രാജ്യത്ത് ഏറ്റവും വിലക്കുറവുള്ള വാക്സിനായി കോര്‍ബെവാക്സ്

കോര്‍ബെവാക്സ് രാജ്യത്തെ ഏറ്റവും ചെലവു കുറഞ്ഞ വാക്സിനായിരിക്കുമെന്ന് റിപ്പോര്‍ട്ട്. ഇതിന്റെ രണ്ടു ഡോസിനും കൂടി 400 രൂപയാകും ചെലവ് എന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇക്കാര്യത്തില്‍ അന്തിമ തീരുമാനം കൈക്കൊണ്ടിട്ടില്ല. സിറം ഇന്‍സ്റ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ കോവിഷീല്‍ഡ് വാക്സിന് ഡോസ് ഒന്നിന് 300-400 രൂപയാണ് വില. സ്വകാര്യ ആശുപത്രികളില്‍ 600 രൂപ മുതലാണ് ഒരു ഡോസിന് ഈടാക്കുന്നത്. ഭാരത് ബയോടെകിന്റെ കോവാക്സിന് 400 രൂപയും റഷ്യന്‍വാക്സിനായ സ്പുട്നികിന് 995 രൂപയുമാണ് ഒരു ഡോസിന്റെ ചെലവ്. ജിഎസ്ടി അടക്കം രണ്ടായിരം രൂപയാണ് രണ്ടു ഡോസ് സ്പുട്‌നിക് വാക്‌സിന്റെ ചെലവ്.

ക്ലിനിക്കല്‍ പരീക്ഷണത്തിന്റെ മൂന്നാംഘട്ടത്തിലുള്ള വാക്സിന്റെ 30 കോടി ഡോസ് കേന്ദ്ര ആരോഗ്യമന്ത്രാലയം കഴിഞ്ഞ ദിവസം ബുക്കു ചെയ്തിരുന്നു. ഇതിനായി 1500 കോടി രൂപയാണ് സര്‍ക്കാര്‍ ഹൈദരാബാദ് ആസ്ഥാനമായ കമ്പനിക്ക് നല്‍കിയിട്ടുള്ളത്. നൂറു കോടിയുടെ തിരിച്ചടവില്ലാത്ത വായ്പയും നല്‍കിയിരുന്നു. ഒന്നും രണ്ടും ഘട്ട ചികില്‍സാ പരീക്ഷണങ്ങളില്‍ മികച്ച ഫലങ്ങള്‍ കാണിച്ചതിന് ശേഷം ബയോളജിക്കല്‍-ഇയുടെ കോവിഡ് വാക്‌സിന്‍ നിലവില്‍ മൂന്നാം ഘട്ട പരീക്ഷണത്തിലാണ്. വാക്‌സിന്‍ ഒരു ആര്‍ബിഡി പ്രോട്ടീന്‍ ഉപഘടക വാക്സിനാണ്. കോവിഡ് വാക്‌സിന്‍ സംംബന്ധിച്ച ദേശീയ വിദഗ്ധ സമിതി (എന്‍ഇജിവിഎസി) മതിയായ പരിശോധനകള്‍ക്കു ശേഷമാണ് ബയോളജിക്കല്‍-ഇയുടെ നിര്‍ദ്ദേശം അംഗീകാരത്തിനായി കേന്ദ്ര ഗവണ്‍മെന്റിനു ശുപാര്‍ശ ചെയ്യുകയും ചെയ്തത്.

രാജ്യത്ത് തദ്ദേശീയമായി വികസിപ്പിക്കുന്ന രണ്ടാമത്തെ വാക്‌സിനാണ് ബയോളജിക്കല്‍ ഇയുടേത്. ഭാരത് ബയോടെകിന്റെ കൊവാക്‌സിനാണ് ആദ്യത്തേത്. ആഗസ്റ്റ്-ഡിസംബര്‍ മാസങ്ങള്‍ക്കുള്ളില്‍ ഡോസുകള്‍ ലഭ്യമാകും എന്നാണ് ആരോഗ്യ മന്ത്രാലയം പറയുന്നത്. കേന്ദ്രത്തിന്റെ ജൈവസാങ്കേതിക വിദ്യാവകുപ്പ് ബയോളജിക്കല്‍ ഇയുമായി പരീക്ഷണങ്ങളില്‍ സഹകരിക്കുന്നുണ്ട്. ജോണ്‍സണ്‍ ആന്റ് ജോണ്‍സണിന്റെ വാക്സിന്‍ ഇന്ത്യയില്‍ ഉത്പാദിപ്പിക്കാനും കമ്പനി കരാറില്‍ എത്തിയിട്ടുണ്ട്. വര്‍ഷം 60 കോടി ഡോസാകും ഉത്പാദിപ്പിക്കുക. കേന്ദ്രസര്‍ക്കാറിന്റെ വാക്‌സിനേഷന്‍ നയത്തിനെതിരെ രാജ്യവ്യാപകമായി വിമര്‍ശം ഉയരുന്നതിനിടെയാണ് കൂടുതല്‍ ഡോസുകള്‍ക്ക് സര്‍ക്കാര്‍ മുന്‍കൂര്‍ പണം നല്‍കുന്നത്. കഴിഞ്ഞ ദിവസം സുപ്രിംകോടതിയും വാക്‌സിന്‍ നയത്തെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. തങ്ങള്‍ മൂകസാക്ഷിയായിരിക്കില്ല എന്നായിരുന്നു കോടതിയുടെ മുന്നറിയിപ്പ്.