ഏറ്റവും മോശം ഭാഷ കന്നടയെന്ന് ഗൂഗിള്‍ ; എതിര്‍പ്പുമായി കര്‍ണാടക

ഇന്ത്യയിലെ ഏറ്റവും മോശം ഭാഷയേതെന്ന ചോദ്യത്തിന് കന്നടയെന്ന് ഉത്തരം നല്‍കി പുലിവാല് പിടിച്ചിരിക്കുകയാണ് ഗൂഗിള്‍. ഒരു വെബ്‌സൈറ്റ് രേഖപ്പെടുത്തിയ വിവരമാണ് ഗൂഗിള്‍ നല്‍കിയിരുന്നത്. ഇതേതുടര്‍ന്ന് ഈ വെബ്‌സൈറ്റ് ആളുകള്‍ റിപ്പോര്‍ട്ട് ചെയ്തു. വ്യാപക വിമര്‍ശനം ഉയര്‍ന്നതോടെ ഇന്നു വൈകിട്ട് ഗൂഗിള്‍ വെബ്‌സൈറ്റില്‍ നിന്നെടുത്ത ഉത്തരം നീക്കം ചെയ്യുകയും ചെയ്തു. എന്നാല്‍, ഇതിനോടകം ഗൂഗിള്‍ നല്‍കിയ ഉത്തരത്തിന്റെ സ്‌ക്രീന്‍ഷോര്‍ട്ട് ഉള്‍പ്പെടെ പങ്കുവെച്ചുകൊണ്ട് കന്നടിഗര്‍ രംഗത്തുവരികയായിരുന്നു.

ഗൂഗിളിന്റെ ഉത്തരത്തിനെതിരെ ട്വിറ്ററിലൂടെ വ്യാപക പ്രതിഷേധം ഉയര്‍ന്നതോടെ വിഷയത്തെ നിയമപരമായി നേരിടാനൊരുങ്ങുകയാണ് കര്‍ണാടക സര്‍ക്കാര്‍. സംഭവത്തില്‍ വിശദീകരണം ആവശ്യപ്പെട്ട് ഗൂഗിള്‍ അധികൃതര്‍ക്ക് നോട്ടീസ് അയക്കുമെന്ന് കന്നട സാംസ്‌കാരിക മന്ത്രി അരവിന്ദ് ലിംബാവലി പറഞ്ഞു. കന്നട ഭാഷയ്ക്ക് അതി?ന്റേതായ ചരിത്രമുണ്ടെന്നും 2,500ലധികം വര്‍ഷത്തിന്റെ പഴക്കമുണ്ടെന്നും കന്നടിഗരുടെ അഭിമാനമാണെന്നും മന്ത്രി ട്വീറ്റ് ചെയ്തു. ഇന്ത്യയിലെ ഏറ്റവും മോശമായ ഭാഷയായി കന്നടയെ ചിത്രീകരിക്കുന്നതിലൂടെ കന്നടിഗരുടെ അഭിമാനത്തെ അവഹേളിക്കുകയാണ് ഗൂഗിള്‍ ചെയ്യുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഭാഷകള്‍ക്കെതിരായ ഇത്തരം വിദ്വേഷം നേരത്തെ തന്നെ നിയന്ത്രിക്കാന്‍ ഗൂഗിളിന് കഴിയില്ലെയെന്നും ഇത്തരം തെറ്റുകള്‍ ഒരിക്കലും സ്വീകാര്യമല്ലെന്നും മുന്‍ മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി ട്വീറ്റ് ചെയ്തു. സംഭവത്തില്‍ ഗൂഗിള്‍ മാപ്പുപറയണമെന്നാണ് ബംഗളൂരു സെന്‍ട്രലില്‍നിന്നുള്ള ലോക്‌സഭാംഗം പി.സി. മോഹന്‍ ആവശ്യപ്പെട്ടത്. സോഷ്യല്‍ മീഡിയയിലും ശക്തമായ എതിര്‍പ്പാണ് ഉയര്‍ന്നു വരുന്നത്.