കേരളത്തില്‍ കോണ്‍ഗ്രസിനെ ഇനി കെ. സുധാകരന്‍ നയിക്കും
കെ.പി.സി.സി പ്രസിഡന്റായി കെ.സുധാകരനെ തെരഞ്ഞെടുത്തു. കെ.പി.സി.സി പ്രസിഡന്റായി കെ. സുധാകരനെ നിയോഗിച്ച തീരുമാനം കേന്ദ്ര നേതാക്കള്‍ സംസ്ഥാന നേതൃത്വത്തെ അറിയിച്ചു. കെ. സുധാകരനെ രാഹുല്‍ ഗാന്ധി നേരിട്ട് വിളിച്ചാണ് തീരുമാനം അറിയിച്ചത്. ഇതുസംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകും. പരാജയത്തില്‍ നില്‍ക്കുന്ന പാര്‍ട്ടിക്ക് ഊര്‍ജ്ജം കണ്ടെത്താനാണ് പുതിയ അധ്യക്ഷനെ നിയമിക്കാന്‍ ഹൈക്കമാന്‍ഡ് തീരുമാനിച്ചത്. അധ്യക്ഷ സ്ഥാനത്തേക്ക് കെ മുരളീധരന്റെ പേരും സജീവ പരിഗണനയില്‍ ഉണ്ടായിരുന്നു.
കെ.പി.സി.സി അധ്യക്ഷനെ തെരഞ്ഞെടുക്കുന്നതുമായി ബന്ധപ്പെട്ട് ആഴ്ചകള്‍ നീണ്ട അനിശ്ചിത്വത്തിനാണ് ഇതോടെ അവസാനമാകുന്നത്. അധ്യക്ഷന്റെ കാര്യത്തില്‍ കേരളത്തിലെ നേതാക്കളുമായി താരിഖ് അന്‍വര്‍ ആശയവിനിമയം നടത്തിയിരുന്നു. ഇതില്‍ ഭൂരിപക്ഷം പേരും സുധാകരന്‍ അധ്യക്ഷനാവട്ടെയെന്ന നിലപാട് സ്വീകരിച്ചതായാണ് വിവരം.സംഘടനയെ ഒറ്റക്കെട്ടായി കൊണ്ടുപോകാന്‍ സുധാകരന് കഴിയുമെന്നായിരുന്നു പൊതുവെയുള്ള വിലയിരുത്തല്‍. ശക്തനായ നേതാവെന്ന പ്രതിച്ഛായയുമായി പിണറായി വിജയന്‍ രണ്ടാമൂഴത്തില്‍ ഭരണം നടത്തുമ്പോള്‍ സംസ്ഥാന കോണ്‍ഗ്രസിലെ ഏറ്റവും ശക്തനായ നേതാവിനെ തന്നെയാണ് കെ.പി.സി.സിയെ നയിക്കാന്‍ ഹൈക്കമാന്‍ഡ് നിയോഗിച്ചിരിക്കുന്നത്.
സംസ്ഥാന കോണ്‍ഗ്രസില്‍ ഏറ്റവും അധികം ജനസമ്മിതിയുള്ള നേതാക്കളില്‍ ഒരാളാണ് കെ.സുധാകരന്‍. കണ്ണൂര്‍ രാഷ്ട്രീയത്തില്‍ സി.പി.എമ്മുമായി എല്ലാ തരത്തിലും ഏറ്റുമുട്ടി തന്റേതായ ഇടമുണ്ടാക്കിയെടുത്ത നേതാവാണ് സുധാകരന്‍. ഏത് ഘട്ടത്തിലും അണികളുടെ വികാരം തിരിച്ചറിഞ്ഞ് ഒപ്പം നില്‍ക്കുമെന്ന ഉറപ്പും സുധാകരനെക്കുറിച്ച് പ്രവര്‍ത്തകര്‍ക്കുണ്ട്. 1948 മെയ് 11ന് കണ്ണൂര്‍ ജില്ലയിലെ എടക്കാടാണ് സുധാകരന്റെ ജനനം. കെ.എസ്.യു സംസ്ഥാന ജനറല്‍ സെക്രട്ടറി, നാഷണല്‍ സ്റ്റുഡന്‍സ് ഓര്‍ഗനൈസേഷന്‍ സംസ്ഥാന പ്രസിഡന്റ്, യൂത്ത് കോണ്‍ഗ്രസ് ഒ വിഭാഗം സംസ്ഥാന പ്രസിഡന്റ് തുടങ്ങിയ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്. 2018 മുതല്‍ കെ.പി.സി.സി വര്‍ക്കിങ് പ്രസിഡന്റാണ്.