചാര്‍ത്തിക്കുകയായിരുന്നു.