KSRTC കേരളത്തിന് വിട്ട് നല്‍കില്ല ; നിയമ പോരാട്ടം തുടരുമെന്ന് കര്‍ണാടക

കെഎസ്ആര്‍ടിസി വിഷയത്തില്‍ എതിര്‍പ്പുമായി കര്‍ണാടക ഗതാഗത വകുപ്പ് രംഗത്തെത്ത. ചുരുക്കപ്പേരിന്റെ ട്രേഡ് മാര്‍ക്ക് കേരളത്തിന് ലഭിച്ചെന്ന അറിയിപ്പ് വന്നതിന് പിന്നാലെ ഇത് സംബന്ധിച്ച ഒരു അറിയിപ്പും ലഭിച്ചിട്ടില്ലെന്നും കേരളത്തില്‍ നിന്ന് നോട്ടീസ് ലഭിച്ചാല്‍ നിയമനടപടിയുമായി മുന്നോട്ട് പോകുമെന്നും കര്‍ണാടക അറിയിച്ചു. എന്നാല്‍ പരസ്യ തര്‍ക്കത്തിന് ഇല്ലെന്നും, ഓണ്‍ലൈന്‍ ബുക്കിംഗിന് ‘കെഎസ്ആര്‍ടിസി ഡൊമെയിന്‍’ വിട്ട് നല്‍കില്ലെന്നും കെഎസ്ആര്‍ടിസി എംഡിയും അറിയിച്ചു

വര്‍ഷങ്ങള്‍ നീണ്ട തര്‍ക്കത്തിനൊടുവില്‍ കഴിഞ്ഞ ദിവസമാണ് കെഎസ്ആര്‍ടിസി ചുരുക്കപ്പേര് ട്രേഡ് മാര്‍ക്ക് കേരളത്തിന് അനുവദിച്ചതായി അറിയിപ്പ് വന്നത്. എന്നാല്‍ ഇത് അംഗീകരിക്കില്ലെന്ന നിലപാടിലാണ് കര്‍ണാടക സ്റ്റേറ്റ് റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷന്‍. തങ്ങള്‍ക്ക് ട്രേഡ് മാര്‍ക്ക് സംബന്ധിച്ച് അറിയിപ്പുകള്‍ ലഭിച്ചില്ല. കേരളത്തിന്റെ നോട്ടീസ് ലഭിച്ചാല്‍ ഉചിതമായ മറുപടി നല്‍കും. പേര് നിലനിര്‍ത്താന്‍ നിയമ നടപടി തുടരുമെന്നും കര്‍ണാടക റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷന്‍ അറിയിച്ചു. എന്നാല്‍ പരസ്യ തര്‍ക്കത്തിന് ഇല്ലെന്നാണ് കേരളത്തിന്റെ നിലപാട്. ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിംഗില്‍ കെഎസ്ആര്‍ടിസി എന്ന ഡൊമയിന്‍ കര്‍ണാടകയുടെ കൈവശമാണ് ഉള്ളത്. ഇത് ടിക്കറ്റ് നഷ്ടമാകുന്നതിന് കാരണമാകുന്നുണ്ട്. അതിനാല്‍ ഡൊമെയിന്‍ വിട്ട് നല്‍കില്ല. ഈ സാഹചര്യത്തിലാണ് ksrtc.in, ksrtc.org, ksrtc.com എന്നിവയുടെ ഉടമസ്ഥാവകാശം ഇപ്പോഴത്തെ രജിസ്ട്രാര്‍ ഓഫ് ട്രേഡ്മാര്‍ക്ക്‌സിന്റെ ഉത്തരവ് വെച്ച് കെഎസ്ആര്‍ടിസിക്ക് തന്നെ വേണമെന്ന ആവശ്യത്തില്‍ ഉറച്ച് നില്‍ക്കുമെന്നും കെഎസ്ആര്‍ടിസി എംഡി അറിയിച്ചു.