തേയ്ച്ച കാമുകിയുടെ കല്യാണത്തിന് പെണ്‍വേഷത്തില്‍ മുന്‍ കാമുകന്‍
തന്നെ തേയ്ച്ചിട്ട് പോയ കാമുകിയുടെ കല്യാണ ദിവസം അവള്‍ക്ക് പണി കൊടുക്കാന്‍ എത്തി പണി വാങ്ങി കൂട്ടി മുന്‍ കാമുകന്‍. ഉത്തര്‍പ്രദേശിലെ ബദോഹിയില്‍ ആണ് യുവാവ് മുന്‍കാമുകിക്ക് വിവാഹദിവസം വധുവിന്റെ വേഷത്തിലെത്തി പണികൊടുക്കാന്‍ നോക്കിയത് . എന്നാല്‍, കാമുകിക്ക് ‘സര്‍പ്രൈസ്’ നല്‍കാനുള്ള നീക്കം ആദ്യമേ പാളി. സംശയം തോന്നിയ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ യുവാവിനെ കൈയോടെ പിടികൂടി. തുടര്‍ന്ന് ചോദ്യം ചെയ്തപ്പോഴാണ് നാട്ടുകാര്‍ കാര്യം അറിയുന്നത്. ചുവന്ന സാരിയുടുത്തായിരുന്നു യുവാവ് വിവാഹവേദിയിലെത്തിയത്.
കൂടുതല്‍ ചമയത്തിനായി വളയും മാലയും വാനിറ്റി ബാഗും മറ്റ് ആഭരണങ്ങളുമെല്ലാം അണിഞ്ഞിരുന്നു. വിവാഹമുഹൂര്‍ത്തത്തിനു തൊട്ടുമുന്‍പായിരുന്നു വരവ്. പതുക്കെ മുഖം മറച്ച് കാമുകിയുടെ മുറിയിലേക്ക് കടയ്ക്കാനുള്ള ശ്രമത്തിനിടെ പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ സംശയം തോന്നി ഇയാളെ പിന്തുടര്‍ന്നത്. തട്ടിപ്പാണെന്ന് തിരിച്ചറിഞ്ഞതോടെ സ്ഥലത്ത് ഓടിക്കൂടിയ ബന്ധുക്കള്‍ ചേര്‍ന്ന് യുവാവിനെ നന്നായി പെരുമാറി. പൊലീസില്‍ വിളിച്ചു പരാതി അറിയിച്ചു. എന്നാല്‍, രംഗം കൂടുതല്‍ വഷളാകുന്നതിനുമുന്‍പ് തന്നെ യുവാവ് സുഹൃത്തുക്കള്‍ക്കൊപ്പം സ്ഥലം കാലിയാക്കി.