പറ്റിച്ചിട്ടു പോയ കാമുകന്റെ വീട്ടിലേക്ക് ബാന്‍ഡ് മേളവുമായി യുവതി

മുന്‍ കാമുകന്റെ വീട്ടില്‍ ബാന്‍ഡ് മേളവുമായി യുവതി. ഉത്തര്‍പ്രദേശിലെ ഗോരഖ്പൂരിലാണ് സംഭവം. വീടിന് മുന്നില്‍ എത്തി ബഹളം വെച്ച യുവതിയെ പിന്നീട് പൊലീസ് എത്തി തിരിച്ച് അയയ്ക്കുകയായിരുന്നു. കുടുംബാംഗങ്ങള്‍ക്ക് ഒപ്പമാണ് ബാന്‍ഡ് മേളക്കാരുടെ അകമ്പടിയോടെ യുവതി മുന്കാമുകന്റെ വീട്ടില്‍ എത്തിയത്. കാമുകന്‍ മറ്റൊരാളെ വിവാഹം കഴിക്കാന്‍ ഒരുങ്ങുന്നുവെന്ന് അറിഞ്ഞ് ആണ് യുവതി എത്തിയത്. ഇയാള്‍ സൈന്യത്തിലാണ് ജോലി ചെയ്യുന്നത്. മണിക്കൂറുകളോളം വീടിനു മുന്നില്‍ സമയം ചെലവഴിച്ച ഇവര്‍ ബഹളമുണ്ടാക്കി കൊണ്ടിരുന്നു. താനുമായുള്ള വിവാഹം നടത്തിയില്ല എങ്കില്‍ വീടിന് മുന്നില്‍ സ്വയം ആത്മഹത്യ ചെയ്യുമെന്നും യുവതി ഭീഷണിപ്പെടുത്തി. തുടര്‍ന്നാണ് പൊലീസ് സ്ഥലത്ത് എത്തിയത്. യുവതിയുമായും കുടുംബാംഗങ്ങളുമായും സംസാരിച്ച പൊലീസ് ഇവരെ തിരികെ പറഞ്ഞ് വിടുകയായിരുന്നു.

രണ്ടു വര്‍ഷം മുമ്പ് തന്റെ അമ്മായിയുടെ വീട്ടില്‍ വച്ചാണ് കാമുകനായ സന്ദീപ് മൗര്യയെ ആദ്യമായി കണ്ടത് എന്ന് യുവതി പറയുന്നു. പിന്നീട് ഇരുവരും ഇഷ്ടത്തിലായി. വിവാഹം കഴിക്കാം എന്ന വാഗ്ദാനം നല്‍കി ശാരീരിക ബന്ധത്തിന് സന്ദീപ് നിര്‍ബന്ധിച്ചിരുന്നു എന്നും യുവതി ആരോപിക്കുന്നു. ഇതിനിടെ സന്ദീപിന് സൈന്യത്തില്‍ ജോലി ലഭിക്കുകയും പരിശീലനത്തിനായി പോവുകയും ചെയ്തു. ഈ സമയത്തും സന്ദീപ് വീട്ടില്‍ എത്തി യുവതിയെ കാണാറുണ്ടായിരുന്നു. എന്നാല്‍, സൈന്യത്തില്‍ ജോലി ലഭിച്ച ശേഷം വിവാഹം കഴിക്കാന്‍ സന്ദീപ് വിസമ്മതിച്ചു എന്നാണ് യുവതിയുടെ അരോപണം. സന്ദീപ് വീട്ടില്‍ പലപ്പോഴായി എത്താറുണ്ടെന്നും രക്ഷിതാക്കളോട് വിവാഹ കാര്യം സംസാരിച്ചതിനെ തുടര്‍ന്ന് ഇത് ഇവര്‍ അംഗീകരിക്കുകയും ചെയ്തിരുന്നതായി ബന്ധുക്കളും യുവതിയുടെ സഹോദരിയും ഉറപ്പിച്ച് പറയുന്നു. എന്നാല്‍, സൈന്യത്തില്‍ ജോലി ഉറപ്പിച്ചതോടെ വിവാഹത്തില്‍ നിന്നും സന്ദീപ് പിന്മാറുകയാണ് ഉണ്ടായത് എന്നും ഇവര്‍ കൂട്ടിച്ചേര്‍ത്തു.

യുവതിയുടെ പരാതിയെ തുടര്‍ന്ന് ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ വിവിധ വകുപ്പുകള്‍ പ്രകാരം സന്ദീപിനെതിരെ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. വിഷയം നിലവില്‍ കോടതിയുടെ പരിഗണനയിലാണ്. കോടതി പരാതി തീര്‍പ്പാക്കാത്ത സാഹചര്യത്തില്‍ സന്ദീപിന് മറ്റൊരാളെ വിവാഹം കഴിക്കാനാകില്ലെന്നും സൈന്യത്തില്‍ ജോലി പോലും ചെയ്യാനാകില്ലെന്നും കുടുംബം പറയുന്നു. എത്രയും പെട്ടെന്ന് സന്ദീപിനെ അറസ്റ്റ് ചെയ്യണം എന്നാണ് ഇവരുടെ ആവശ്യം.