ക്ലബ്ഹൗസില്‍ വാചാലരാകുന്നവര്‍ സ്‌ക്രീന്‍ റെക്കോര്‍ഡിങ് സൂക്ഷിക്കുക

ക്ലബ്ഹൗസ് എന്ന ട്രെന്‍ഡിങ് ആപ്പിന് പിന്നാലെയാണ് മലയാളികള്‍ ഇപ്പോള്‍. ക്ലബ് ഹൌസ് വന്നതിനു ശേഷം വാട്‌സാപ്പ് ഫേസ്ബുക്ക് എന്നിവിടങ്ങളില്‍ ഇപ്പോള്‍ ആള്‍ക്കൂട്ടം കുറവാണ്. ക്ലബ് ഹൗസില്‍ എന്തും വെട്ടിത്തുറന്നു പറയുക എന്നതാണ് പലരുടെയും ഇപ്പോള്‍ ഉള്ള വിനോദം. എന്നാല്‍ ഈ തുറന്നു പറച്ചില്‍ നിങ്ങളെ വെട്ടിലാക്കിയേക്കാം. ഓഡിയോ റൂമുകളിലെ നിങ്ങളുടെ ഇടപെടലും പങ്കാളിത്തവും മറ്റൊരാള്‍ സ്‌ക്രീന്‍ റെക്കോര്‍ഡ് ഓപ്ഷനിലൂടെ റെക്കോര്‍ഡ് ചെയ്ത് മറ്റു പ്ലാറ്റുഫോമുകളില്‍ പോസ്റ്റ് പോസ്റ്റ് ചെയ്യുന്നു എന്നതാണ് ഇപ്പോള്‍ വരുന്ന റിപ്പോര്‍ട്ട്. ഓരോ റൂമിലും സംസാരിക്കുന്ന സ്പീക്കര്‍മാരുടെ അനുമതിയില്ലാതെ റെക്കോര്‍ഡ് ചെയ്യരുതെന്നാണ് ക്ലബ്ഹൗസ് ചട്ടമെങ്കിലും പലരും പാലിക്കാറില്ല.

കഴിഞ്ഞ ദിവസങ്ങളില്‍ സ്ത്രീകളുടെ വിഷയങ്ങള്‍ ചര്‍ച്ച ചെയ്ത ക്ലബിഹൗസില്‍ പ്രത്യക്ഷപ്പെട്ട ചില റൂമുകളില്‍ എന്ത് നടക്കുന്നുവെന്ന് അറിയാന്‍ കയറിയവര്‍ പോലും വെട്ടിലായി. റൂമില്‍ സ്പീക്കര്‍ അല്ലെങ്കില്‍ പോലും സ്‌ക്രീന്‍ റെക്കോര്‍ഡ് ഓപ്ഷനിലൂടെ ആ റൂമില്‍ മുഴുവന്‍ പേരുടെയും പ്രൊഫൈല്‍ ചിത്രങ്ങള്‍ ഈ വിഡിയോയില്‍ പതിഞ്ഞിരുന്നു. ഈ വീഡിയോ യൂട്യുബിലും വാട്‌സാപ്പിലും പ്രചരിക്കപ്പെടുന്നുണ്ട്. സഭ്യമല്ലാത്ത സംഭാഷണങ്ങള്‍ക്കൊപ്പം ചുമ്മാ റൂമില്‍ കയറിയവരുടെ ചിത്രങ്ങളും പ്രൊഫൈലുകളും വിഡിയോയില്‍ കാണിക്കുന്നത് തെറ്റിദ്ധാരണയ്ക്ക് കാരണമാകുന്നു. അതേസമയം കേസ് അന്വേഷണം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ക്കായി ക്ലബ്ഹൗസ് എല്ലാ റൂമുകളിലെയും സംഭാഷണം റെക്കോര്‍ഡ് ചെയ്യാറുണ്ട്. റൂം ആക്റ്റീവ് ആയിരിക്കുന്ന സമയത്ത് ആരെങ്കിലും എന്തെങ്കിലും പ്രശ്‌നം റിപ്പോര്‍ട്ട് ഓപ്ഷന്‍ വഴി ഉന്നയിച്ചാല്‍ ആ അന്വേഷണം തീരും വരെ സൂക്ഷിക്കും. അല്ലെങ്കില്‍ മീറ്റിംഗ് കഴിയുന്നയുടന്‍ ഡിലീറ്റ് ആകും.