സാനിറ്റൈസര്‍ നിര്‍മാണകേന്ദ്രത്തില്‍ തീപ്പിടിത്തം ; 14 മരണം

മഹാരാഷ്ട്രയിലെ പൂനെയില്‍ സാനിറ്റൈസര്‍ നിര്‍മാണകേന്ദ്രത്തില്‍ ഉണ്ടായ അഗ്‌നിബാധയില്‍ 14 തൊഴിലാളികള്‍ മരിച്ചു. നിരവധി പേരെ കാണാതായി. പൂനെയിലെ എസ്വിഎസ് അക്വാ ടെക്നോളജീസിന്റെ രാസനിര്‍മാണവ്യവസായശാലയിലാണ് സംഭവം. നിലവില്‍ സാനിറ്റൈസര്‍ ഉല്‍പാദനം നടക്കുന്ന കേന്ദ്രത്തില്‍ വൈകീട്ടാണ് വന്‍ തീപ്പിടിത്തമുണ്ടായത്. സംഭവം അറിഞ്ഞയുടന്‍ ആറ് ഫയര്‍ എന്‍ജിനുകളടക്കം അഗ്‌നിശമന സേനയും രക്ഷാപ്രവര്‍ത്തകരുമെത്തി തീ നിയന്ത്രണവിധേയമാക്കിയിട്ടുണ്ട്. സംഭവസമയത്ത് 37 തൊഴിലാളികള്‍ വ്യവസായശാലയ്ക്കകത്തുണ്ടായിരുന്നതായി അധികൃതര്‍ പറയുന്നു. 20 പേരെ രക്ഷിച്ചിട്ടുണ്ട്. 14 പേരുടെ മൃതദേഹങ്ങള്‍ സംഭവസ്ഥലത്തുനിന്ന് കണ്ടെത്തി. ഏതാനും പേരെ കാണാതായിട്ടുണ്ട്. ഇവര്‍ക്കുവേണ്ടിയുള്ള തിരച്ചില്‍ തുടരുകയാണ്.