കായല്‍ മാലിന്യം വൃത്തിയാക്കല്‍ ജീവിത ചര്യയാക്കിയ രാജപ്പനെ തേടി അന്താരാഷ്ട്ര പുരസ്‌കാരം
വേമ്പനാട് കായലില്‍ നിന്ന് പ്ലാസ്റ്റിക്ക് മാലിന്യ വസ്തുക്കള്‍ നീക്കം ചെയ്ത കോട്ടയം കുമരകം സ്വദേശി എന്‍.എസ്. രാജപ്പനെ തേടി തായ്വാന്‍ സര്‍ക്കാരിന്റെ ആദരം. ജന്മനാ ഇരുകാലുകള്‍ക്കും ശേഷിയില്ലാത്ത രാജപ്പന്‍ വേമ്പനാട്ട് കായലില്‍ വലിച്ചെറിയുന്ന കുപ്പി പെറുക്കിയാണ് ഉപജീവനം നടത്തുന്നത്. തായ്വാന്റെ ദി സുപ്രീം മാസ്റ്റര്‍ ചിങ് ഹായ് ഇന്റര്‍നാഷണലിന്റെ വേള്‍ഡ് പ്രൊട്ടക്ഷന്‍ അവാര്‍ഡാണ് രാജപ്പന് ലഭിച്ചത്. പ്രശംസാ ഫലകവും 10000 ഡോളര്‍(ഏകദേശം 730081 രൂപ) അടങ്ങുന്നതാണ് പുരസ്‌കാരം. സമൂഹ മാധ്യമങ്ങളിലൂടെയാണ്, കായലില്‍ വലിച്ചെറിയുന്ന കുപ്പികള്‍ പെറുക്കി ഉപജീവനം നടത്തുന്ന രാജപ്പനെ ലോകം അറിയുന്നത്. പ്രതികൂല സാഹചര്യങ്ങളെ അതിജീവിച്ചുള്ള രാജപ്പന്റെ സേവനം ജനങ്ങളെ പ്രചോദിപ്പിക്കുന്നതാണെന്നു തയ്വാനില്‍ നിന്നു ലഭിച്ച പ്രശംസാപത്രത്തില്‍ പറയുന്നു.
അതേസമയം പ്രകൃതി സംരക്ഷണത്തിലൂടെ കേരളത്തിന്റെ അഭിമാനമായി മാറിയ എന്‍. എസ്. രാജപ്പന് അഭിനന്ദനമറിയിച്ച് മന്ത്രി സജി ചെറിയാന്റെ ഫേസ്ബുക്ക് പോസ്റ്റ്. ശാരീരിക ബുദ്ധിമുട്ടുകളുണ്ടായിട്ടു പോലും പല പ്രതികൂല സാഹചര്യങ്ങളെ അതിജീവിച്ചു കൊണ്ട് പ്രകൃതിയും ഭൂമിയും സംരക്ഷിക്കുന്നതിന് ശ്രീ. എന്‍. എസ് രാജപ്പന്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരവും പ്രചോദനകരവുമാണെന്ന് സജി ചെറിയാന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.