കുഴല്‍ പണക്കേസില്‍ സി പി എം പ്രവര്‍ത്തകനും കസ്റ്റഡിയില്‍
കൊടകര കുഴല്‍പ്പണ കേസില്‍ സിപിഐഎം പ്രവര്‍ത്തകനെയും അന്വേഷണ സംഘം ചോദ്യം ചെയ്യുന്നു. കൊടുങ്ങല്ലൂര്‍ സ്വദേശി റിജിലിനെയാണ് തൃശൂര്‍ പൊലീസ് ക്ലബിലേക്ക് വിളിച്ചുവരുത്തി ചോദ്യം ചെയ്യുന്നത്. കവര്‍ച്ചാപണം റിജില്‍ കൈപ്പറ്റിയെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. കേസിലെ പ്രതി ദീപകില്‍ നിന്ന് മൂന്ന് ലക്ഷത്തോളം രൂപ റെജില്‍ കൈപ്പറ്റിയെന്നാണ് അന്വേഷണ സംഘത്തിന് ലഭിച്ചിരിക്കുന്ന വിവരം. കുഴല്‍പ്പണം കവര്‍ച്ച ചെയ്ത ശേഷം രക്ഷപ്പെട്ട പ്രതികള്‍ സഹായം തേടിയെത്തിയത് രജിന്റെ അടുത്താണെന്ന് അന്വേഷണസംഘം കണ്ടെത്തിയിരുന്നു. കള്ളപ്പണക്കവര്‍ച്ചാകേസിലെ മുഖ്യപ്രതിയായ രഞ്ജിത്തുമായി രജിന് അടുത്ത സൗഹൃദമുണ്ടായിരുന്നുവെന്നാണ് വിവരം.
കവര്‍ച്ചയ്ക്ക് ശേഷമുള്ള അടുത്ത നീക്കങ്ങള്‍ രജിനുമായാണ് രഞ്ജിത്ത് ആലോചിച്ചത്. രജിന്‍ ചെയ്ത സഹായങ്ങള്‍ക്ക് പകരം രഞ്ജിത്ത് മൂന്നരലക്ഷം രൂപ ഇയാള്‍ക്ക് നല്‍കുകയും ചെയ്തു. ബിജെപി പ്രവര്‍ത്തകരായ സത്യേഷിനേയും പ്രമോദിനേയും കൊന്ന കേസിലെ പ്രതി കൂടിയാണ് രജിന്‍. അതേസമയം ബി ജെ പി നേതാക്കള്‍ അന്വേഷണം നേരിടുന്ന കേസില്‍ സി പി എം പ്രവര്‍ത്തകനെ ചോദ്യം ചെയ്യുന്നത് സര്‍ക്കാരിനേയും സി പി എമ്മിനേയും പ്രതിരോധത്തിലാക്കിയേക്കും. കുഴല്‍പ്പണം കവര്‍ച്ച ചെയ്ത ശേഷം രക്ഷപ്പെട്ട പ്രതികള്‍ സഹായം തേടിയെത്തിയത് രജിന്റെയടുത്താണെന്ന് അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്.
നേരത്തെ കേസില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്റെ സെക്രട്ടറി ദിപിനെ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ അന്വേഷണ സംഘം നോട്ടീസ് നല്‍കിയിരുന്നു. കേസിലെ പരാതിക്കാരനായ ധര്‍മരാജനെ ഫോണില്‍ വിളിച്ച ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസിലെ ജീവനക്കാരന്‍ മിഥുനെ ഇന്നലെ ചോദ്യം ചെയ്തിരുന്നു. സുരേന്ദ്രന്‍ മത്സരിച്ച കോന്നിയില്‍ നിന്നും അന്വേഷണ സംഘം വിവരങ്ങള്‍ ശേഖരിച്ചതായാണ് വിവരം. ഇവിടെ സുരേന്ദ്രന്‍ അടക്കമുള്ള ബിജെപി നേതാക്കള്‍ താമസിച്ചിരുന്ന ഹോട്ടലില്‍ നിന്നുള്ള വിവരങ്ങളാണ് ശേഖരിച്ചത്.ബിജെപി നേതാക്കള്‍ സംശയ നിഴലിലുള്ള കൊടകര കുഴല്‍പ്പണ കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് അന്വേഷണം ഇല്ലാത്തത് വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചിരുന്നു. രേഖാമൂലം പരാതി കിട്ടിയിട്ടും മറ്റ് കേസുകളില്‍ കാണിക്കുന്ന താല്‍പ്പര്യം കൊടകരയില്‍ കാണിക്കുന്നില്ലെന്നായിരുന്നു പ്രധാന ആരോപണം.