കാട്ടാക്കടയില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ പൊലീസ് മര്‍ദ്ദിച്ച സംഭവം ; ബാലാവകാശ കമ്മീഷന്‍ ഇടപെട്ടു

തിരുവനന്തപുരം കാട്ടാക്കടയില്‍ വിദ്യാര്‍ത്ഥികളെ പൊലീസ് മര്‍ദ്ദിച്ച സംഭവത്തില്‍ ബാലാവകാശ കമ്മീഷന്‍ ഇടപെടല്‍. ബാലാവകാശ കമ്മീഷന്‍ ചെയര്‍മാന്‍ മനോജ് കുമാര്‍ സംഭവ സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി. കുട്ടികളെ മര്‍ദിച്ച പൊലീസ് ഉദ്യോഗസ്ഥരെ വിളിച്ചു വരുത്തി കമ്മീഷന്‍ ശാസിച്ചു. വിശദമായ അന്വേഷണം നടത്തുമെന്നും ബാലാവകാശ കമ്മീഷന്‍ അറിയിച്ചു. ഇന്നലെ വൈകീട്ടാണ് തിരുവനന്തപുരം കാട്ടാക്കടയില്‍ വിദ്യാര്‍ഥികളെ പൊലീസ് ക്രൂരമായി മര്‍ദിച്ചത്. അഞ്ചുതെങ്ങുമൂട് യോഗീശ്വര ക്ഷേത്രത്തിന്റെ വളപ്പില്‍ ഇരുന്ന പ്ലസ് വണ്‍ വിദ്യാര്‍ത്ഥികളായ നാല് കുട്ടികളെയാണ് മര്‍ദ്ദിച്ചത്. പഠിക്കാന്‍ ഇരുന്നപ്പോളാണ് തല്ലിയതെന്ന് വിദ്യാര്‍ത്ഥികള്‍ പറയുന്നു.

രണ്ടു ജീപ്പിലെത്തിയ പൊലീസ് വിദ്യാര്‍ത്ഥികളെ പിടികൂടുകയായിരുന്നു.കുട്ടികളുടെ ശരീരത്തില്‍ അടിയേറ്റ് പാടുകള്‍ നിരവധിയുണ്ട്. കേബിള്‍ വയറുപയോഗിച്ചും തല്ലിയെന്നാണ് പരാതി. തടയാന്‍ ശ്രമിച്ച മാതാപിതാക്കളെ ചീത്തവിളിച്ചെന്നും,അവരുടെ മുന്നിലിട്ട് മര്‍ദിച്ചെന്നും പരാതിയുണ്ട്.സ്റ്റേഷനില്‍ കൊണ്ട് പോയ വിദ്യാര്‍ത്ഥികളെ വൈകിട്ടോടെയാണ് വിട്ടയച്ചത്. ലഹരി ഉപയോഗിക്കുന്നുവെന്ന് വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് സ്ഥലത്തെത്തിയതെന്നും പൊലീസിനെ കണ്ടതോടെ വിദ്യാര്‍ത്ഥികള്‍ ഓടിയതിനാലാണ് ബാലപ്രയോഗം വേണ്ടി വന്നതെന്നുമാണ് പൊലീസിന്റെ വിശദീകരണം.എന്നാല്‍ സംഭവം വാര്‍ത്തയായതോടെ കേസ് ഒതുക്കി തീര്‍ക്കാന്‍ ആണ് പോലീസ് ശ്രമം. കുട്ടികളുടെ മാതാപിതാക്കളെ വിളിച്ചു ഉന്നത ഉദ്യോഗസ്ഥര്‍ക്കു പരാതി നല്‍കുന്നത് ഒഴിവാക്കാന്‍ കാട്ടാക്കട പോലീസ് ഇടപെട്ടുവെന്നും ആക്ഷേപമുണ്ട്.