ശൂന്യാകാശം തൊടാന്‍ ലോക കോടീശ്വരന്‍ ; ബഹിരാകാശയാത്ര അടുത്ത മാസം

ലോകത്തെ ഏറ്റവും വലിയ ബിസിനസ് സാമ്രാജ്യം തന്നെ ‘പണയംവച്ച്’ ഒരു സാഹസികയാത്രയ്ക്കൊരുങ്ങുകയാണ് ലോക കോടീശ്വരന്‍ ജെഫ് ബെസോസ്. അടുത്ത മാസമാണ് ആമസോണ്‍ സിഇഒയുടെ ബഹിരാകാശയാത്ര നിശ്ചയിച്ചിരിക്കുന്നത്. ഇളയ സഹോദരന്‍ മാര്‍ക്ക് ബെസോസും കൂട്ടിനുണ്ട്. ആമസോണിന്റെ കീഴിലുള്ള ബഹിരാകാശ പര്യവേക്ഷണ സാങ്കേതികവിദ്യാ നിര്‍മാതാക്കളായ ബ്ലൂ ഒറിജിനിന്റെ പേടകമായ ന്യൂ ഷെപാര്‍ഡിലായിരിക്കും ശതകോടീശ്വരന്റെ സ്വപ്നയാത്ര.

മനുഷ്യരെ വഹിച്ചുകൊണ്ടുള്ള ബ്ലൂ ഒറിജിന്റെ ആദ്യ ബഹിരാകാശയാത്ര കൂടിയാകുമിത്. അടുത്ത മാസം 20നാണ് യാത്ര നിശ്ചയിച്ചിരിക്കുന്നത്. അഞ്ചു വയസുള്ള നാള്‍തൊട്ടേ ബഹിരാകാശ യാത്രയെക്കുറിച്ച് സ്വപ്നം കണ്ടിരുന്നുവെന്നാണ് വിവരം അറിയിച്ചുകൊണ്ടുള്ള ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ ജെഫ് ബെസോസ് കുറിച്ചത്. ഏറ്റവും പ്രിയപ്പെട്ട സുഹൃത്തിനൊപ്പമുള്ള ഏറ്റവും വലിയ സാഹസികകൃത്യത്തിനാണ് ഒരുങ്ങുന്നതെന്നും ബെസോസ് യാത്രയെ വിശേഷിപ്പിക്കുന്നു. കാര്യങ്ങളെല്ലാം നിശ്ചയിച്ച പോലെ നടക്കുകയാണെങ്കില്‍ റോക്കറ്റ് യാത്ര നടത്തുന്ന ആദ്യത്തെ ബഹിരാകാശ സാങ്കേതികവിദ്യാ നിര്‍മാതാവ് കൂടിയാകും ജെഫ് ബെസോസ്. ബഹിരാകാശ ഭീമന്മാരായ സ്പേസ്എക്സിന്റെ ഇലണ്‍ മസ്‌ക് വരെ ഇതുവരെ റോക്കറ്റ് സാങ്കേതികവിദ്യ ഉപയോഗിച്ചുകൊണ്ടുള്ള യാത്ര നടത്തിയിട്ടില്ല.

ആറുവര്‍ഷത്തിലേറെ നീണ്ട അതീവ ശ്രമകരവും രഹസ്യവുമായ പരീക്ഷണങ്ങള്‍ക്കൊടുവിലാണ് ബ്ലൂ ഒറിജിനിന്റെ ന്യൂഷെപാര്‍ഡ് പേടകവും റോക്കറ്റും മനുഷ്യനെ വഹിച്ചുകൊണ്ടുള്ള ബഹിരാകയാത്രയ്ക്ക് സജ്ജമായിരിക്കുന്നത്. 59 അടി ഉയരമുള്ള റോക്കറ്റിലാണ് ആറു സീറ്റുള്ള പേടകം ബഹിരാകാശത്തേക്ക് വിക്ഷേപിക്കുക. റോക്കറ്റില്‍നിന്ന് ബന്ധം വിച്ഛേദിച്ച ശേഷം ഭൂമിയില്‍നിന്ന് 60 മൈല്‍(ഏകദേശം 96 കി.മീറ്റര്‍) അകലെ വരെ പറന്ന് ബഹിരാകാശത്തിന്റെ തൊട്ടടുത്തുവരെയെത്തും ബെസോസിനെയും വഹിച്ചുകൊണ്ട് പറക്കുന്ന പേടകമെന്ന് ബ്ലൂ ഒറിജിന്‍ പറയുന്നു. ബഹികാരാശ ടൂറിസം ആരംഭിക്കുമെന്ന് അടുത്തിടെയാണ് ബ്ലൂ ഒറിജിന്‍ പ്രഖ്യാപിച്ചത്. ബഹിരാകാശ വിനോദയാത്രയ്ക്കായുള്ള ടിക്കറ്റ് വില്‍പനയും ആരംഭിച്ചിരുന്നു. ഇതിന്റെ ഭാഗമായി നടന്നുകൊണ്ടിരിക്കുന്ന ലേലത്തിലെ വിജയിക്ക് ബെസോസിനും സഹോദരനുമൊപ്പം യാത്ര ചെയ്യാനാകും. ബ്രിട്ടീഷ് ശതകോടീശ്വരനും ബഹിരാകാശ സാങ്കേതികവിദ്യാ കമ്പനിയായ വിര്‍ജിന്‍ ഗലാക്ടിക്കിന്റെ ഉടമ റിച്ചാര്‍ഡ് ബ്രാന്‍സണും നേരത്തെ തന്നെ ബഹിരാകാശ യാത്ര പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ഈ വര്‍ഷം അവസാനത്തിലേ അതു നടക്കൂ.