മോഹന്‍ഭാഗവതിന്റെ ബ്ലൂ ടിക് നീക്കം ചെയ്ത് ട്വിറ്റര്‍ ; ട്വിറ്ററിനെതിരെ സംഘ്പരിവാര്‍ കാംപയിന്‍
ആര്‍എസ്എസ് അധ്യക്ഷന്‍ മോഹന്‍ ഭാഗവതിന്റെ ട്വിറ്റര്‍ അക്കൗണ്ടിലെ നീല ടിക്ക് പിന്‍വലിച്ചു ട്വിറ്റര്‍. 20.76 ലക്ഷം ഫോളോവേഴ്സുള്ള ട്വിറ്റര്‍ ഹാന്‍ഡ്ലിന്റെ വെരിഫൈഡ് ബ്ലൂ ടിക് ആണ് ട്വിറ്റര്‍ ഒഴിവാക്കിയത്. ഭാഗവതിന്റേതിന് പുറമേ ഉപരാഷ്ട്രപതി എം വെങ്കയ്യ നായിഡു , സുരേഷ് ജോഷി, അരുണ്‍ കുമാര്‍, കൃഷ്ണ ഗോപാല്‍ എന്നീ ആര്‍എസ്എസ് നേതാക്കളുടെ ബ്ലൂ ടിക്കും നീക്കം ചെയ്തിട്ടുണ്ട്. അതിനിടെ, ഉപരാഷ്ട്രപതിയുടെ പേഴ്സണല്‍ ഹാന്‍ഡിലിലെ ബ്ലൂ ടിക് പിന്നീട് പുനഃസ്ഥാപിച്ചു. സജീവമല്ലാത്തതു മൂലമാണ് ടിക് ഒഴിവാക്കിയത് എന്നാണ് ട്വിറ്ററിന്റെ വിശദീകരണം.
കഴിഞ്ഞ വര്‍ഷം ജൂലൈ 23നാണ് ഹാന്‍ഡില്‍ അവസാനമായി ട്വീറ്റ് ചെയ്തത് എന്നും കമ്പനി ചൂണ്ടിക്കാട്ടി. 13 ലക്ഷം പേരാണ് ഹാന്‍ഡ്ല്‍ പിന്തുടരുന്നത്. ട്വിറ്ററിന്റെ നടപടിക്കെതിരെ ബിജെപി രംഗത്തെത്തിയിരുന്നു. ഇന്ത്യന്‍ ഭരണഘടനയ്ക്ക് എതിരായ ആക്രമണമാണ് ട്വിറ്ററിന്റേത് എന്നാണ് ബിജെപി മുംബൈ വക്താവ് സുരേഷ് നഖുവ പ്രതികരിച്ചിരുന്നത്. അതേസമയം ബ്ലൂ ടിക് ഒഴിവാക്കിയതിനു പിറകെ ട്വിറ്ററിനെതിരെ കാംപയിനുമായി സംഘ്പരിവാര്‍. ബ്ലൂ ടിക്കിനു പകരമായി ദേശീയപതാകയെ സൂചിപ്പിച്ച് #TirangaTick ഹാഷ്ടാഗുമായാണ് ട്വിറ്ററില്‍ തന്നെ സംഘ്പരിവാര്‍ പ്രവര്‍ത്തകര്‍ പ്രതിഷേധമറിയിക്കുന്നത്. ബ്ലൂ ടിക്കിനെ ഇന്ത്യക്കാര്‍ക്ക് ആവശ്യമില്ലെന്നും നമുക്ക് മൂവര്‍ണക്കൊടിയുടെ ടിക്കുണ്ടെന്നുമാണ് സംഘ്പരിവാറിന്റെ കാംപയിന്‍. ഇതിന്റെ ഭാഗമായി ബ്ലൂ ടിക്കിനു ബദലായി പ്രൊഫൈലില്‍ ദേശീയപതാക ചേര്‍ത്താണ് ഇവര്‍ പ്രതിഷേധിക്കുന്നത്. ബ്ലൂ ടിക്കിനു പകരം തിരംഗ ടിക്ക് കൊണ്ടുവരണമെന്നാണ് ദേശീയവാദികള്‍ക്ക് ട്വിറ്റര്‍ ഇന്ത്യയോട് ആവശ്യപ്പെടാനുള്ളതെന്ന് ട്വീറ്റില്‍ ആവശ്യപ്പെടുന്നു.