ബജറ്റ് വെറും രാഷ്ട്രീയ പ്രസംഗം മാത്രമായെന്ന് പ്രതിപക്ഷം

രാഷ്ട്രീയ പ്രസംഗം കുത്തിനിറച്ച ബജറ്റാണ് ധനമന്ത്രി അവതരിപ്പിച്ചതെന്ന ആരോപണം ഉന്നയിച്ചു പ്രതിപക്ഷം. പുത്തരിക്കണ്ടം മൈതാനത്ത് പ്രസംഗിക്കേണ്ടത് ബജറ്റില്‍ പറഞ്ഞു. സാമ്പത്തിക കാര്യങ്ങളില്‍ അവ്യക്തതയെന്നും പ്രതിപക്ഷനേതാവ് വി.ഡി.സതീശന്‍ ആരോപിച്ചു. ധനസ്ഥിതി പറയേണ്ട ബജറ്റില്‍ രാഷ്ട്രീയം പറഞ്ഞ് പവിത്രത നശിപ്പിച്ചു. ഭരണഘടന അനുസരിച്ച് ആനുവല്‍ ഫിനാന്‍ഷ്യല്‍ സ്റ്റേറ്റ്‌മെന്റാണ് ബജറ്റ്. എന്നാല്‍ ഇത് രാഷ്ട്രീയ പ്രസംഗമായിരുന്നു എന്നാണ് വിമര്‍ശനം.

സംസ്ഥാന ബജറ്റ് നിരാശാജനകമെന്ന് എന്‍.കെ.പ്രേമചന്ദ്രന്‍ എംപിയും ആരോപിച്ചു. പൊതുധനസ്ഥിതിയെക്കുറിച്ച് ഒന്നും ബജറ്റില്‍ പറഞ്ഞില്ലെന്നാണ് വിമര്‍ശനം.മുന്‍ ധനമന്ത്രി തോമസ് ഐസക് പ്രഖ്യാപിച്ച പദ്ധതികളില്‍ പലതിനും തുടര്‍ച്ചയില്ലാതായി. കോവിഡ് മൂന്നാം തരംഗം നേരിടാനുള്ള പദ്ധതികള്‍ വിഭാവനം ചെയ്യുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു. ബജറ്റ് വെറും രാഷ്ട്രീയ പ്രസംഗം മാത്രമായി എന്നും പ്രേമചന്ദ്രന്‍ വിമര്‍ശിച്ചു. പ്രതിപക്ഷത്തില്‍ നിന്നും മൊത്തത്തില്‍ ഇത്തരത്തിലൊരു വിമര്‍ശനം തന്നെയാണ് ഉയര്‍ന്നത്.

അതുപോലെ ബജറ്റ് നിരാശജനകമെന്നായിരുന്നു വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ പ്രതികരണം. വ്യാപാരികള്‍ക്ക് വേണ്ടി ഒരു പദ്ധതിയുമില്ല എന്നാണിവര്‍ പറയുന്നത്. രണ്ടാം പിണറായി സര്‍ക്കാരിന്റെ ആദ്യ ബജറ്റാണ് ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍ ഇന്ന് അവതരിപ്പിച്ചത്. ഒരു മണിക്കൂറോളം നീണ്ട ബജറ്റ് അവതരണത്തില്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ഊന്നല്‍ നല്‍കിയുള്ള പ്രഖ്യാപനങ്ങളാണ് ഉണ്ടായത്.

കോവിഡ് പശ്ചാത്തലത്തില്‍ അവതരിപ്പിച്ച ബജറ്റില്‍ ആരോഗ്യമേഖലയ്ക്ക് പ്രത്യേക കരുതല്‍ നല്‍കി ആയിരുന്നു കെ എന്‍ ബാലഗോപാലിന്റെ കന്നി ബജറ്റ്. 20,000 കോടി രൂപയുടെ രണ്ടാം കോവിഡ് പാക്കേജ്ബജറ്റില്‍ വകയിരുത്തി. മൂന്നാം തരംഗത്തിനെ നേരിടാന്‍ ആരോഗ്യ സംവിധാനം ശക്തിപ്പെടുത്തമെന്ന് ബജറ്റില്‍ വ്യക്തമാക്കിയ മന്ത്രി പകര്‍ച്ചവ്യാധികള്‍ ചികിത്സിക്കാന്‍ മെഡിക്കല്‍ കൊളേജുകളില്‍ ഐസൊലേഷന്‍ ബ്ലോക്ക് സ്ഥാപിക്കുമെന്നും അറിയിച്ചു.